ഭാഷയുടെ വരമ്പുകള്‍ ഭേദിച്ച സര്‍ഗാത്മകയുടെ കൂടിച്ചേരല്‍

തൃശൂര്‍: സാഹിത്യത്തിനും സര്‍ഗാത്മകതക്കും മുന്നില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ തടസ്സമായില്ല. രണ്ടു ദിവസമായി സാഹിത്യ അക്കാദമിയില്‍ നടന്ന അറബി -മലയാളം സാഹിത്യോത്സവം അറബി സാഹിത്യകാരന്മാര്‍ അവിസ്മരണീയമാക്കി. സാഹിത്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള പങ്കുവെക്കലുകള്‍, ആക്രമിക്കപ്പെടുന്ന ജനതയോടുള്ള ഐക്യദാര്‍ഢ്യം. കലക്കു മുന്നില്‍ സംസ്കാരവും ഭാഷയും വികാരവും ഒന്നാകുമെന്നതിന്‍െറ തെളിവാണ് സാഹിത്യോത്സവം എന്ന് പങ്കെടുത്തവര്‍ ഒറ്റസ്വരത്തില്‍ പറഞ്ഞു. ‘അവിസ്മരണീയ അനുഭവം’ -സാഹിത്യോത്സവത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഡോ. ഷിഹാബ് ഖാനത്തിന്‍െറ പ്രതികരണം അങ്ങനെയായിരുന്നു. ബഹുസ്വരതയും തനിമയുമുള്ള അറബി സാഹിത്യത്തില്‍ നിന്ന് അനേകം മാതൃകകള്‍ മലയാള സാഹിത്യത്തിലേക്ക് പകര്‍ത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ നിന്ന് അറബിയിലേക്കും പരിഭാഷകള്‍ ഉണ്ടാകണം. ഇരുഭാഷകളും സര്‍ഗാത്മകതയാല്‍ സമ്പുഷ്ടമാണ്. ഇത് പരസ്പരം പങ്കുവെക്കാനുള്ള വാതിലുകള്‍ തുറക്കുന്നതാണ് ഈ സാഹിത്യോത്സവമെന്ന് അദ്ദേഹം പറഞ്ഞു. കവികള്‍ക്കും എഴുത്തുകാര്‍ക്കും മാത്രമെ മനുഷ്യനെ ഒന്നിപ്പിക്കാന്‍ കഴിയൂവെന്നും സാഹിത്യ അക്കാദമിയിലെ ഈ കൂട്ടായ്മ ഇതിനു തെളിവാണെന്നും എഴുത്തുകാരിയും ഷാര്‍ജ സുപ്രീം കൗണ്‍സില്‍ ഫാമിലി അഫയേഴ്സ് ഡയറക്ടറുമായ സ്വാലിന അല്‍ഗാബിശ് പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന കാലഘട്ടത്തിലാണ് ഈ കൂട്ടായ്മയെന്നത് ശ്രദ്ദേയമാണ്. കേരളം സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം ശ്രദ്ധചെലുത്തുന്നു എന്നതിന് ഉദാഹരണമാണ് ഈ സമ്മേളനമെന്നും അവര്‍ പറഞ്ഞു. സാംസ്കാരിക വിനിമയത്തിന്‍െറ വലിയ സാധ്യതകളാണ് ഇത്തരം സമ്മേളനത്തിലൂടെ ഉണ്ടാകുന്നതെന്ന് എഴുത്തുകാരി ഡോ. മര്‍യം അശിനാഹി പറഞ്ഞു. കേരളത്തിലെ ചരിത്രവും സാഹിത്യ അക്കാദമിയിലെ അനുഭവങ്ങളും എഴുതാനുള്ള തയാറെടുപ്പിലാണ് താനെന്നും അവര്‍ പറഞ്ഞു. കേരളം സന്ദര്‍ശിക്കണമെന്ന് 20ാം വയസ്സില്‍ തോന്നിയ ആഗ്രഹം 78ാം വയസ്സില്‍ സാക്ഷാത്കരിച്ച ആവേശത്തിലാണ് സിറിയന്‍ കവി അലി കന്‍ ആന്‍. കേട്ടറിഞ്ഞതിനേക്കാള്‍ മനോഹരമാണ് കേരളവും സംസ്കാരവും. ലോകരാജ്യങ്ങള്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും കേരളത്തിന്‍െറ സാംസ്കാരിക വൈവിധ്യം മറ്റെവിടെയും കണ്ടിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.