ദുരിതം തുടരുന്നു

പയ്യന്നൂര്‍: കലിതുള്ളിപെയ്യുന്ന കാലവര്‍ഷത്തില്‍ ദുരിതം തുടരുന്നു. പലയിടങ്ങളിലും വെള്ളമിറങ്ങിയില്ല. വീട്ടുകാരും കര്‍ഷകരും കടുത്ത ദുരിതത്തിലാണ്. ശനിയാഴ്ച രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും കുഞ്ഞിമംഗലത്ത് വീട് തകര്‍ന്നു. കൊവപ്പുറത്തെ ടി.പി. അസ്മയുടെ ഓടുമേഞ്ഞ വീടാണ് ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തകര്‍ന്നു വീണത്. വീടിന്‍െറ അടുക്കള ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. വീട് വീണ് കിണര്‍ മൂടി. വാട്ടര്‍ ടാങ്കും തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് സി. ചന്ദ്രിക, ജില്ലാ പഞ്ചായത്ത് അംഗം എം. കുഞ്ഞിരാമന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പാണപ്പുഴ: കാറ്റിലും മഴയിലും പാണപ്പുഴ പറവൂരിലെ പി. പ്രമോദിന്‍െറ വീടിന്‍െറ മതില്‍ തകര്‍ന്നു. വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന മതിലാണ് ഇടിഞ്ഞ് വീണത്. മഴ ശമിക്കാത്തതിനാല്‍ വ്യാപക കൃഷിനാശം ഉണ്ടായി. മിക്ക വയലുകളിലും വെള്ളം കയറി നെല്‍കൃഷി നശിക്കുകയാണ്. കാനായി, മണിയറ, പേരൂല്‍, മാതമംഗലം, കൊക്കോട്ടു വയല്‍, കടന്നപ്പള്ളി പഞ്ചായത്തിലെ കുറ്റ്യാട്ടുംതാഴെ, വള്ളിവളപ്പില്‍മൂല പാടശേഖരങ്ങളിലെല്ലാം വെള്ളം കെട്ടി നില്‍ക്കുകയാണ്. ഒരുവിള വയലുകളിലെ കൃഷി മാത്രമാണ് പൂര്‍ണമായും നശിക്കാത്തത്. മഴ കുരുമുളക്, കവുങ്ങ്, റബര്‍ കൃഷിക്കും തിരിച്ചടിയായി. കുരുമുളക് പൂപ്പല്‍ ബാധമൂലം നശിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. നേരത്തെ നിയന്ത്രണ വിധേയമായ മഹാളി രോഗം തിരിച്ചു വരുന്നതാണ് കവുങ്ങു കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. കുമിള്‍ രോഗം ബാധിച്ച് റബര്‍ മരങ്ങളുടെ ഇല വ്യാപകമായി കൊഴിയുന്നതായി റബര്‍ കര്‍ഷകരും പറയുന്നു. കുഞ്ഞിമംഗലം: പാണച്ചിറമ്മലിലെ കളരിക്ക് സമീപത്തെ പാലമരത്തിന്‍െറ കൊമ്പ് പൊട്ടിവീണ് വൈദ്യുതി തൂണ്‍ തകര്‍ന്നു. ശനിയാഴ്ച രാവിലെ ഉണ്ടായ കാറ്റിലും മഴയിലുമാണ് മരകൊമ്പ് പൊട്ടി വീണത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്‍െറ അരികില്‍ പാണച്ചിറമ്മല്‍ തറവാട് ക്ഷേത്ര വളപ്പിലാണ് മരം സ്ഥിതി ചെയ്യുന്നത്. കെ.എസ്.ഇ.ബി കുഞ്ഞിമംഗലം സെക്ഷന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് മുറിച്ച് മാറ്റി. വൈകീട്ടോടെ വൈദ്യുതി ബന്ധം പുന$സ്ഥാപിച്ചു. കര്‍ഷകര്‍ക്കും സ്വത്തുനാശം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമാവുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.