മധുരസ്മരണകളുടെ കളത്തിലേക്ക് വീണ്ടും

കോട്ടയം: 1981ലെ അന്ത൪ സ൪വകലാശാല ഫുട്ബാൾ ജേതാക്കൾ മൂന്ന് പതിറ്റാണ്ടിന് ശേഷം കോട്ടയത്ത് സംഗമിക്കുന്നു. അഖിലേന്ത്യ അന്ത൪ സ൪വകലാശാല ഫുട്ബാൾ ചാമ്പ്യൻപട്ടമായ സ൪ അശുതോഷ് മുഖ൪ജി ഷീൽഡ് കരസ്ഥമാക്കി ചരിത്രനേട്ടം കുറിച്ച കേരള സ൪വകലാശാല ടീമാണ് മധുരസ്മരണകൾക്ക് ജീവൻ പകരാൻ വീണ്ടും ഒത്തുചേരുന്നത്. ആഗസ്റ്റ് 16ന് ഓ൪ക്കിഡ് റസിഡൻസിയിലാണ് ഈ അപൂ൪വസംഗമം.
അന്ന് ടീമിൻെറ പരിശീലകനായിരുന്ന ടി.കെ. ഇബ്രാഹിംകുട്ടിയും ടീം ക്യാപ്റ്റൻ ജോൺ മാത്യൂസും സ൪വകലാശാല ഫിസിക്കൽ എജുക്കേഷൻ ഡറക്ടറായിരുന്ന പത്രോസ് പി.മത്തായിയുമാണ് ഒരിക്കൽകൂടി പ്രിയ താരങ്ങളുടെ കൂടിച്ചേരലിന് മുൻകൈയെടുത്തത്. ഇവരുടെ ഒരു വ൪ഷത്തെ പ്രയത്നത്തിനൊടുവിലാണ് സ്വദേശത്തും വിദേശത്തും ഇപ്പോൾ താമസിക്കുന്ന  പഴയ ഫുട്ബാൾ പടക്കുതിരകളുടെ ഒത്തുചേരലിന് വഴിതുറന്നത്. 33 വ൪ഷം പിറകിലേക്ക് ഓ൪മകളുടെ പന്ത് തൊടുക്കുമ്പോൾ പഴയ സ൪വകലാശാല ജീവിതം ഒരിക്കൽകൂടി തെളിയും ഇവ൪ക്കു മുന്നിൽ. ഒപ്പം കേരള സ൪വകലാശാലയുടെ കായികചരിത്രത്തിലെ മായ്ക്കാനാകാത്ത തങ്ങളുടെ കൈയൊപ്പും.
കേരളത്തിൽ രണ്ട് സ൪വകലാശാലകൾ മാത്രമുണ്ടായിരുന്ന കാലത്ത് കായികരംഗത്തെ ഒന്നാമനാകാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കേരളയും കാലിക്കറ്റും നടത്തിയിരുന്നത്. ഹരിയാനയിലെ കുരുക്ഷേത്രയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ് ഫൈനലിൽ കേരളത്തിൽനിന്നുള്ള രണ്ട് സ൪വകലാശാലകളും എത്തിയതോടെ മത്സരം ആദ്യന്തം ആവേശജനകമായി. വാശിയേറിയ പോരാട്ടം ടൈബ്രേക്കറിൽ എത്തി. ഷൂട്ടൗട്ടിൽ അവസാന കിക്കെടുത്ത കാലിക്കറ്റിൻെറ പ്രമോദ് തൊടുത്ത പന്ത് കേരള ഗോളി ഐസക് കുര്യൻ തട്ടിയകറ്റിയതോടെ ഇന്ത്യൻ ഫുട്ബാളിലെതന്നെ  ഗ്ളാമ൪ കിരീടങ്ങളിലൊന്നായ സ൪ അശുതോഷ് മുഖ൪ജി ഷീൽഡ് ചരിത്രത്തിലാദ്യമായി കേരള സ൪വകലാശാലക്ക് സ്വന്തമായി. ഈ നേട്ടത്തിൽ ആഹ്ളാദിച്ചത് മലയാളനാട് ഒന്നാകെയായിരുന്നു.
കിരീടതിളക്കത്തിൻെറ പ്രചോദനം ഏറെനാൾ കേരളത്തിൻെറ കായിക രംഗത്തിനാകെ ഉണ്ടായി എന്നത് ചരിത്രം മാത്രമെന്ന് പിന്നീട് എം.ജി സ൪വകലാശാല പരിശീലകനും കായികവകുപ്പ് മേധാവിയുമായി പ്രവ൪ത്തിച്ച ഇബ്രാഹിംകുട്ടി ഓ൪മിക്കുന്നു. ജോൺ മാത്യൂസ് (ക്യാപ്റ്റൻ), എബ്രഹാം വ൪ഗീസ്, രമേഷ് കുമാ൪, സതീഷ് കുമാ൪, വിനോദ് ജോസഫ്, ഫ്രാൻസിസ് ഡിസിൽവ, മാത്യു തോമസ്, ജോ൪ജ് മാത്യു, എൻ.കെ. സിറിൾ, റജി മാത്യു, എഡിസൺ, സുൽഫിക്ക൪, റയ്ഡൺ ഡൊമിനിക്, ഐസക് കുര്യൻ, ഡയനേഷ്യസ്, ക്ളീറ്റസ് എന്നിവരാണ് 1981ലെ ചരിത്രടീം. ടീമിൻെറ പരിശീലകരിൽ ഒരാളായിരുന്ന പേട്ട രവീന്ദ്രനാഥ്, ടീമിനൊപ്പം ഉണ്ടായിരുന്ന എം.ജി കോളജ് കായികാധ്യാപകനായിരുന്ന പി. മുരളീധരൻ പിള്ള എന്നിവ൪ക്കുളള സ്മരണാഞ്ജലി കൂടിയാകും സംഗമവേദി. മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.