മങ്കട ഗവ. കോളജിന് നല്‍കിയ ഭൂമി കര്‍ഷകര്‍ക്ക് പതിച്ചുനല്‍കിയതെന്ന്

കൊളത്തൂര്‍: മങ്കട ഗവ. കോളജിനായി മൂര്‍ക്കനാട് പുന്നക്കാട് തുടിയാര്‍ കോട്ടയില്‍ ഗ്രാമപഞ്ചായത്ത് വിട്ടുനല്‍കിയ ഭൂമി ഭൂരഹിതരായ കര്‍ഷകര്‍ക്ക് 1984ല്‍ പതിച്ചു നല്‍കിയതാണെന്ന് ആക്ഷേപം. സര്‍ക്കാറിനെയും റവന്യൂ വിഭാഗത്തെയും തെറ്റിദ്ധരിപ്പിച്ചാണ് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഭൂമി കോളജിന് വിട്ടുനല്‍കിയതെന്ന് തുടിയാര്‍കോട്ട ഭൂസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 202/2 സര്‍വേ നമ്പറിലുള്ള 6.79 ഏക്കര്‍ ഭൂമി 119 ഭൂരഹിതരായ കര്‍ഷകര്‍ക്കാണ് 30 വര്‍ഷം മുമ്പ് പതിച്ചുനല്‍കിയത്. 1991ല്‍ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഭൂമിക്ക് പട്ടയം നല്‍കി. ഭൂമി കിട്ടിയ പലരും ഈ വര്‍ഷത്തേതടക്കം നികുതി അടച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെട്ട അഞ്ചേക്കര്‍ ഭൂമിയാണ് മങ്കട ഗവ. കോളജിനായി പഞ്ചായത്ത് ഭരണ സമിതി തീരുമാന പ്രകാരം കലക്ടറുടെ നേതൃത്വത്തില്‍ ഏറ്റെടുത്തത്. കോളജിന് അഞ്ചേക്കര്‍ ഭൂമിയുണ്ടെന്ന് കാണിച്ച് മൂര്‍ക്കനാട് വില്ലേജ് ഓഫിസര്‍ കൈവശ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റിക്ക് പഞ്ചായത്ത് വിട്ടുനല്‍കിയ 2.5 ഏക്കര്‍ ഭൂമിയും ഇതില്‍ ഉള്‍പ്പെടും. ഭൂമി തട്ടിയെടുക്കലിനെതിരെ ചൊവ്വാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ കെ.എം. മൊയ്തീന്‍, കെ.പി. മജീദ്, പി.ടി. ഷറഫുദ്ദീന്‍, പി. രാമകൃഷ്ണന്‍, കെ. ശിവരാമന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.