പൊന്നാനി: ഭൂരജിസ്ട്രേഷൻെറ ചരിത്രത്തിലാദ്യമായി 144 അവകാശികൾ ഉൾപ്പെട്ട ഒഴിമുറി ആധാരം പൊന്നാനിയിൽ രജിസ്റ്റ൪ ചെയ്തു. സബ് രജിസ്ട്രാ൪ ഇൻചാ൪ജ് പി. മണികണ്ഠൻ ശനിയാഴ്ച അവധിദിന രജിസ്ട്രേഷനായി രേഖപ്പെടുത്തുകയായിരുന്നു. 91 സ്ത്രീകളും 53 പുരുഷന്മാരുമാണ് ആധാരത്തിലെ അവകാശികൾ. ഇവരെല്ലാവരും ചേ൪ന്ന് കൂരാറ്റൻെറ ബീവിയുടെ പേരിൽ ആധാരം രജിസ്റ്റ൪ ചെയ്തു കൊടുക്കുകയായിരുന്നു.
പൊന്നാനി മുക്കാടി ബസ്സ്റ്റോപ്പിന് സമീപത്തെ പരേതനായ കൂരാറ്റൻെറ മുഹമ്മദ്കുട്ടിയുടെ മരിച്ച ഏഴു മക്കളുടെ മക്കളും പേരമക്കളും അടങ്ങുന്നതാണ് 144 പേ൪. പൊന്നാനി ഗവ. ആശുപത്രിക്ക് സമീപം സംസ്ഥാന പാതയോട് ചേ൪ന്ന 19 സെൻറ് ഭൂമിയാണ് ആധാരമാക്കിയത്.
പൊന്നാനി നഗരം അംശം ദേശത്ത് സ൪വേ 69/9, 10ൽപെട്ട 7.61 ആ൪ (19 സെൻറ്) ഭൂമിയാണ് പരേതനായ മുഹമ്മദ്കുട്ടിയുടെ മൂന്നും നാലും തലമുറകളിലെ അനന്തരാവകാശികൾക്ക് ലഭിച്ചത്. ഏറെക്കാലമായി ഭൂമി ഭാഗംവെക്കാതെ കിടക്കുകയായിരുന്നു. രജിസ്ട്രേഷന് കൂട്ടത്തോടെ എത്തിയത് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൂടിയായി.
കുടുംബാംഗങ്ങളിൽപെട്ട പൊന്നാനി നഗരസഭാ മുൻ വൈസ് ചെയ൪മാൻ വി. അബ്ദുസ്സലാം, സാമൂഹികപ്രവ൪ത്തകൻ ഗഫൂ൪ എന്നിവരുടെ നീണ്ടകാലത്തെ പരിശ്രമത്താലാണ് ഇത്രയേറെ കുടുംബാംഗങ്ങളെ ആധാരം രജിസ്റ്ററാക്കാൻ പ്രേരിപ്പിച്ചത്. 3.8 ലക്ഷം രൂപയാണ് ഭൂമിക്ക് വില കണക്കാക്കിയത്. 22,800 രൂപയുടെ മുദ്രപത്രവും 12,800 രൂപ രജിസ്ട്രേഷൻ ഫീസുമായി. അഡ്വ. കെ.പി.എം. ഷാഫി വെളിയങ്കോട്, സഹായികളായ കെ. മുസ്തഫ, കെ. ഉമ൪ എന്നിവരാണ് ആധാരം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.