എറണാകുളത്തെ ആദ്യ പെട്രോള്‍ പമ്പ് വിസ്മൃതിയിലേക്ക്

കൊച്ചി: നഗരത്തിന്‍െറ വളര്‍ച്ചക്കും വേഗത്തിനും ഇന്ധനം പകര്‍ന്ന എറണാകുളത്തെ ആദ്യ പെട്രോള്‍ പമ്പ് വിസ്മൃതിയിലേക്ക്. വികസനത്തിന്‍െറ പേരില്‍ തന്നെയാണ് ഈ പമ്പ് കുടിയൊഴിപ്പിക്കപ്പെടുന്നതെന്നതും നിയോഗം. എം.ജി റോഡിന്‍െറ വടക്കേയറ്റത്തുള്ള കെ.കെ. എബ്രഹാം ആന്‍ഡ് കമ്പനിയെന്ന പമ്പാണ് കൊച്ചിന്‍ മെട്രോയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെടുന്നത്. 65 വര്‍ഷത്തോളമായി എം.ജി. റോഡില്‍ പ്രവര്‍ത്തിക്കുന്ന ഈ പമ്പ് കൊച്ചി നഗരത്തിന്‍െറ വികസനത്തിന്‍െറ മൂകസാക്ഷിയുമാണ്. മെട്രോ റെയിലുമായി ബന്ധപ്പെട്ട പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഈ പമ്പ് സ്ഥിതി ചെയ്യുന്ന 34 സെന്‍റ് ഏറ്റെടുക്കുന്നത്. പാട്ടത്തിലെടുത്ത സ്ഥലത്താണ് വര്‍ഷങ്ങളായി ഈ പമ്പ് പ്രവര്‍ത്തിച്ചുവന്നത്. അതിന്‍െറ ഉടമ ഈ ഭൂമി മെട്രോ റെയിലിന് കൈമാറാന്‍ ധാരണയുണ്ടാക്കിയതാണ് പമ്പിന്‍െറ അന്ത്യത്തിന് കാരണമായതും. ഇനി രണ്ട് ദിവസം കൂടി മാത്രമേ ഈ പമ്പ് ഇവിടെ പ്രവര്‍ത്തിക്കൂ. ഈമാസം 31നകം ഒഴിയണമെന്നാണ് വ്യവസ്ഥ. അതിനായി പെട്രോളിയം കമ്പനികളില്‍ നിന്നുള്ള സ്റ്റോക്കെടുപ്പ് നിര്‍ത്തി. ഇന്ന് കൂടി വിറ്റഴിക്കാനുള്ള പെട്രോള്‍ മാത്രമേ ഇനി പമ്പില്‍ ശേഷിക്കുന്നുള്ളൂ. ഡീസല്‍ ശനിയാഴ്ചയോടെ തീരും. അതോടെ പമ്പ് പൂട്ടുമെന്ന് ജീവനക്കാര്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്കായുള്ള കൊച്ചി നഗരത്തിലെ ആദ്യത്തെ പെട്രോള്‍ പമ്പാണിത് . ഏകദേശം 62 വര്‍ഷം മുമ്പ് കെ.കെ. എബ്രഹാമാണ് ഈ പമ്പിന് തുടക്കമിട്ടത്. പാട്ടത്തിനെടുത്ത സ്ഥലത്ത് എബ്രഹാം പമ്പ് ആരംഭിക്കുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ പമ്പ് നടത്തിയുള്ള പരിചയസമ്പത്തോ അതിന്‍െറ സാധ്യതകളോ ഒന്നും തന്നെ ഇല്ലായിരുന്നു. ഇന്നത്തെ പോലെ വാഹനങ്ങളുടെ ബാഹുല്യമൊന്നുമില്ലായിരുന്ന ആ കാലത്ത് ബര്‍മാഷെല്ലിന്‍െറ ഏജന്‍സിയിലാണ് എബ്രഹാം പമ്പ് ആരംഭിച്ചത്. ഒരു ഗ്യാലന്‍ (നാലര ലിറ്റര്‍) പെട്രോളിന് 2.70 രൂപ നിരക്കായിരുന്നു അന്ന്. പമ്പുകളില്‍ ഡീസല്‍ ലഭ്യവുമായിരുന്നില്ല. എറണാകുളത്ത് സ്വന്തമായി കാറുണ്ടായിരുന്നവരുടെ എണ്ണവും ചുരുക്കം. എം.