കലക്ടറേറ്റില്‍ തുരുമ്പെടുക്കുന്നത് നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍

കല്‍പറ്റ: ജില്ലാ ഭരണകേന്ദ്രത്തില്‍ അനാസ്ഥയുടെ അടയാളങ്ങളായി കുറെ പഴഞ്ചന്‍ വാഹനങ്ങള്‍. സിവില്‍ സ്റ്റേഷന്‍ ആസ്ഥാനം അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്നതിനിടയിലാണ് പരിസരത്ത് പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന കണ്ണായ സ്ഥലം വാഹനശേഖരത്തിനായി നീക്കിവെച്ചിരിക്കുന്നത്. ജില്ലാ ഭരണാധികാരികളുടെ മൂക്കിനു താഴെ ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ തുരുമ്പെടുത്ത്് നശിക്കുന്നത് തടയാനാകട്ടെ, നീക്കമൊന്നും നടക്കുന്നുമില്ല. കാലഹരണപ്പെട്ടവയും അല്ലാത്തവയുമുണ്ട് കൂട്ടത്തില്‍. കാറും ജീപ്പും മുതല്‍ റോഡ്റോളര്‍ വരെയുള്ള വാഹനങ്ങളാണ് സ്ഥലംമുടക്കികളായി തുരുമ്പെടുക്കുന്നത്. തിരക്കുപിടിച്ച ജില്ലാ ആസ്ഥാനത്തുനിന്ന് ഇവ മറ്റെവിടേക്കെങ്കിലും മാറ്റാനോ ലേലം ചെയ്യാനോ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതര്‍ ചെവിക്കൊള്ളുന്നില്ല. പ്രധാന കെട്ടിടത്തിനു പിന്നില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസ്, എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച്, പ്ളാനിങ് ഓഫിസ്, ഉപഭോക്തൃ കോടതി തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു തൊട്ടരികെയാണ്് സര്‍ക്കാര്‍ വാഹനങ്ങളുടെ ഈ ‘ശ്മശാനം.’ ജീവനക്കാരുടെയും കലക്ടറേറ്റിലെത്തുന്നവരുടെയും വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍പോലും മതിയായ സൗകര്യമില്ലാത്ത ഇവിടെ ഏറെ സ്ഥലമാണ് വാഹനങ്ങള്‍ കൊണ്ടുതള്ളാന്‍ വിനിയോഗിക്കുന്നത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് വണ്ടികള്‍ പാര്‍ക്കു ചെയ്യാന്‍ സ്ഥലമില്ലാതെ നെട്ടോട്ടമോടുന്നതിനിടയിലും പഴയ വാഹനങ്ങള്‍ എടുത്തുമാറ്റി വേണ്ട സ്ഥലമൊരുക്കുന്നതിനെക്കുറിച്ചുമാത്രം ചിന്തകളുണര്‍ന്നില്ല. വര്‍ഷങ്ങളായി തുരുമ്പെടുക്കുന്ന ചില വാഹനങ്ങളെ മറച്ച് പുല്ലുവളര്‍ന്നിട്ടുണ്ട്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കാലമേറെയായി കലക്ടറേറ്റിന്‍െറ സ്വന്തം അംബാസഡര്‍ കാറുകളിലൊന്ന് ഇവിടെ വഴിമുടക്കിയായാണ് ഉപേക്ഷിച്ചിരിക്കുന്നത്. പ്രധാന കെട്ടിടത്തില്‍നിന്ന് പിന്നിലെ കെട്ടിടത്തിലേക്കുള്ള വഴിയരികെ തുരുമ്പെടുത്ത് കിടക്കുന്ന വാഹനം മാറ്റിയിടാന്‍ പോലും അധികൃതര്‍ക്ക് തോന്നിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.