കേരളത്തിലെ ജീവിതം സമാധാനപൂര്‍ണം –ഗവര്‍ണര്‍

തിരുവനന്തപുരം: എല്ലാ മതവിശ്വാസികളുടെ ആഘോഷങ്ങളും എല്ലാവരും ആഘോഷിക്കുന്നതിനാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് കേരളത്തിലെ സാമൂഹികാന്തരീക്ഷമെന്ന് ഗവര്‍ണര്‍ ഷീല ദീക്ഷിത്. മുസ്ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇവിടെ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകാത്തതിന് കാരണം ഈ സഹവര്‍ത്തിത്തമാണ്. വിവിധ ജാതി മതസ്ഥരും ഭാഷാ വിഭാഗങ്ങളും ഒരുമിച്ച് അധിവസിക്കുന്ന ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ജാതിമത ഭേദമന്യേ എല്ലാവരും അടുത്തിടപഴകി ജീവിക്കുന്നതിനാല്‍ മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്ന സംസ്ഥാനവുമാണിത്. സാംസ്കാരിക സമ്പന്നമായതിനാല്‍ ഇവിടുത്തെ ജീവിതം സമാധാനപൂര്‍ണവുമാണെന്നും അവര്‍ പറഞ്ഞു. കെ.പി.സി.സി വൈസ്പ്രസിഡന്‍റ് എം.എം. ഹസന്‍ അധ്യക്ഷത വഹിച്ചു. വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇത്തരം മതസൗഹാര്‍ദ കൂട്ടായ്മകള്‍ അത്യാവശ്യമാണെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്ക ബാവ പറഞ്ഞു. ഒരു മാസത്തെ സഹനത്തിനുള്ള പ്രതിഫലമാണ് ഈദ് ആഘോഷമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍ഡ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. സ്വാമി ലോകഹിതാനന്ദ, കരമന ബയാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.