വിശ്വകര്‍മ സമുദായ കമീഷന്‍ റിപ്പോര്‍ട്ട് ഡിസംബറോടെ

തൃശൂര്‍: വിശ്വകര്‍മ സമുദായത്തില്‍പ്പെട്ടവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, തൊഴില്‍, സാംസ്കാരിക തലങ്ങളിലെ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. പി.എന്‍. ശങ്കരന്‍ കമീഷന്‍ തൃശൂര്‍ രാമനിലയത്തില്‍ നടത്തിയ സിറ്റിങ്ങില്‍ വിവിധ സ്ഥാപനങ്ങളെയും സംഘടനകളെയും പ്രതിനിധാനം ചെയ്ത് 126 പേര്‍ പങ്കെടുത്തു. 58 പരാതിയും നിര്‍ദേശങ്ങളുമാണ് കമീഷന് ലഭിച്ചത്. ഈമാസം 31നകം തെളിവെടുപ്പ് പൂര്‍ത്തിയാക്കുമെന്നും ഡിസംബറോടെ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമീഷന്‍ സെക്രട്ടറി കെ.ആര്‍. രവീന്ദ്രന്‍ അറിയിച്ചു. സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസത്തിനും അനുവദിച്ച സംവരണത്തോത് ഉയര്‍ത്തുക, വിശ്വകര്‍മജരെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിക്കുക, ആഗോളീകരണത്തിന്‍െറ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ട സമുദായാംഗങ്ങളുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കുക, അര്‍ഹരായ സ്ത്രീകള്‍ക്ക് ധനസഹായം അനുവദിക്കുക, സര്‍വകലാശാലയില്‍ വാസ്തുവിദ്യ പാഠ്യ വിഷയമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ തെളിവെടുപ്പിന് എത്തിയവര്‍ സമര്‍പ്പിച്ചു. വിവിധ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ഭരണഘടന സ്ഥാപനങ്ങള്‍, സാംസ്കാരിക-സഹകരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സമുദായ പ്രാതിനിധ്യ കണക്കെടുപ്പും കമീഷന്‍ നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.