സമഗ്രാന്വേഷണം വേണം –സി.പി.എം

പുല്‍പള്ളി: കെ.എസ്.ഇ.ബി സെക്ഷന്‍ മസ്ദൂര്‍ ജീവനക്കാരനായിരുന്ന രാജേഷ്കുമാര്‍ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചത് സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് സി.പി.എം പാടിച്ചിറ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച കളനാടിക്കൊല്ലിയില്‍ വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് രാജേഷ് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാതിരുന്നതാണ് ഷോക്കേല്‍ക്കാനിടയാക്കിയത്. സംഭവ സ്ഥലത്തുനിന്ന് 300 മീറ്റര്‍ മാത്രം അകലെയുള്ള ഫ്യൂസ് ഊരുന്നതിനായി രാജേഷിന്‍െറ കൂടെ ഉണ്ടായിരുന്ന ലൈന്‍മാന്‍ പോയി എന്നാണ് പറയുന്നത്. ഷോക്കേറ്റ് പോസ്റ്റില്‍ തൂങ്ങിക്കിടന്ന രാജേഷിനെക്കണ്ട് നാട്ടുകാര്‍ ബഹളമുണ്ടാക്കിയശേഷമാണ് കൂടെ ഉണ്ടായിരുന്ന ലൈന്‍മാന്‍ വിവരമറിഞ്ഞെത്തിയത് എന്നത് ദുരൂഹതയുണ്ടാക്കുന്നു. ഫ്യൂസ് ഊരി മാറ്റിയാല്‍ ജീവനക്കാരന്‍ അവിടെ തന്നെ നില്‍ക്കാതെ ജോലിസ്ഥലത്തേക്ക് പോകണമെന്നാണ് ചട്ടം. ജോലിയില്‍ കൂടെയുണ്ടായിരുന്ന ലൈന്‍മാന്‍ രാജേഷിന്‍െറ സംസ്കാര ചടങ്ങില്‍ പങ്കെടുത്തില്ല എന്നും പറയപ്പെടുന്നു. സംഭവം ഒതുക്കാന്‍ ഭരണതലത്തില്‍ ഇടപെടല്‍ നടക്കുന്നതായി ആക്ഷേപമുണ്ട്. കുടുംബത്തിന്‍െറ ഏകാശ്രയമായിരുന്ന രാജേഷിന്‍െറ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുടുംബത്തിന് ധനസഹായവും ആനുകൂല്യങ്ങളും നല്‍കണമെന്നും ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എം.ബി. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. പി.ജെ. പൗലോസ്, കെ.വി. ജോബി, പി.എന്‍. ശിവാനന്ദന്‍, എ.ടി. ജോസഫ്, ജോളി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.