കൊച്ചി: ‘അല്ലാഹുവിന് സ്തുതി’, അബ്ദുന്നാസി൪ മഅ്ദനിക്ക് സുപ്രീംകോടതി ചികിത്സക്കായി ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ച വിവരം അറിഞ്ഞതോടെ, മഅ്ദനിയുടെ പത്നി സൂഫിയയുടെ ആദ്യ പ്രതികരണം ഇങ്ങനെ. നീതിപീഠത്തിൽ വിശ്വാസമുണ്ടെന്നും സൂഫിയ ‘മാധ്യമ’ത്തോട് പറഞ്ഞു.
‘നാലുവ൪ഷം ഉസ്താദ് പരപ്പന ജയിലിൽ കൊടിയ പീഡനമാണ് അനുഭവിച്ചത്. അദ്ദേഹത്തിൻെറ ആരോഗ്യ സ്ഥിതി തീരെ മോശമായിരിക്കുകയാണ്.
ജാമ്യം നിഷേധിക്കാൻ ക൪ണാടക സ൪ക്കാ൪ നിരത്തിയ മുഴുവൻ കള്ളങ്ങളും തള്ളിക്കൊണ്ട് സുപ്രീംകാടതി അനുകൂല നിലപാടെടുത്തത് ശുഭപ്രതീക്ഷക്കുള്ള സൂചനയായാണ്. മഅ്ദനിക്ക് നീതി ലഭിക്കുന്നതിനുള്ള നിയമ പോരാട്ടത്തിന് മുന്നിൽ നിൽക്കുന്ന നിരവധി പേരുണ്ട്. ഡോ. സെബാസ്റ്റ്യൻ പോൾ, ഭാസുരേന്ദ്ര ബാബു, ജമാഅത്ത് അമീ൪.... അങ്ങനെ നിരവധിയാളുകൾ. എല്ലാവരോടും നന്ദിയുണ്ട്.’ മഅ്ദനിയുടെ നിരപരാധിത്തം കോടതി അംഗീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും സൂഫിയ പറഞ്ഞു.ബംഗളൂരു വിട്ടുപോകരുത് എന്ന വ്യവസ്ഥയിലാണ് സുപ്രീംകോടതി ചികിത്സക്കായി മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
മഅ്ദനിയെ കൂടെനിന്ന് പരിചരിക്കുന്നതിനായി ബംഗളൂരുവിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലാണ് സൂഫിയ. കളമശേരി ബസ് കത്തിക്കൽ കേസിൽ പ്രതിചേ൪ക്കപ്പെട്ട സൂഫിയക്ക് കേരളം വിട്ടുപോകണമെങ്കിൽ എൻ.ഐ.എ കോടതിയുടെ അനുമതി വേണം. അനുമതി ലഭിക്കാനുള്ള ശ്രമം ആരംഭിച്ചതായും കിട്ടിയാലുടൻ ബംഗളൂരുവിലേക്ക് പുറപ്പെടുമെന്നും അവ൪ പറഞ്ഞു. മഅ്ദനിയുടെ മൂത്തമകൻ ഉമ൪ മുഖ്താ൪ ബംഗളൂരുവിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. ഇളയമകൻ സലാഹുദ്ദീൻ അയ്യൂബി ഹോസ്റ്റലിലാണ്.
സലാഹുദ്ദീൻ അയ്യൂബിയെയും കൂട്ടിയാകും സൂഫിയ ബംഗളൂരുവിലേക്ക് പോവുക. മഅ്ദനിയുടെ ജാമ്യഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കുമെന്ന് അറിഞ്ഞതോടെതന്നെ കലൂ൪ കറുകപ്പിള്ളിയിലെ മഅ്ദനിയുടെ വീട് പ്രാ൪ഥനാമുഖരിതമായിരുന്നു.
ജാമ്യം അനുവദിച്ച വിവരമറിഞ്ഞതോടെ ഇവിടേക്ക് പ്രവ൪ത്തക൪ കൂട്ടമായി എത്തിത്തുടങ്ങിയിരുന്നു. റമദാൻ പകലിലെ ആശ്വാസമായി പിന്നെയുയ൪ന്നത് അല്ലാഹുവിന് സ്തുതി പറഞ്ഞുകൊണ്ടുള്ള പ്രാ൪ഥനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.