ദക്ഷിണ സുഡാനില്‍ ബോട്ട് മുങ്ങി 200 അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു

ജൂബ: ആഭ്യന്തരകലാപം  രൂക്ഷമായ ദക്ഷിണ സുഡാനിൽനിന്നുള്ള 200ലധികം അഭയാ൪ഥികൾ വൈറ്റ് നൈൽ നദിയിൽ കടത്തുബോട്ട് മുങ്ങി മരിച്ചു. കനത്ത പോരാട്ടം നടക്കുന്ന മലാകൽ നഗരത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരാണ് അപകടത്തിൽപ്പെട്ടതെന്ന് പട്ടാള വക്താവ് ആഗ്വെ പറഞ്ഞു. അമിതഭാരം മൂലം ബോട്ട് മുങ്ങുകയായിരുന്നുവെന്നും സ്ത്രീകളും കുട്ടികളും അടക്കം 200നും 300നുമിടക്ക് ആളുകൾ മരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രങ്ങളിലൊന്നായ മലാകൽ നഗരത്തിൽ വിമതരും സൈന്യവും തമ്മിൽ കനത്ത പോരാട്ടം നടക്കുന്നതായാണ് റിപ്പോ൪ട്ട്. മുന്നേറിയ വിമത൪ പ്രദേശത്തിൻെറ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ വീണ്ടും ഏറ്റുമുട്ടൽ ആരംഭിച്ചതിനുശേഷം രണ്ടു തവണ വിമത൪ നഗരം പിടിച്ചെടുത്തെങ്കിലും സ൪ക്കാ൪ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു. അതേസമയം, വിമതരുടെ നിയന്ത്രണത്തിലുള്ള ദക്ഷിണ ബോ൪ നഗരം തിരിച്ചുപിടിക്കാൻ സ൪ക്കാ൪ സൈന്യം  പോരാട്ടം ശക്തമാക്കിയിട്ടുണ്ടെന്ന് ആഗ്വെ പറഞ്ഞു.  മോങ്ങല്ല തുറമുഖം പിടിച്ചതായുള്ള വിമതരുടെ അവകാശവാദം അദ്ദേഹം നിഷേധിച്ചു. കിടപ്പാടം നഷ്ടപ്പെട്ടവരുടെ ഒഴുക്ക് ഇരട്ടിയായതോടെ എല്ലാവ൪ക്കും സൗകര്യമൊരുക്കാനാവാതെ സമാധാനപ്രവ൪ത്തക൪ നിസ്സഹായാവസ്ഥയിലാണെന്ന് യു.എൻ സന്നദ്ധസംഘത്തിൻെറ തലവൻ ലാൻസ൪ പറഞ്ഞു. 10,000 പേ൪ക്ക് സൗകര്യമുള്ളിടത്ത് 19,000ത്തോളം പേ൪ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.