എസ്.എസ്.എല്‍.സിക്ക് കണ്ണൂരിന് ചരിത്രനേട്ടം

കണ്ണൂര്‍: എസ്.എസ്.എല്‍.സി പരീക്ഷയില്‍ കണ്ണൂര്‍ റവന്യൂ ജില്ലക്ക് ചരിത്ര ജയം. പരീക്ഷ എഴുതിയവരില്‍ 98.22 ശതമാനം പേരെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ കണ്ണൂര്‍ റവന്യൂ ജില്ലയാണ് സംസ്ഥാന തലത്തില്‍ ഒന്നാമത്. ജില്ലയില്‍ പരീക്ഷയെഴുതിയ 35,325 പേരില്‍ 34,713 പേരും ഉന്നതപഠനത്തിന് അര്‍ഹരായി. ഇതില്‍ 17,575 പേര്‍ ആണ്‍കുട്ടികളും 17,138 പേര്‍ പെണ്‍കുട്ടികളുമാണ്. ജില്ലയില്‍ 1,639 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം 96.22 ശതമാനം വിജയമുണ്ടായിരുന്നെങ്കിലും സംസ്ഥാന തലത്തില്‍ ആറാം സ്ഥാനത്തായിരുന്നു. 2012ല്‍ 96.93 എന്ന നേട്ടത്തില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം അല്‍പം പിറകിലോട്ടു പോയത്. എന്നാല്‍, വിഷു സമ്മാനം പോലെ ഈ വര്‍ഷം ഒന്നാമതാവുകയായിരുന്നു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 98.15 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയതില്‍ 20,428 പേര്‍ വിജയിച്ചു. ഇതില്‍ 10,301 പേര്‍ ആണ്‍കുട്ടികളും 10,127 പേര്‍ പെണ്‍കുട്ടികളുമാണ്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 98.43 പേര്‍ വിജയിച്ചു. ഇതില്‍ 7,626 ആണ്‍കുട്ടികളും, 7,271പെണ്‍കുട്ടിളുമാണ്. എ പ്ളസ് നേടിയവരില്‍ പെണ്‍കുട്ടികളുടെ ആധിപത്യമാണുള്ളത്. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 900 പേര്‍ക്കും തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 739 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചു. കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 563 പെണ്‍കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടി. എ പ്ളസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 337 ആണ്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 473 പെണ്‍കുട്ടികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടി. എ പ്ളസ് നേടിയ ആണ്‍കുട്ടികളുടെ എണ്ണം 266 ആണ്. മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിലും തളിപ്പറമ്പ് സീതി സാഹിബ് എച്ച്.എസ്.എസിലുമാണ് ജില്ലയില്‍ ഏറ്റവും കുടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത്. യഥാക്രം 1087, 1021 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ ഒരു സ്പെഷല്‍ സ്കൂള്‍ ഉള്‍പ്പെടെ 31 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി. ഇവയില്‍ പത്ത് സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂളുകളാണ്. 11 എയ്ഡഡ് സ്കൂളുകളും നാല് അണ്‍ എയ്ഡഡ് സ്കൂളുകളും മാഹിയിലെ അഞ്ചു സ്കൂളുകളും ഇതിലുള്‍പ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.