കളി പഠിക്കാന്‍ അവധിക്കാലം

കല്‍പറ്റ: അവധിക്കാലത്ത് ടെലിവിഷനു മുന്നില്‍ ചടഞ്ഞുകൂടിയിരിക്കാതെ വരും തലമുറയെ കളിക്കളങ്ങളിലേക്കും നീന്തല്‍ക്കുളങ്ങളിലേക്കുമൊക്കെ ക്ഷണിക്കുകയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍. രണ്ടു മാസത്തിനിടെ വ്യത്യസ്ത ഇനങ്ങളിലും വേദികളിലുമായി നിലവാരമുള്ള അവധിക്കാല പരിശീലനക്കളരികളാണ് ത്രിതല പഞ്ചായത്തുകളുടെയും വിവിധ സ്പോര്‍ട്സ് അസോസിയേഷനുകളുടെയും സഹകരണത്തോടെ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്നത്. വോളിബാള്‍, ബാസ്കറ്റ്ബാള്‍, നീന്തല്‍, ചെസ്, അത്ലറ്റിക്സ്, ഫുട്ബാള്‍, തൈക്വാന്‍ഡോ, റൈഫിള്‍ ഷൂട്ടിങ് എന്നീ ഇനങ്ങളിലാണ് പ്രഗല്ഭര്‍ നേതൃത്വം നല്‍കുന്ന പരിശീലന ക്യാമ്പുകള്‍. വോളിബാള്‍, ബാസ്കറ്റ്ബാള്‍ ഇനങ്ങളില്‍ തിങ്കളാഴ്ച പരിശീലനം തുടങ്ങി. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ മേയ് 10 വരെ നീളുന്ന വോളിബാള്‍ പരിശീലന ക്യാമ്പിന് നേതൃത്വം നല്‍കുന്നത് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ച് സഞ്ജയ് ബാലിഗയാണ്. ജില്ലാ വോളിബാള്‍ അസോസിയേഷനുമായി സഹകരിച്ചാണ് ക്യാമ്പ്. പുല്‍പള്ളി സ്പോര്‍ട്സ് അക്കാദമിയുടെ സഹകരണത്തോടെ ഏപ്രില്‍ 21 മുതല്‍ 30 വരെ വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ജോണ്‍സണ്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് ബാസ്കറ്റ്ബാള്‍ പരിശീലനം. ഡയന ക്ളബുമായി സഹകരിച്ച്, മാനന്തവാടിയില്‍ തെരഞ്ഞെടുത്ത കളിക്കാര്‍ക്ക് കോച്ച് എ. നാസര്‍ നേതൃത്വത്തില്‍ ബാഡ്മിന്‍റണ്‍ ക്യാമ്പ് കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. തരിയോട്, വെങ്ങപ്പള്ളി പൊഴുതന ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ എടത്തറക്കടവ് പാലത്തിനുസമീപമുള്ള ചെക്ഡാമില്‍ നീന്തല്‍ പരിശീലനത്തിന് ചൊവ്വാഴ്ച തുടക്കമാവും. ജില്ലാ തൈക്വാന്‍ഡോ അസോസിയേഷന്‍െറ സഹകരണത്തോടെ ഏപ്രില്‍ 22 മുതല്‍ 30 വരെ കല്‍പറ്റയില്‍ തൈക്വാന്‍ഡോ ക്യാമ്പ് നടക്കും. ഏപ്രില്‍ 23 മുതല്‍ ചുണ്ടേല്‍ ആര്‍.സി.എല്‍.പി സ്കൂള്‍ ഗ്രൗണ്ടില്‍ റൈഫിള്‍ ഷൂട്ടിങ് പരിശീലന ക്യാമ്പ് നടത്തുന്നത് ജില്ലാ റൈഫിള്‍ അസോസിയേഷന്‍െറ സഹകരണത്തോടെയാണ്. മേയ് ആദ്യവാരം മുതല്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് ചെസ് പരിശീലനം. പരിശീലകരായ ആര്‍. രമേഷ്, അലക്സ് തോമസ്, സി.കെ. സദാശിവന്‍, വി.ആര്‍. സന്തോഷ് എന്നിവരാണ് നേതൃത്വം നല്‍കുക. മേയ് ഒന്നു മുതല്‍ മാനന്തവാടി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ജനമൈത്രി പൊലീസിന്‍െറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അത്ലറ്റിക്സ് ക്യാമ്പിന് മേല്‍നോട്ടം വഹിക്കുന്നത് സ്പോര്‍ട്സ് കൗണ്‍സില്‍ അത്ലറ്റിക് കോച്ച് ടി. താലിബാണ്. സന്തോഷ് ട്രോഫി കേരള ടീം പരിശീലകനായ സതീവന്‍ ബാലന്‍െറ നേതൃത്വത്തിലാണ് ഫുട്ബാള്‍ പരിശീലനം. മേയ് 10 മുതല്‍ 30 വരെ അരപ്പറ്റ എസ്റ്റേറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന പരിശീലന ക്യാമ്പ് നോവ ക്ളബുമായി യോജിച്ചാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 202658 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് സലീം കടവന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.