സി.പി.എം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍

തിരുവനന്തപുരം: സി.പി.എമ്മിൻെറ 21ാം സംസ്ഥാന സമ്മേളനത്തിന് ഐതിഹാസിക പുന്നപ്ര വയലാ൪ സമരപോരാളികളുടെ ചോരവീണ് ചുവന്ന ആലപ്പുഴ ആതിഥേയത്വം വഹിക്കും. 2015 ഫെബ്രുവരി 20 മുതൽ 23 വരെയാവും സമ്മേളനം.  എ.കെ.ജി സെൻററിൽ ബുധനാഴ്ച ചേ൪ന്ന സംസ്ഥാന സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.
15 വ൪ഷം കേരളത്തിൽ സി.പി.എമ്മിന് നേതൃത്വംനൽകിയ പിണറായി വിജയന് പകരക്കാരനെ കണ്ടത്തൊനുള്ള നി൪ണായക സംസ്ഥാന സമ്മേളനത്തിന് 26 വ൪ഷത്തിനുശേഷമാണ് ആലപ്പുഴ ആതിഥേയത്വം വഹിക്കുന്നത്. 1988 നവംബ൪ 17 മുതൽ 21 വരെയാണ് മുമ്പ് ആലപ്പുഴയിൽ സമ്മേളനം നടന്നത്.  ഇന്ന് ഇ.എം.എസ് സ്റ്റേഡിയം നിലനിൽക്കുന്ന അന്നത്തെ ഭട്ടതിരി പുരയിടത്തിൽ പ്രത്യേക വേദിയിലായിരുന്നു പ്രതിനിധി സമ്മേളനം നടന്നത്. പൊതുസമ്മേളനം കടപ്പുറത്തും നടന്നു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് പാ൪ട്ടി ഗ്രൂപ്പിൻെറ സെക്രട്ടറിയായിരുന്നു പി. കൃഷ്ണപിള്ള ഒളിവിൽ താമസിക്കവേ സ൪പ്പദംശനമേറ്റ് മരിച്ച മണ്ണിലേക്കുകൂടിയാണ് സംസ്ഥാന സമ്മേളനം ഒരിക്കൽകൂടി വരുന്നതെന്ന പ്രത്യേകതയുമുണ്ട്. സി.പി.എമ്മിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക സ്ഥാപക അംഗമായ വി.എസ്. അച്യുതാനന്ദൻെറയും പി.ബിയംഗമായ എസ്. രാമചന്ദ്രൻ പിള്ളയുടെയും കേന്ദ്ര കമ്മിറ്റിയംഗമായ ടി.എം. തോമസ് ഐസക്കിൻെറയും സ്വന്തം ജില്ലയിലാണിത്.
കീഴ്ഘടകങ്ങളിലെ സമ്മേളന തീയതികൾക്ക് കൂടി സംസ്ഥാന സമിതി രൂപംനൽകി. ഒക്ടോബറിൽ ബ്രാഞ്ച് സമ്മേളനവും നവംബറിൽ ലോക്കൽ കമ്മിറ്റി സമ്മേളനവും ഡിസംബറിൽ ഏരിയാ സമ്മേളനവും നടക്കും. ജനുവരിയിലാവും ജില്ലാ സമ്മേളനം.  പിണറായിയും ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും ഉൾപ്പെടെ മൂന്നുതവണ ഭാരവാഹിത്വം പൂ൪ത്തിയാക്കിയവ൪ ഈ സമ്മേളനത്തോടെ ഒഴിയുമെന്നതാണ് പ്രത്യേകത.
2ഒൗദ്യോഗികപക്ഷത്ത് നിലയുറപ്പിച്ചിരുന്ന എം.എ. ബേബിക്കും തോമസ് ഐസക്കിനും അടക്കം നിലവിലുള്ള അകൽച്ചയുടെ കൂടി സാഹചര്യത്തിൽ സമ്മേളനം ഏറെ ശ്രദ്ധ ആക൪ഷിക്കും. പിണറായിയുടെ പിൻഗാമി ആരെന്നത് സംബന്ധിച്ച അനിശ്ചിതത്വം സി.പി.എമ്മിനുള്ളിലും പുറത്തും നിലവിൽ സജീവ ച൪ച്ചയുമാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.