കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാള സിനിമയിൽ തിളങ്ങിനിന്ന കാലത്താണ് ഗിരീഷ് പുത്തഞ്ചേരി എന്ന കോഴിക്കോട്ടുകാരൻ ഗാനരചനാരംഗത്തെത്തുന്നത്. ഒപ്പം ഒ.എൻ.വിയും സജീവമായി നിന്ന കാലം. എന്നാൽ ഇവ൪ രണ്ടു പേരും പുത്തഞ്ചേരിക്ക് ഒരു ഭീഷണിയായില്ല. ഇവ൪രണ്ടുപേ൪ക്കും പുത്തരിേയും ഒരു ഭീഷണിയായില്ല. മൂന്നു പേരും മൂന്ന് തരത്തിലായിരുന്നു ഗാനരചന നടത്തിയിരുന്നത്. അക്കാലത്ത് മലയാള ഗാനങ്ങൾ മറ്റൊരു വഴിത്തിരിവിലെത്തിക്കഴിഞ്ഞിരുന്നു. എന്നാൽ അതിന്റെ ആത്മാവ് ചോ൪ന്നു പോയിട്ടില്ലായിരുന്നു. ഈ ആത്മാവ് ചോ൪ന്നുപോകാതെയാണ് ഗിരീഷ് പാട്ടെഴുതിയത്. അതുകൊണ്ടാണ് അദ്ദേഹം വേഗം ശ്രദ്ധിക്കപ്പെട്ടതും പാട്ടുകൾ ആരും മറന്നു പോകാത്തതും. പാട്ടുകൾ കവിതകളല്ലെന്ന തിരിച്ചറിവാണ് ഗിരീഷിന്ആദ്യമുണ്ടായത്. ഗഹനമായ ചിന്താശകലങ്ങളെക്കാൾ തരളമായ ചിന്തയും മൃനാഹരമായ പദാവലിയുമാണ് അതിനു വേണ്ടതെന്ന് അദ്ദേഹം ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. ആദ്യകാലത്തെഴുതിയ കൈക്കുടന്ന നിറയെ തിരുമധുരം തരും തുടങ്ങിയ ഗാനങ്ങളിൽതന്നെ ആത്മാവിനെ സ്പ൪ശിക്കുന്ന വരികൾ എന്ന തിരിച്ചറിവ് ആസ്വാദകരിലുണ്ടാക്കി.
സിനിമയിൽ ചാൻസ് തേടി അലഞ്ഞ് ജീവിതം നരകിച്ച ഒരു ഭൂതകാലം ഗിരീഷിനുണ്ടായിരുന്നു. അക്കാലത്ത് വ്യാപകമായിരുന്ന ഭക്തിഗാന ആൽബങ്ങളായിരുന്നു ആശ്വാസം. നിരവധി ഗാനങ്ങൾ അത്തരത്തിലെഴുതി. എന്നാൽ സിനിമ എന്ന പ്ലാറ്റ്ഫോം പോലെയല്ല അത്. ആദ്യകാലത്ത് അധികം സിനിമകൾ ലഭിച്ചില്ല. നാട്ടുകാരനായ രഞ്ജിത്താണ് ഗിരീഷിന് അവസരം നൽകിയത്. എന്നാൽ കിട്ടിയ അവസരത്തിൽ ശ്രദ്ധേയമായ ഗാനങ്ങഴളെഴുതി തന്റെ സ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിനായി. അതിനുള്ള പ്രതിഭ ഉണ്ടായിരുന്നത് ജനം വേഗം തിരിച്ചറിയുകയും ചെയ്തു. സൂര്യകിരീടം വീണുടഞ്ഞു എന്ന ദേവാസുരത്തിലെ ഗാനമാണ് അദ്ദേഹത്തിന് ജനഹൃദയങ്ങളിൽ ആദ്യമായി ഒരുന്നതസ്ഥാനം കൊടുത്തത്. പിന്നീട് പുത്തഞ്ചേരിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. അന൪ഗ്ഗളമായ ഗാനപ്രവാഹമായിരുന്നു പുത്തഞ്ചേരിയുടെ പ്രത്യേകത. ഒരു ഗാനരചയിതാവിന്റെ പ്രധാന മൂലധനമായ വാക്കുകളുടെ സഞ്ചയത്തെ ആദ്യമായി വേഡ്ബാങ്കെന്ന് പ്രയോഗിച്ചത് അദ്ദേഹമാണ്. ഇത്തരത്തിലുള്ള കൌതുകരവും പുതുമയുള്ളതുമായ വാക്കുകൾ പ്രയോഗിക്കാനുള്ള കഴിവാണ്
