ഷോക്കേറ്റ് മരിച്ച വസീമിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പഴയങ്ങാടി: ‘ഈവിധമെന്താണാവോ ഞാനതുചോദിക്കില്ല.. വേദനയറിയാതെ സൗമ്യമായ് മയങ്ങൂ നീ’ എന്ന് കുറിച്ചിട്ട ബാനറുമായി വസീമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മൗനജാഥയായത്തെിയ മാടായി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സഹപാഠിയുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി. അധ്യാപകര്‍ക്കും തേങ്ങലടക്കാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച പഴയങ്ങാടിയിലെ വീടിനടുത്ത് ഇടവഴിയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റുമരിച്ച ഇ.എം. വസീമിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് തിങ്കളാഴ്ച ഉച്ച 12 മണിയോടെ വീട്ടിലത്തെിച്ചപ്പോള്‍ പലരും വേദന കടിച്ചമര്‍ത്തി കണ്ണീര്‍ തുടക്കുകയായിരുന്നു. വന്‍ ജനാവലി മൃതദേഹം കാണാനത്തെിയിരുന്നു. ജനത്തിരക്കില്‍ പഴയങ്ങാടി-കണ്ണൂര്‍ പാതയില്‍ വാഹന ഗതാഗതം താറുമാറായി. പൊലീസ് സ്ഥലത്തത്തെിയാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്. പഴയങ്ങാടി ബസ്സ്റ്റാന്‍ഡ് പരിസരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ദര്‍ശിക്കാനത്തെിയവരെ ഉള്‍ക്കൊള്ളാന്‍ കഴിയാതെയായപ്പോള്‍ മാടായിപ്പള്ളി അങ്കണത്തിലേക്ക് മൃതദേഹം മാറ്റി. ജനാവലിയുടെ അന്ത്യോപചാരത്തിനു ശേഷം മാടായിപ്പള്ളി ഇമാം മുത്തലിബ് അസ്ലമിയുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്കാരം നടന്നു. രണ്ട് മണിയോടെ മാടായിപ്പള്ളി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. മാടായി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പി.എം. ഹനീഫിന്‍െറ മകനാണ് ഷോക്കേറ്റ് മരിച്ച വസീം. മരണത്തില്‍ സാമൂഹിക, രാഷ്ട്രീയ, മത, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. മാടായി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് ഇന്നലെ അവധി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.