കൈറോ: ഈജിപ്തിൽ സൈനിക ഭരണകൂടത്തിനുകീഴിൽ തയാറാക്കപ്പെട്ട പുതിയ ഭരണഘടന സംബന്ധിച്ച ഹിതപരിശോധനക്ക് തുടക്കമായി. കനത്ത സുരക്ഷാസംവിധാനത്തിൽ നടക്കുന്ന ഹിതപരിശോധന ബുധനാഴ്ചയും തുടരും. 5.4കോടി ജനങ്ങൾ ഭരണഘടന സംബന്ധിച്ച തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഹിതപരിശോധനക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് കഴിഞ്ഞ ദിവസം മുതൽ ഏ൪പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ പോളിങ് സ്റ്റേഷനുകളിലായി ഒന്നര ലക്ഷത്തോളം സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമെ, രണ്ടു ലക്ഷത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.
പോളിങ് സ്റ്റേഷനുകൾക്കു മുന്നിൽ നീണ്ട ക്യൂവാണ് പ്രത്യക്ഷപ്പെട്ടതെന്നാണ് ബി.ബി.സി, ഗാ൪ഡിയൻ തുടങ്ങിയ മുഖ്യധാരാ മാധ്യമങ്ങളുടെ റിപ്പോ൪ട്ട്. എന്നാൽ, പല കക്ഷികളുടെയും വോട്ടെടുപ്പ് ബഹിഷ്കരണത്തിൻെറ പശ്ചാത്തലത്തിൽ ഗിസ ഉൾപ്പെടെയുള്ള മേഖലകളിലെ പോളിങ് സ്റ്റേഷനുകൾ കാലിയായിക്കിടക്കുന്നതായി അൽ അഹ്റാം റിപ്പോ൪ട്ട് ചെയ്തു.
ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് പൊതുവെ ശാന്തമാണെന്നാണ് റിപ്പോ൪ട്ടുകൾ. എന്നാൽ, രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേ൪ കൊല്ലപ്പെട്ടു. ഒരു പോളിങ് സ്റ്റേഷനുസമീപം വോട്ടെടുപ്പിനുമുമ്പ് സ്ഫോടനമുണ്ടായതായും റിപ്പോ൪ട്ടുണ്ട്. രണ്ടാഴ്ചക്കിടെ, കൈറോയിലും അലക്സാൺട്രിയയിലും ഹിതപരിശോധനക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇതുവരെ ഏറ്റുമുട്ടലുകളിൽ ഏഴു പ്രതിഷേധക്കാ൪ സൈനിക നടപടിക്ക് ഇരയായതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് അറിയിച്ചു. പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളുൾപ്പെടെ 700ലധികം ആളുകളെ മുൻകരുതലുകളുടെ പേരിൽ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹുസ്നി മുബാറക് ഭരണകൂടത്തിനെതിരെ സമരം നയിച്ച നാല് പ്രമുഖ ബ്രദ൪ഹുഡ് നേതാക്കളും ഇതിൽ പെടും.
അമേരിക്കൻ ഒത്താശയോടെ ഏകപക്ഷീയമായി നടപ്പാക്കുന്ന ഹിതപരിശോധന ബഹിഷ്കരിക്കുമെന്ന് നേരത്തേ തന്നെ മുസ്ലിം ബ്രദ൪ഹുഡ് പ്രഖ്യാപിച്ചിരുന്നു.
ബ്രദ൪ഹുഡിനു പുറമെ ഏതാനും ഇസ്ലാമിക പ്രസ്ഥാനങ്ങളും അവസാന നിമിഷം ഹിതപരിശോധനയിൽ നിന്ന് വിട്ടുനിന്നു. മു൪സിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാ൪ഥിയായി മത്സരിച്ച അബ്ദുൽ ഫത്താഹിൻെറ ഹിസ്ബ് മിസ്൪ അൽ ഖവിയ്യയും (സ്ട്രോങ് ഈജിപ്ത് പാ൪ട്ടി) ഇതിൽ പെടും. പാ൪ട്ടിയുടെ 50ഓളം പേരെ ചൊവ്വാഴ്ച സൈന്യം അറസ്റ്റുചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.