രാം നായിക് അടക്കം അഞ്ച് പേര്‍ പുതിയ ഗവര്‍ണര്‍മാര്‍

ന്യൂഡൽഹി: യു.പി, പശ്ചിമബംഗാൾ, ഗുജറാത്ത്, ഛത്തിസ്ഗഢ്, നാഗാലാൻഡ് എന്നിവിടങ്ങളിൽ പുതിയ ഗവ൪ണ൪മാരെ നിയമിച്ചു. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാംനായികാണ് പുതിയ യു.പി ഗവ൪ണ൪. ഡൽഹിയിലെ ബി.ജെ.പി നേതാവായ ഒ.പി. കോഹ്ലി ഗുജറാത്ത് ഗവ൪ണറാകും. പശ്ചിമ ബംഗാളിൽ കേസരിനാഥ് ത്രിപാഠിയും ഛത്തിസ്ഗഢിൽ ബൽറാം ദാസ് ടാൻറണും ത്രിപുരയുടെ അധികച്ചുമതലയോടെ നാഗാലാൻഡിൽ പത്മനാഭ ബാലകൃഷ്ണ ആചാര്യയും ഗവ൪ണ൪മാരായി നിയമിതരായി.  
മോദി സ൪ക്കാ൪ അധികാരമേറ്റ ശേഷം  നടത്തുന്ന  ഗവ൪ണ൪മാരുടെ ആദ്യ നിയമനമാണിത്. കേന്ദ്രത്തിലെ ഭരണമാറ്റത്തെ തുട൪ന്നുണ്ടായ സാഹചര്യങ്ങളും സമ്മ൪ദവും നിമിത്തമാണ് വിവിധ സംസ്ഥാനങ്ങളിൽ യു.പി.എ സ൪ക്കാ൪ നിയമിച്ച ഗവ൪ണ൪മാ൪ രാജിവെച്ചത്.  പുതുതായി നിയമിക്കപ്പെട്ട ഗവ൪ണ൪മാരെല്ലാം ബി.ജെ.പി-ആ൪.എസ്.എസ് പശ്ചാത്തലമുള്ളവരാണ്.
ഒ. രാജഗോപാൽ അടക്കം ഏതാനും പേരെക്കൂടി ഗവ൪ണ൪ നിയമനത്തിന് പരിഗണിക്കുന്നുണ്ടെങ്കിലും ആദ്യ ലിസ്റ്റിൽ ഇല്ല. നിലവിൽ നാല് ഒഴിവുകൾകൂടി ബാക്കിയുണ്ട്. മധ്യപ്രദേശുകാരനായ കൈലാസ് ജോഷി, ഡൽഹിയിൽനിന്നുള്ള വി.കെ. മൽഹോത്ര, മുൻ അറ്റോണി ജനറൽ സോളി സൊറാബ്ജി എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റുള്ളവ൪.
നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുള്ള ബി.എൽ. ജോഷിക്ക് പകരമായാണ് എൺപതുകാരനായ രാംനായിക് യു.പി ഗവ൪ണറാവുന്നത്. രാംനായിക് പെട്രോളിയം മന്ത്രിയായിരുന്ന സമയത്താണ് എൻ.ഡി.എ സ൪ക്കാറിൻെറ പെട്രോൾപമ്പ് വിതരണ കുംഭകോണം നടന്നത്.  ’94 മുതൽ ആറു വ൪ഷം രാജ്യസഭാംഗമായിരുന്ന കോഹ്ലി 2009ൽ ബി.ജെ.പിയുടെ ഡൽഹി ഘടകം അധ്യക്ഷനായിരുന്നു. പശ്ചിമബംഗാൾ ഗവ൪ണറാവുന്ന കേസരിനാഥ് ത്രിപാഠി (80) യു.പിയിൽ മുമ്പ് സ്പീക്കറായിരുന്നു.  ഛത്തിസ്ഗഢിൽ ഗവ൪ണറാവുന്ന പഴയ ജനസംഘക്കാരൻ ബൽറാം ദാസ് ടാൻറണാണ് പുതിയ ഗവ൪ണ൪ പട്ടികയിലെ തലമുതി൪ന്ന അംഗം. 88ാം വയസ്സിലേക്ക് കടക്കുമ്പോഴാണ് അദ്ദേഹം രാഷ്ട്രപതിയുടെ പ്രതിപുരുഷനായി ഛത്തിസ്ഗഢ് രാജ്ഭവനിലേക്ക് എത്തുന്നത്. പഞ്ചാബ് ഉപമുഖ്യമന്ത്രിപദം വഹിച്ചിട്ടുണ്ട്.  
ബി.ജെ.പിയുടെ വടക്കുകിഴക്കൻ മേഖലാ ക൪മസമിതി അംഗമാണ്  പത്മനാഭ ആചാര്യ. ബി.ജെ.പിയുടെ പ്രവാസി സൗഹൃദ വിഭാഗം കോ-കൺവീനറുമാണ്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.