എസ്. മേനോന്‍, തര്യന്‍ വര്‍ഗീസ്, ടി.ബി.എം. ഭാസ്കരമേനോന്‍, ചാക്യാട്ട് കുടുംബം, വില്ലിങ്ടണ്‍ ഐലന്‍ഡിലെ സായിപ്പന്‍മാര്‍ തുടങ്ങി പ്രമുഖന്‍മാര്‍ക്ക് മാത്രമായിരുന്നു കാറുകളുണ്ടായിരുന്നത്. പമ്പ് ആരംഭിക്കുമ്പോള്‍ എബ്രഹാമിന് നേരിടേണ്ടിവന്ന ആദ്യ വെല്ലുവിളിയും ഇതായിരുന്നു. ഒരു മണിക്കൂറില്‍ ഒരു വാഹനമെങ്കിലും പെട്രോളടിക്കാന്‍ വന്നാല്‍ വന്നു. അല്ലെങ്കില്‍ വാഹനത്തിനായുള്ള കാത്തിരിപ്പ്. അതായിരുന്നു സ്ഥിതി. പുതിയ വാഹനങ്ങള്‍ ഇറങ്ങുമ്പോള്‍ ഉടമകള്‍ക്ക് പിന്നാലെ ഓടുന്നതിനെക്കുറിച്ച് എബ്രഹാം പറഞ്ഞ കഥകള്‍ ഇപ്പോഴും ജീവനക്കാര്‍ ഓര്‍ക്കുന്നു. പമ്പുടമയായിരുന്നിട്ടും തൊഴിലാളികള്‍ക്കൊപ്പം നിന്ന് പണിയെടുക്കാനുള്ള എബ്രഹാമിന്‍െറ മനസ്സാണ് ഈ പമ്പിന്‍െറ വികസനത്തിലേക്ക് വഴി തെളിച്ചതും. വാഹനങ്ങളുടെ ഗ്ളാസ് തുടച്ചും ടയറുകളില്‍ കാറ്റടിച്ചുകൊടുത്തും അദ്ദേഹം തന്‍െറ സ്ഥിരം ഉപഭോക്താക്കളെ നിലനിര്‍ത്തി. ആ നയം തന്നെയാണ് ഇത്രയും കാലത്തെയും ഈ പമ്പിന്‍െറ വിജയത്തിന് പിന്നിലും. 2004 നവംബറില്‍ എബ്രഹാം മരിച്ചുവെങ്കിലും മകള്‍ മറിയയും മരുമകന്‍ ജോസ് വര്‍ഗീസും ചേര്‍ന്ന് നല്ല നിലയിലാണ് പമ്പ് നടത്തിവന്നത്. നല്ല തിരക്കുള്ള പമ്പായിരുന്നുവെന്നും ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, കാറുകള്‍ എന്നിവയില്‍ മാത്രം ഇന്ധനം നിറച്ചാണ് ഈ പമ്പ് വളര്‍ന്നതെന്ന് 49 വര്‍ഷത്തോളം ഇവിടെ ജോലി ചെയ്തിരുന്ന ഫ്രാന്‍സിസ് ഓര്‍ക്കുന്നു. നിലവില്‍ നിത്യേന 5000 ലിറ്റര്‍ പെട്രോളും 6000 ലിറ്ററിലധികം ഡീസലും ഈ പമ്പില്‍ വിറ്റഴിച്ചുവന്നതായി ജീവനക്കാരനായ പ്രദീപ് സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.