മലയോരത്ത് പകര്‍ച്ചപ്പനി പടരുന്നു

ശ്രീകണ്ഠപുരം: മഴക്കാലം തുടങ്ങിയതോടെ മലയോര ഗ്രാമങ്ങളിലടക്കം പകര്‍ച്ചപ്പനി വ്യാപിച്ചു. കോളനി പ്രദേശങ്ങളിലടക്കം നിരവധി പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചിട്ടും ആരോഗ്യ വകുപ്പധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ശ്രീകണ്ഠപുരം, പയ്യാവൂര്‍, ഏരുവേശി, മലപ്പട്ടം, മയ്യില്‍, നടുവില്‍, ആലക്കോട്, ചെങ്ങളായി, ഇരിക്കൂര്‍ പഞ്ചായത്തുകളിലെല്ലാം പകര്‍ച്ചപ്പനി വ്യാപകമായിട്ടുണ്ട്. പയ്യാവൂര്‍ പൈസക്കരിയില്‍ എച്ച്1എന്‍1 പനി ഒരാള്‍ക്ക് പിടിപെട്ടതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പനി വ്യാപിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും മരുന്നും ഇല്ലാത്തത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കിടത്തി ചികിത്സാ പ്രഖ്യാപനം പാഴ്വാക്കായതിനാല്‍ കുട്ടുംമുഖം സി.എച്ച്.സി, ചെങ്ങളായി പി.എച്ച്.സി എന്നിവ രോഗികള്‍ക്ക് പ്രയോജനപ്പെടുന്നില്ല. കൂട്ടുംമുഖം സി.എച്ച്.സിയില്‍ സൗകര്യമുണ്ടായിട്ടും കിടത്തിചികിത്സ വൈകുകയാണ്. ചെങ്ങളായി പി.എച്ച്.സിയില്‍ സൗകര്യങ്ങളെല്ലാമൊരുക്കിയിട്ടും കിടത്തി ചികിത്സ പ്രഖ്യാപനത്തിലൊതുങ്ങി. ഏരുവേശ്ശി, കുടിയാന്മല, ചന്ദനക്കാംപാറ, മലപ്പട്ടം പി.എച്ച്.സികളെ രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കുന്ന കേന്ദ്രങ്ങളാക്കിയിട്ടില്ല. പകര്‍ച്ചപ്പനി പടരുമ്പോഴും അധികൃതര്‍ മൗനം തുടരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.