ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി

കണ്ണൂര്‍: വനിതാ ഡോക്ടറെ ഡി.എം.ഒ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ജില്ലാ ആശുപത്രിയില്‍ അനിശ്ചിതകാല സമരം തുടങ്ങി. ആദ്യദിവസം സമരം പൂര്‍ണമായിരുന്നു. എന്നാല്‍, ഇന്നലെ സമരം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചില്ളെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സമരം ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാന്‍ കെ.ജി.എം.ഒ ജനറല്‍ ബോഡിയോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടിയെടുത്തില്ളെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.എം.ഒ കെ.ജെ. റീനയെ ഉപരോധിച്ചു. ഒ.പി ബഹിഷ്കരിച്ചായിരുന്നു ഡോക്ടര്‍മാരുടെ ആദ്യ ദിവസത്തെ സമരം. ഒ.പിയില്‍ ചികിത്സതേടിയത്തെിയ മുഴുവന്‍ രോഗികളെയും അത്യാഹിത വിഭാഗത്തില്‍ പരിശോധിച്ചു. എന്നാല്‍, രോഗികള്‍ക്ക് ഏറെനേരം കാത്തിരിക്കേണ്ടി വന്നത് ബുദ്ധിമുട്ടുണ്ടാക്കി. പലരും ആശുപത്രിയില്‍ എത്തിയശേഷമാണ് ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ച് അറിഞ്ഞത്. മൂന്നു ഡോക്ടര്‍മാരാണ് ഇന്നലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ജില്ലാ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്ന രോഗികളെ രാവിലെ അതത് ഡോക്ടര്‍മാരത്തെി പരിശോധിക്കുകയുണ്ടായി. കുട്ടികള്‍ക്ക് ബുധനാഴ്ച നല്‍കി വരാറുള്ള കുത്തിവെപ്പും ഇന്നലെ നടത്തി. അടിയന്തര ശസ്ത്രകിയകളും മുടക്കമില്ലാതെ നടന്നു. പേപ്പട്ടിയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി എത്തുന്നവര്‍ക്ക് ആവശ്യമായ ആന്‍റി റാബിസ് വാക്സിന്‍ ഉണ്ടായിരുന്നില്ല. രണ്ടു ദിവസമായി കണ്ണൂര്‍ നഗരത്തില്‍ 35 പേര്‍ക്ക് പട്ടികളുടെ കടിയേറ്റിരുന്നു. കടിയേറ്റവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരുന്നില്ളെന്ന് അറിയിക്കുകയും രോഗികളെ ഭയപ്പെടുത്തിയെന്നും ആരോപിച്ചാണ് കാഷ്വാലിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രമ്യയെ ഡി.എം.ഒ കെ.ജെ. റീന സ്ഥലം മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ചാണ് കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. സംഭവത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ളെന്നും ഡോ. രമ്യക്കെതിരെ കുറ്റം ആരോപിച്ചിരുന്നു. പ്രശ്നപരിഹാരം ഉണ്ടായില്ളെങ്കില്‍ വരും ദിവസങ്ങളില്‍ അത്യാഹിതവിഭാഗം ഉള്‍പ്പെടെ സ്തംഭിപ്പിക്കുന്ന സമരത്തിന് നിര്‍ബന്ധിതരാകുമെന്ന് കെ.ജി.എം.ഒ ഭാരവാഹികള്‍ പറഞ്ഞു. ഡി.എം.ഒയുടെ പ്രതിമാസ അവലോകന യോഗത്തില്‍ നിന്ന് വിവിധ ആരോഗ്യ സ്ഥാപന മേധാവികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. തുടര്‍ന്ന് ജില്ലാ ആശുപത്രി പരിസരത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡോ. രാജാറാം, ഡോ. സി. അബൂബക്കര്‍, ഡോ. രാജേഷ് എന്നിവര്‍ സംസാരിച്ചു. സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കെ.ജി.എം.ഒ ജില്ലാ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. താലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ശനിയാഴ്ച മുതല്‍ ഒ.പി വിഭാഗം പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ച മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളിലും ഒ.പി പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.