പാട്ടിന്‍െറ നിറസമൃദ്ധി

‘നിറയോ നിറനിറയോ
പൊന്നാവണി നിറപറ വെച്ചു
പുന്നെല്ലിന്നവിലും മലരും
പൊന്നമ്പല നടയിൽ വെച്ചു...’
ഓണം പുന്നെല്ലിൻെറ നിറസമൃദ്ധി, ഇല്ലം നിറ... വല്ലം നിറ... ഉള്ളംനിറ... ഒ.എൻ.വിയുടെ ഓണപ്പാട്ടുകൾ എക്കാലവും മലയാളിക്ക് നിറപുത്തരിയാണ്. ഓണത്തിൻെറ മനോഹര ദൃശ്യങ്ങളും ഭാവങ്ങളും സാംസ്കാരികതയുടെ ചൊല്ലുകളും ഭാവനയുടെ ചിത്രങ്ങളും ചേ൪ത്ത് അദ്ദേഹം എഴുതുമ്പോൾ നാം അനുഭവിക്കുന്നത് ആത്മാവിൻെറ ഓണസദ്യയാണ്. അദ്ദേഹത്തിൻെറ ഒരു സിനിമാഗാനം.


‘പൊന്നാവണിവെട്ടം
തിരുമുറ്റം മെഴുകുന്നു
മന്ദാരപ്പൂവുകളവിടെ
കളം വരയ്ക്കുന്നു
കൈയിൽ പൂക്കുല തുള്ളിത്തുള്ളി
കളത്തിലാടുവതാരോ...’


മലയാളത്തിൽ ആദ്യമായി ഇറങ്ങിയ ഓണഗാനങ്ങളുടെ ആൽബം തരംഗിണിയുടേതാണ്. കേരളത്തിന് എന്നും താലോലിക്കാവുന്ന ആ ഗാനങ്ങൾ എഴുതിയത് ഒ.എൻ.വിയാണെന്നത് ഒരു യാദൃച്ഛികതയല്ല. ഇതിലെ ആദ്യഗാനമാണ് ‘നിറയോ നിറനിറയോ പൊന്നാവണി നിറപറ വെച്ചു...’ നമ്മുടെ സാംസ്കാരികതയുടെ ഈണമാണ് ആലപ്പി രംഗനാഥ് അതിന് നൽകിയത്.
‘എൻെറ ഹൃദയം നിൻെറ മുന്നിൽ
പൊൻതുടിയായ് മുഴങ്ങി...
നിൻെറ വരവിൽ ഭൂമിയാകെ
ഉണ൪ന്നുപാടുന്നു...’


മാവേലിയുടെ അദൃശ്യമായ വരവിനെ അദ്ദേഹം വിവിധ ഭാവങ്ങളിലൂടെ വ൪ണിക്കുന്നു.
പൊന്നാവണിയുടെ ധന്യത നിറഞ്ഞ പ്രകൃതി പൂങ്കുയിലായി പാടുന്നു; വനഹൃദയം വസന്തബന്ധുരമാകുമ്പോൾ. ദൂരെയാകാശത്ത് സന്ധ്യപൂത്ത് താഴ്ന്നിറങ്ങുന്നത് വാകമരത്തിൻെറ പശ്ചാത്തലത്തിൽ അവിടെ സന്ധ്യയുറയുന്നത് ആരോ പാടിയ കദനകുതൂഹല രാഗമുറഞ്ഞതുപോലെ.
‘വസന്തബന്ധുര വനഹൃദയം
പൂങ്കുയിലായ് പാടുന്നു
ത്രിസന്ധ്യയെ ദിനകരനണിയിപ്പൂ
ഹൃദന്ത സിന്ധൂരം’.


‘ഹംസധ്വനി’യുടെ ധന്യഭാവം ചേ൪ത്ത് ആലപ്പി രംഗനാഥ് ഒരുക്കിയ ഈ ഗാനം മലയാളത്തിൻെറ എക്കാലത്തെയും മനോഹരമായ ലളിതഗാനങ്ങളിലൊന്നാണ്.
വിരിയുകയായി സമയശാഖിയിൽ
ഒരുപിടി സുരഭില നിമിഷങ്ങൾ...
ആരോ പാടിയ കദനകുതൂഹല
രാഗമുറഞ്ഞതുപോലെ
ദൂരെ വാകമരങ്ങളിലരുണിമ
പൂത്തിറങ്ങുന്നു...


ഒ.എൻ.വിയുടെ വരികൾക്ക് ജെറി അമൽദേവ് സംഗീതം നൽകി ഒരു ഓണ ആൽബംകൂടി ‘തരംഗിണി’ പുറത്തിറക്കി. അതിലെ ശ്രദ്ധേയമായ ഗാനമാണ്,
‘പൊന്നോണം വന്നു പൂമ്പട്ടു
വിരിക്കുമീ പൊന്നിലഞ്ഞി തണലിൽ
ഒന്നുമറിയാത്ത പിഞ്ചോമനകളായ്
വന്നുനിൽക്കുന്നു നമ്മൾ...’
xxxxxx
ഞാവൽപഴം തിന്ന് നാവ് കറുക്കുമ്പോൾ
നാണിച്ചു നീയെന്നെ നോക്കുന്നു... , ആനവാൽ മോതിരം മോഹിച്ച് കോവിലിൽ ആനതൻ പിമ്പേ നടക്കുന്നു...
തുടങ്ങിയ മനോഹരമായ ഗ്രാമീണ ബിംബങ്ങൾ ഈ ഗാനത്തിലുണ്ട്.

‘ശ്രാവണ ചന്ദ്രികാ പൂഷ്പം ചൂടിയ
ശ്യാമള ഗാത്രിയാം രാത്രീ...
നിൻെറ ചുരുൾമൂടി ചുംബിച്ച കാറ്റിനും
ഇന്നെന്തൊരുന്മാദം... എന്നിങ്ങനെ ശ്രാവണത്തിൻെറ പ്രണയാ൪ദ്ര ഭാവത്തെപ്പറ്റിയും ഒ.എൻ.വി വ൪ണിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.