മഞ്ചേരി: ബ്രഡ് പാക്കറ്റില്‍ ചത്ത പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ 20,000 രൂപ പിഴയടക്കാന്‍ മോഡേണ്‍ ബ്രഡ് കമ്പനിക്കെതിരെ ഉപഭോക്തൃ കോടതി വിധി. അരീക്കോട് തോട്ടുമുക്കം ഗവ. യു.പി സ്കൂള്‍ അധ്യാപകന്‍ അരീക്കോട് വെറ്റിലപ്പാറയിലെ തെരുവത്ത് തോമസിന്‍െറ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി ജഡ്ജി കെ. മുഹമ്മദലി, മെമ്പര്‍മാരായ മദനവല്ലി, മിനി മാത്യു എന്നിവര്‍ ശിക്ഷ വിധിച്ചത്. 20,000 രൂപയില്‍ 7,500 പരാതിക്കാരന് നഷ്ടപരിഹാരമായും 7,500 രൂപ അധ്യാപകന്‍ ജോലിചെയ്യുന്ന സ്കൂളിലെ ഉച്ചക്കഞ്ഞി ഫണ്ടിലേക്കും 5000 രൂപ ജില്ലയിലെ സൗജന്യ ഡയാലിസിസിന് കിഡ്നി പേഷ്യന്‍റ് വെല്‍ഫെയര്‍ ഫണ്ടിലേക്കും നല്‍കണം.കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് അരീക്കോട് പത്തനാപുരത്തെ ബേക്കറിയില്‍നിന്ന് ബ്രഡ് വാങ്ങി വീട്ടില്‍ കുട്ടികളോടൊപ്പം കഴിച്ചത്. പാക്കറ്റിനകത്ത് ചത്ത പുഴുവിനെ കണ്ടതോടെ കുട്ടികള്‍ ചര്‍ദിക്കാന്‍ തുടങ്ങി. ബ്രഡുമായി മലപ്പുറം ഉപഭോക്തൃ കോടതിയിലെത്തി കേസ് നല്‍കി. 250 ഡിഗ്രി ചൂടില്‍ 30 മിനിറ്റ് ബേക്കിങ് യന്ത്രത്തില്‍ കിടക്കുകയും നിര്‍മാണപ്രക്രിയയുടെ ഭാഗമായി രണ്ട് യന്ത്ര സംവിധാനങ്ങളില്‍ മിക്സിങ് നടക്കുകയും ചെയ്തതിനാല്‍ ഒരു നിലക്കും ബ്രഡില്‍ പുഴു ഉണ്ടാവില്ലെന്ന് മോഡേണ്‍ കമ്പനി വാദിച്ചെങ്കിലും തെളിവ് നല്‍കിയില്ല. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പ് 14 പ്രകാരമാണ് വിധി. ബ്രഡ് കമ്പനി പരാതിക്കാരനെ എതിര്‍വിസ്താരം നടത്തിയില്ല. കമ്പനിക്കെതിരെ ഒറ്റക്ക് നിയമനടപടി സ്വീകരിച്ച അധ്യാപകനെ കോടതി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.