മാധവിയുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ അനുവദിച്ചു

കേളകം: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച 11ാം ബ്ളോക്കിലെ മാധവിയുടെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ അറിയിച്ചു. കാട്ടാന ശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിക്കാനും പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടികളെടുക്കാനും തീരുമാനമായി. തിങ്കളാഴ്ച വൈകീട്ട് ആറളം ഫാമിലെത്തിയ കലക്ടര്‍ കാട്ടാന തകര്‍ത്ത മാധവിയുടെ കുടിലും സമീപ പ്രദേശങ്ങളും സന്ദര്‍ശിച്ചു. സഹായധനം അഞ്ച് ലക്ഷമായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും ആറളത്തെ പുനരധിവാസ കുടുംബങ്ങള്‍ക്ക് കലക്ടര്‍ ഉറപ്പ് നല്‍കി. സബ് കലക്ടര്‍ ടി.വി. അനുപമ, ഇരിട്ടി ഡിവൈ.എസ്.പി പി. സുകുമാരന്‍, ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. ഹരികൃഷ്ണന്‍ നായര്‍, അസി. വാര്‍ഡന്‍ വി. മധുസൂദനന്‍, ഇരിട്ടി തഹസില്‍ദാര്‍ കെ.ആര്‍. രവീന്ദ്രന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. പത്മാവതി, പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. തോമസ്, മെംബര്‍ റഹിയാനത്ത് സുബി, ബ്ളോക് മെംബര്‍ കെ. വേലായുധന്‍, ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കലക്ടറെ അനുഗമിച്ചു. ആറളം പുനരധിവാസ മേഖലയില്‍ 10 യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇന്ന് മുതല്‍ കാട് തെളിക്കുമെന്ന് ജില്ലാ കലക്ടര്‍ ബാലകിരണ്‍ ‘മാധ്യമ‘ത്തോട് പറഞ്ഞു. ആറളത്ത് ഭൂമി ലഭിച്ചിട്ടും താമസം തുടങ്ങാത്തവരെ മടക്കിയെത്തിക്കും. ഫാമിലെ വന്യജീവി ശല്യം തടയാന്‍ കൂടുതല്‍ വനപാലകരെ വിന്യസിക്കും. പുനരധിവാസ പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാക്കാന്‍ ഈ മാസം 28ന് വകുപ്പുതല യോഗം വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പുനരധിവാസ മേഖലയില്‍ സുരക്ഷിതമല്ലാത്ത കുടിലുകളില്‍ താമസിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.