പയ്യന്നൂര്‍: പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അവഗണനയുടെ കട്ടപ്പുറത്ത്. വര്‍ഷങ്ങളായി സര്‍ക്കാറുകള്‍ പയ്യന്നൂരിനോട് കാണിക്കുന്ന അവഗണന തുടര്‍ക്കഥയായതോടെ ഡിപ്പോ വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണിയില്‍.കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കാലത്ത് ഒരു സമരത്തിനിടെ ബസ് തകര്‍ത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചു. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് പി.കെ. ശ്രീമതി ടീച്ചര്‍ ഇടപെട്ട് നിലനിര്‍ത്തിയെങ്കിലും ഇപ്പോള്‍ വീണ്ടും മരണം കാത്തുകഴിയുകയാണ്. ഡിപ്പോയില്‍ നേരത്തെ 90ലധികം ബസുകളുണ്ടായിരുന്നത് 84 ആയി ചുരുങ്ങി. എന്നാല്‍, ഇപ്പോള്‍ ഒരു ഡസനോളം ഷെഡ്യൂളുകള്‍ കുറച്ചാണ് ഓടുന്നത്. വരുംനാളുകളില്‍ വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.84 ഷെഡ്യൂളുകള്‍ നടത്താന്‍ 10 സ്പെയര്‍ അടക്കം 100 ബസുകള്‍ ആവശ്യമാണ്. എന്നാല്‍, സ്ഥിരമായി കട്ടപ്പുറത്തുള്ള 12 ബസുകള്‍ ഉള്‍പ്പെടെ 94 ബസുകള്‍ മാത്രമാണ് നിലവിലുള്ളത്. മിക്ക ബസുകളും ഗ്രാമപ്രദേശങ്ങളിലേക്കുള്ള ഓര്‍ഡിനറി ബസുകളാണ്. ഷെഡ്യൂളുകള്‍ കുറക്കേണ്ടിവന്നാല്‍ ഗ്രാമങ്ങളിലേക്കുള്ള സര്‍വീസുകളാണ് മുടങ്ങുന്നത്. 15ലധികം ബസുകള്‍ ടയറില്ലാതെ കട്ടപ്പുറത്ത് കിടക്കുന്നതായാണ് അറിയുന്നത്. എന്‍ജിനും ഗിയര്‍ ബോക്സും ഗിയര്‍ ഹബ്ബുമില്ലാതെ ഷെഡില്‍ വിശ്രമിക്കുന്ന ബസുകളും ഇവയിലുണ്ട്. മാസങ്ങളായി ടയറുകള്‍ ലഭിക്കുന്നില്ലെന്നും പറയുന്നു.ഡിപ്പോയിലെ 36 ബസുകള്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. 10 വര്‍ഷത്തിനുമേല്‍ സര്‍വീസ് നടത്തുന്നതിന് നിയമ നിയന്ത്രണമുള്ളപ്പോഴാണ് ഇത്. പയ്യന്നൂരിനുവേണ്ടി ബസ് ആവശ്യപ്പെട്ടാല്‍ തിരുവിതാംകൂര്‍ ഭാഗത്ത് ഓടി കട്ടപ്പുറത്തായവ അറ്റകുറ്റപ്പണി നടത്തി കൊടുത്തയക്കുകയാണ് പതിവ്. ഇതാണ് പയ്യന്നൂര്‍ ഡിപ്പോയില്‍ പഴയ ബസുകള്‍ കൂടാന്‍ കാരണം. കഴിഞ്ഞവര്‍ഷം ജൂണില്‍ പ്രതിദിനം 12 ലക്ഷത്തോളം കലക്ഷന്‍ ഉണ്ടായിരുന്നത് എട്ടുലക്ഷമായി ചുരുങ്ങി. ഇന്ധന ചെലവ് കൂടുകയും ചെയ്തു. പല ഷെഡ്യൂളുകളും റദ്ദാക്കിയതാണ് വരുമാനം കുറയാന്‍ കാരണമെന്ന് പറയുന്നു. പയ്യന്നൂര്‍ ഡിപ്പോക്ക് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സര്‍വീസായിരുന്നു പയ്യന്നൂരില്‍നിന്ന് പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള ഷെഡ്യൂളുകള്‍. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിന്‍വലിച്ച് സ്വകാര്യ ലോബിക്ക് വിട്ടുകൊടുത്തു. രണ്ട് വീതം ബസുകള്‍ കോട്ടയം, ബംഗളൂരു എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇവ സൂപ്പര്‍ എക്സ്പ്രസുകളാണ്. കര്‍ണാടക ആര്‍.ടി.സി സ്വകാര്യബസുകളെ വെല്ലുന്ന ബസുകളാണ് കേരളത്തിലേക്ക് ഓടിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി സൂപ്പര്‍ ഡീലക്സ് വോള്‍വോ/പുഷ്ബാക്ക് ബസുകള്‍ അനുവദിക്കണമെന്നും ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം വേണമെന്നുമുള്ള ആവശ്യവും അവഗണിക്കുകയാണ്. ഓഫിസ് ജീവനക്കാരുടെ എണ്ണവും പകുതിയിലേറെ കുറവാണ്. ഡിപ്പോ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാരായ സി. കൃഷ്ണന്‍, കെ. കുഞ്ഞിരാമന്‍, ടി.വി. രാജേഷ് എന്നിവര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കണ്ടിരുന്നു. ഇതേതുടര്‍ന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയിരിക്കയാണ്. ദേശീയപാതയില്‍ വിസ്തൃതമായ സ്റ്റാന്‍ഡും കെട്ടിട സൗകര്യങ്ങളുമുള്ള ഡിപ്പോയാണ് അവഗണനയുടെ കട്ടപ്പുറത്ത് കയറ്റിയിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.