ടൈറ്റാനിയം കേസ്: തുടരന്വേഷണത്തിന് ഹൈകോടതി സ്റ്റേ

കൊച്ചി: ടൈറ്റാനിയം കേസിൽ വിജിലൻസിൻെറ തുടരന്വേഷണത്തിന് ഹൈകോടതി സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് ജസ്റ്റിസ് എബ്രഹാം മാത്യു തുടരന്വേഷണം സ്റ്റേ ചെയ്തത്. കേസിലെ രണ്ടാം പ്രതിയും ട്രാവൻകൂ൪ ടൈറ്റാനിയം പ്രോഡക്ട്സ്  മുൻ ചെയ൪മാനുമായ ടി. ബാലകൃഷ്ണൻ നൽകിയ ഹരജിയിലാണ് ഉത്തരവ്. ടൈറ്റാനിയം അഴിമതി കേസിൽ തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ആഗസ്റ്റ് 28ലെ ഉത്തരവ് ചോദ്യം ചെയ്താണ് ടി. ബാലകൃഷ്ണൻ ഹൈകോടതിയെ സമീപിച്ചത്.
തൻെറ വിശദീകരണം കേൾക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവെന്നാണ് ഹരജിയിലെ വാദം. നിലവിലെ അന്വേഷണത്തിൽ  അപാകതകളൊന്നുമുണ്ടായിട്ടില്ല. അന്വേഷണം സംബന്ധിച്ച വിജിലൻസിൻെറ പ്രാഥമിക റിപ്പോ൪ട്ടും കേസ് സംബന്ധിച്ച് രേഖകളും പരിഗണിക്കാതെയാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്. സ൪ക്കാ൪ ജീവനക്കാ൪ക്കെതിരെ അഴിമതി നിരോധ നിയമപ്രകാരം നടപടി സ്വീകരിക്കാൻ മുൻകൂ൪ അനുമതി വാങ്ങണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. കൃത്യനി൪വഹണത്തിനിടയിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അനുവദിച്ചിരിക്കുന്ന സംരക്ഷണം സംബന്ധിച്ച ചട്ടം വിജിലൻസ് കോടതി പാലിച്ചിട്ടില്ല. 2006 ലെ ആദ്യ പരാതിയിൽ ഇല്ലാത്ത ആരോപണങ്ങളാണ് 2013 ലെ പരാതിയിൽ മുഖ്യമന്ത്രി അടക്കമുള്ളവ൪ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. വിജിലൻസ് കോടതിയുടെ പുതിയ ഉത്തരവ് നിലവിൽ നടക്കുന്ന അന്വേഷണത്തെ തകിടംമറിക്കുമെന്നും നിഷ്പക്ഷ അന്വേഷണത്തിന് തടസ്സമാവുമെന്നും ഹരജിയിൽ പറയുന്നു.ടൈറ്റാനിയം ഡയറക്ട൪ ബോ൪ഡിൻെറ തീരുമാനങ്ങൾ ദുരൂഹമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നുമാണ് വിജിലൻസ് കോടതിയുടെ വിധി. പരാതിക്കാരിൽ ഒരാളായ സെബാസ്റ്റ്യൻ ജോ൪ജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് നി൪ദേശം.കേസെടുക്കണമെന്ന പരാതിയിൽ വിചാരണക്കുശേഷം പുറപ്പെടുവിക്കുന്ന വിധിക്കുസമാനമായ ഉത്തരവാണ് വിജിലൻസ് കോടതിയുടെതെന്നും ഹ൪ജിയിൽ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.