കുറിച്ചി വളവില്‍ ഗതാഗത പരിഷ്കാരം

തലയോലപ്പറമ്പ്: നാലുവയസ്സുകാരന്‍ ശ്രീഹരിയുടെ മരണം അധികൃതരുടെ കണ്ണുതുറപ്പിച്ചു. കുറിച്ചി വളവിലെ അപകടങ്ങള്‍ കുറക്കാന്‍ നടപടിയായി. ഞായറാഴ്ച അമിതവേഗതയിലത്തെിയ ടൂറിസ്റ്റ് ബസ് ഇടിച്ചാണ് ഓട്ടോയില്‍ സഞ്ചരിച്ച കടുത്തുരുത്തി കിടങ്ങില്‍ ബിജുവിന്‍െറ മകന്‍ ശ്രീഹരി മരിച്ചത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ കെ. അജിത് എം.എല്‍.എയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്ത് ഹാളില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ഇതുവഴിയുള്ള അപകടങ്ങള്‍ കുറക്കാന്‍ നടപടിക്ക് തീരുമാനമായി. തലയോലപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇപ്പോഴത്തെ റോഡിലൂടെ കോട്ടയം ഭാഗത്തേക്കും കോട്ടയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കുറിച്ചി വളവില്‍നിന്ന് നേരെ പഴയ പി.ഡബ്ള്യു.ഡി റോഡ് വഴി കെഎസ്.ഇ.ബി ഓഫിസിന് സമീപം വന്ന് കയറാവുന്ന രീതിയിലും ഗതാഗതം ക്രമീകരിക്കും. തലപ്പാറ ഭാഗത്തുനിന്ന് കടുത്തുരുത്തി, കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് കുമരംകോട് റോഡ്, ഇല്ലിത്തൊണ്ട് റോഡ് എന്നിവ ബൈപാസായി ഉപയോഗിക്കാമെങ്കിലും അപകട സാധ്യത കണക്കിലെടുത്ത് വാഹനങ്ങള്‍ ഇതുവഴി തിരികെ പോകുന്നത് നിയന്ത്രിച്ച് തലപ്പാറവഴി പോകേണ്ട വാഹനങ്ങള്‍ പള്ളിക്കവല വഴി തിരിഞ്ഞുപോകാനും തീരുമാനമായി. കോട്ടയം റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ഇടറോഡുകളില്‍ ഹമ്പുകള്‍ സ്ഥാപിക്കും. കൂടാതെ, കെ.എസ്.ഇ.ബി ജങ്ഷനില്‍നിന്ന് പഴയ പി.ഡബ്ള്യു.ഡി റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും കുറിച്ചി വളവില്‍നിന്ന് ഇപ്പോഴത്തെ റോഡിലേക്ക് തിരിയുന്ന ഭാഗത്തും ‘നോ എന്‍ട്രി’ ബോര്‍ഡുകളും വളവുകളില്‍ സിഗ്നല്‍ ലൈറ്റുകളും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. പഴയ പി.ഡബ്ള്യു.ഡി റോഡ് വീതികൂട്ടി ടാര്‍ ചെയ്യാന്‍ പി.ഡബ്ള്യു.ഡിക്ക് നിര്‍ദേശം നല്‍കും. കെ.എസ്.ഇ.ബി ജങ്ഷനിലും കുറിച്ചി വളവിലും ഗതാഗതം ക്രമീകരിക്കാന്‍ പൊലീസിന്‍െറ സേവനം ഉറപ്പുവരുത്തും. റോഡിലെ അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കും. വളവുകള്‍ മാറ്റുന്നതിന് ഭൂമി ഏറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്തും. ശ്രീഹരിക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് യോഗം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്‍റ് സെലീനാമ്മ ജോര്‍ജ്, വൈസ് പ്രസിഡന്‍റ് ടി.എന്‍. സുരേന്ദ്രന്‍, ഫാര്‍മേഴ്സ് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്‍റ് എം.ജെ. ജോര്‍ജ്, ബ്ളോക് പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അഡീഷനല്‍ തഹസില്‍ദാര്‍ നാരായണന്‍ നായര്‍, ജോ. ആര്‍.ടി.ഒ സജിത്, അസി. എക്സി. എന്‍ജിനീയര്‍ സിന്ധു പോള്‍, അസി. എന്‍ജി. എസ്. ഗിരീഷ്, എസ്.ഐ രാജീവ്, വില്ളേജ് ഓഫിസര്‍ രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.