സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമം തടയാന്‍ ജാഗ്രതാ സമിതി തുടങ്ങി

കല്‍പറ്റ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം തടയാന്‍ ജില്ലയില്‍ ജാഗ്രതാ സമിതി പ്രവര്‍ത്തനം തുടങ്ങി. ജില്ലാപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ച ജില്ലാതല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി പി.കെ. ജയലക്ഷ്മി നിര്‍വഹിച്ചു. സ്ത്രീകളും കുട്ടികളും സ്വന്തം വീടുകളില്‍പോലും സുരക്ഷിതരല്ലാത്ത കാലഘട്ടത്തില്‍ അവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനുള്ള ശക്തി പകരാനും ജാഗ്രതാ സമിതികള്‍ക്ക് സാധിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വയനാടിനെ വനിതാ സൗഹൃദ ജില്ലയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യാതിഥിയായ ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് അധ്യക്ഷത വഹിച്ചു. വനിതാ കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് ടി. ഉഷാകുമാരി, കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.കെ. അനില്‍കുമാര്‍, എ.എസ്. വിജയ, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ സി. സുന്ദരി, അഡ്മിനിസ്ട്രേഷന്‍ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.