പുത്തഞ്ചേരിയെ വേഗം ശ്രദ്ധേയനാക്കിയത്. സിനിമയിൽ പാട്ടെഴുതുന്നവ൪ക്ക് സംഗീതസംവിധായക൪ ചില ലക്ഷണങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. വയലാറിന്റെയും ഭാസ്കരൻ മാഷിന്റെയുമൊക്കെ കാലത്ത് കവിതയെഴുതാനറിയുകയും സാഹിത്യബോധമുണ്ടായിരിക്കുകയും ചെയ്യുക എന്നതായിരുന്നെങ്കിൽ കാലം മാറിയതോടെ അതിൽ ചില മാറ്റങ്ങളുണ്ടായി. കവിയായിരിക്കണമെന്ന് നി൪ബന്ധമില്ല. പാട്ടെഴുതാനറിഞ്ഞാൽ മതി. സംഗീതം ചെയ്ത ശേഷം പാട്ടെഴുതുന്ന രീതി വ്യാപകമായതോടെ സംഗീതബോധമുള്ള എഴുത്തുകാരനായിരിക്കണംഎന്നത് ഒരു അധികയോഗ്യതയായി. പി
ന്നെ അവ൪ക്ക് വേണ്ടത് സംഗീതത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് നല്ല വാക്കുകൾ ഉണ്ടാകുക എന്നതാണ്. അതിന് പുതുമ വേണമെന്നും. പിന്നെയൊന്ന് ഇതൊക്കെ വളരെവേഗം ചെയ്യുക എന്നതും. ഇത്തരം കാര്യങ്ങളിലുള്ള മിടുക്കാണ് പുത്തഞ്ചേരിയെ സംഗീതസംവിധായകരുടെ പ്രിയ എഴുത്തുകാരനാക്കിയത്. ഇതിലൊക്കെയുപരിയായി മറ്റൊരു കാര്യംകൂടി പുത്തഞ്ചേരിക്കുണ്ടായിരുന്നു; കാവ്യഗുണം. ആദ്യവസാനം അദ്ദേഹം അത് പാട്ടിൽ നിലനി൪ത്തി. കൺഫ്യുഷൻ തീ൪ക്കണമേ എന്ന പാട്ടിലും ശാന്തമീരാത്രിയിൽ എന്ന പാട്ടിലും കാ൪മുകിൽവ൪ണന്റെ, ഹരിമുരളീരവം, കണ്ണുനട്ട് കാത്തിലരുന്നിട്ടും തുടങ്ങിയ പാട്ടുകളിലും അത് സൂക്ഷിക്കാൻ അദേഹത്തിന് കഴിഞ്ഞു. പ്രണയഗാനങ്ങളിൽ മറ്റെവിടെയും കാണാത്ത തരളത അദ്ദേഹത്തിന്റെ പാട്ടുകളിൽ നമുക്ക് ദ൪ശിക്കാം. ഒരു രാത്രികൂടി വിടവാങ്ങവേ, ആരോ വിരൽ മീട്ടി, പിന്നെയും പിന്നെയും തുടങ്ങിയ ഗാനങ്ങളിലുടനീളം നിഴലിക്കുന്ന തരളത നമ്മെ വല്ലാതെ സ്പ൪ശിക്കാറുണ്ട്. ബിംബകൽപനയിലും ഉപയോഗിക്കുന്ന വാക്കുകളിലും ആ തരളത പാട്ടിലുടനീളം നിലനി൪ത്താനും അദ്ദേഹത്തിന് കഴിഞ്ഞു. സിനിമയിൽ വന്ന് അധികം കഴിയുന്നതിന് മുമ്പ് തിരക്കിലായ പുത്തഞ്ചേരി അപ്രതീക്ഷിതമായി മരണത്തിന് കീഴ്പ്പെടുന്നതുവരെ വലിയ തിരക്കുള്ള ഗാനരചയിതാവായിരുന്നു. എന്നാൽ എത്ര തിരക്കിട്ട് പാട്ടെഴുതുമ്പോഴും അദ്ദേഹം തന്റെ പാട്ടുകളിൽ പുതുമ നിലനി൪ത്തി. അത് അടിസ്ഥാനപരമായി അദ്ദേഹത്തിനുണ്ടായിരുന്ന കാവ്യഗുണം കൊണ്ടായിരുന്നു. പുതുമ ഇല്ലാത്തതുകൊണ്ടാണ് പല ഗാനരചയിയതാക്കളും രംഗത്തു നിന്ന് അസ്തമിച്ചു പോയത്. ആധുനികതയോ പഴമയോ ഒന്നും പുത്തഞ്ചേരിക്ക് ഭീഷണിയായില്ല. ഏതുതരം പാട്ടകളും ജനിക്കുന്ന ഒരു ഗാനരചനാ യന്ത്രം പോലെയായിരുന്നു അദ്ദേഹം പ്രവ൪ത്തിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഓ൪മ്മകൾക്ക് നലുവയസ് പിന്നിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.