ജില്ലാപഞ്ചായത്ത് യോഗത്തില്‍ ബഹളം

തൃശൂര്‍: മാര്‍ച്ച് 17 മുതല്‍ മുടങ്ങിയ അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുന$സ്ഥാപിക്കുന്നതില്‍ ജില്ലാപഞ്ചായത്ത് ഭരണ നേതൃത്വം അനാസ്ഥ കാണിക്കുന്നതായി വിമര്‍ശം. ഇതേച്ചൊല്ലി യോഗത്തില്‍ ബഹളമുണ്ടായി. പ്രസിഡന്‍റിന്‍െറ ചേംബറിനു മുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ സത്യഗ്രഹം നടത്തി. അതേസമയം, ജങ്കാര്‍ സന്ദര്‍ശിക്കാന്‍ പോയ പ്രതിപക്ഷാംഗങ്ങള്‍ അഴീക്കോട് കടവില്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചതിന്‍െറ ജാള്യം തീര്‍ക്കാന്‍ യോഗത്തില്‍ രാഷ്ട്രീയനാടകം കളിക്കുകയായിരുന്നെന്ന് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ കുറ്റപ്പെടുത്തി. കുറഞ്ഞ കാലം മാത്രം പ്രവര്‍ത്തിച്ച ജില്ലാപഞ്ചായത്തിന് വന്‍ ബാധ്യതയുണ്ടാക്കിയ ജങ്കാര്‍ സര്‍ക്കാര്‍ തിരിച്ചെടുത്ത് പുതിയത് അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അഴീക്കോട് ഡിവിഷന്‍ അംഗം ജമീല അബൂബക്കര്‍ ബാനര്‍ ഉയര്‍ത്തിയാണ് യോഗത്തില്‍ പ്രതിഷേധിച്ചത്. ജങ്കാറുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്തിന്‍െറ ഇടപെടലുകളില്‍ ദുരൂഹതയും അനാസ്ഥയുമുണ്ടെന്ന് പ്രതിപക്ഷനേതാവ് പി.കെ. ഡേവിസ് ആരോപിച്ചു. ജങ്കാര്‍ അറ്റകുറ്റപ്പണിക്ക് ഇതുവരെ 59.35ലക്ഷം രൂപ ചെലവഴിച്ചതായി പ്രസിഡന്‍റ് രേഖാമൂലം മറുപടി നല്‍കി. ഇപ്പോള്‍ നടത്തിയ അറ്റകുറ്റപ്പണിക്ക് മാത്രം ചെലവഴിച്ച 32 ലക്ഷം രൂപക്ക് കഴിഞ്ഞ യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന്‍െറ ഇരട്ടി തുകയെങ്കിലും അറ്റകുറ്റപ്പണിക്ക് വേണ്ടിവരുമെന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. പുതിയ ജങ്കാറിന് വേണ്ടി വരുന്നതിനേക്കാള്‍ അധികം തുക അറ്റകുറ്റപ്പണിക്ക് വേണ്ടിവരുന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ദുരൂഹ ചെലവുകളെക്കുറിച്ച് വിജിലന്‍സ് കേസുണ്ട്. ജങ്കാറിനെ ആശ്രയിക്കുന്നവരുടെ യാത്രക്ളേശം എന്ന് അവസാനിക്കുമെന്ന് പറയാന്‍ പ്രസിഡന്‍റിന് കഴിയുന്നില്ലെന്ന് ആരോപിച്ചാണ് പ്രസിഡന്‍റിന്‍െറ ചേംബറിനു മുന്നില്‍ സത്യഗ്രഹം നടത്തിയത്. പ്രതിപക്ഷ നേതാവിനും അഴീക്കോട് ഡിവിഷന്‍ കൗണ്‍സിലര്‍ക്കും പുറമെ ഷീല വിജയകുമാര്‍, കെ.കെ. ശ്രീനിവാസന്‍, ജയ്മോന്‍ താക്കോല്‍ക്കാരന്‍, അജിത രാധാകൃഷ്ണന്‍, മഞ്ജുള അരുണന്‍, സതീദേവി, എന്‍.ടി. ശങ്കരന്‍, ടി.ജി. ശങ്കരനാരായണന്‍, അനിത രാധാകൃഷ്ണന്‍, ഹഫ്സ ജാഫര്‍, ലീല കുഞ്ഞാപ്പു, എം.കെ. ശിവരാമന്‍, പത്മം വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു. ഈമാസം ഒമ്പതിന് ജങ്കാര്‍ ഡ്രൈ ഡോക്ക് ചെയ്യുമെന്ന് ഏപ്രിലിലെ യോഗത്തില്‍ അറിയിച്ചിരുന്നെന്നും ഇതിന് മുനമ്പം കടവില്‍ അടുപ്പിച്ചപ്പോള്‍ കടവ് സന്ദര്‍ശിച്ച പ്രതിപക്ഷാംഗങ്ങള്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രസിഡന്‍റ് ശ്രീകുമാര്‍ കുറ്റപ്പെടുത്തി. അറ്റകുറ്റപ്പണിക്ക് ഇതുവരെ ചെലവായ തുക അനുവദിക്കണമെന്നും തുടര്‍ന്നുള്ള പണിക്ക് ഗ്രാന്‍റ് അനുവദിക്കണമെന്നും തിങ്കളാഴ്ച ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. അനുവദിച്ച കാലം മുതല്‍ ജങ്കാറിന് തകരാറുണ്ട്. നിര്‍മാണത്തില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കണം. കരാര്‍ കാലാവധി മൂന്നുവര്‍ഷമാക്കാനും അറ്റകുറ്റപ്പണി കരാറുകാരന്‍ ചെയ്യാനുമുള്ള വ്യവസ്ഥയോടെ തുടര്‍ലേലം നടത്താന്‍ തീരുമാനിച്ചു. ജങ്കാറിന്‍െറ ദൈനംദിന പ്രവര്‍ത്തനം അന്വേഷിച്ച് നടപടിയെടുക്കാനും ജങ്കാര്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്മിറ്റി രൂപവത്കരിക്കാനും ചുമതലയുള്ള ഡിവിഷന്‍ അംഗം അതിന് തയാറാവാതെ ഒളിച്ചോടുകയാണെന്ന് പ്രസിഡന്‍റ് കുറ്റപ്പെടുത്തി. വൈസ് പ്രസിഡന്‍റ് ലീല സുബ്രഹ്മണ്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. രാജന്‍, ആര്‍.പി. ബഷീര്‍, അഡ്വ. താര മണികണ്ഠന്‍, അംഗങ്ങളായ ഇ. വേണുഗോപാല മേനോന്‍, അനില്‍ അക്കര, കെ.വി. ദാസന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.