ലോക സ്കൂള്‍ മീറ്റ്: അഞ്ചുപേരുടെ ചെലവ് സംസ്ഥാനം വഹിക്കും

തിരുവനന്തപുരം: ബ്രസീലിൽ നടക്കുന്ന ലോക സ്കൂൾ മീറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏഴു മലയാളി താരങ്ങളിൽ അഞ്ചുപേരുടെ ചെലവ് സംസ്ഥാനം വഹിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പുണെയിൽ നടന്ന ഏഷ്യൻ സ്കൂൾ മീറ്റിലെ ജേതാക്കളായ ഏഴു മലയാളികളെയാണ് ലോക സ്കൂൾ മീറ്റിലേക്ക് തെരഞ്ഞെടുത്തത്. ഇതിൽ സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ കീഴിൽ പരിശീലനം നടത്തിയ രണ്ടു മലയാളികളുടെ ചെലവുകൾ അവരാണ് വഹിക്കുന്നത്. ഒരു താരത്തിന് രണ്ടരലക്ഷം രൂപയായിരിക്കും ചെലവ് വരികയെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഏഷ്യൻ സ്കൂൾ മീറ്റിലെ മെഡൽ ജേതാക്കളായ കല്ലടി സ്കൂളിലെ സി ബബിത, പാല സെൻറ് മേരീസിലെ മരിയ ജയ്സൺ, മുഹമ്മദ് അഫ്സൽ, അബ്ദുല്ല അബൂബക്ക൪, എ പി ഷിൽഡ (മുഹമ്മ എ.ബി വിലാസം), ലേഖാ ഉണ്ണി (മേഴ്സിക്കുട്ടൻ അക്കാദമി), അഞ്ജലി ജോസ് (കോട്ടയം സ്പോ൪ട്സ് ഹോസ്റ്റൽ) എന്നിവരെയാണ് തെരഞ്ഞെടുത്തിരുന്നത്. നവംബ൪ 27നാണ് ബ്രസീലിയയിൽ മീറ്റ് ആരംഭിക്കുന്നത്.
കൊളംബോയിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ജേതാവായ അഞ്ചുവയസ്സുകാരൻ നിഖിൽ രാമകൃഷ്ണന് ഒരുലക്ഷം രൂപ പാരിതോഷികം നൽകാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ലയോള സ്കൂളിലെ യു.കെ.ജി വിദ്യാ൪ഥിയാണ് നിഖിൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.