കോഴിക്കോട്: മികച്ച ലൈബ്രറിയില്ലാത്തതിനാൽ അക്ഷര സഹൃദയത്വത്തിന് പേരുകേട്ട കോഴിക്കോടിൻെറ അക്ഷര സ്വപ്നങ്ങൾ കൂമ്പടിയുന്നു. നൂറുകണക്കിന് പുസ്തകശാലകളും റെക്കോഡ് വിൽപനയും നടക്കുന്ന നഗരത്തിൽ മികച്ച ലൈബ്രറിയില്ല.
ലൈബ്രറി കൗൺസിലിന് കീഴിൽ കിളിയനാട്ടുള്ള ജില്ലാ ലൈബ്രറി, മാനാഞ്ചിറ പബ്ളിക് ലൈബ്രറി എന്നിവയാണ് കോഴിക്കോട്ടെ പ്രധാന ഗ്രന്ഥശാലകൾ. എന്നാൽ, അവഗണനയും സ൪ക്കാ൪ നടപടികളിലെ അലംഭാവവും കാരണം ഇവ രണ്ടും പ്രതിസന്ധിയിലാണ്.
നേരത്തേ മാനാഞ്ചിറയിൽ പ്രവ൪ത്തിച്ചിരുന്ന ലൈബ്രറി കൗൺസിലിന് കീഴിലുള്ള ലൈബ്രറി 1993ൽ കെട്ടിട നവീകരണത്തിൻെറ ഭാഗമായി ഇവിടെ നിന്ന് മാറ്റുകയായിരുന്നു. ഒരു വ൪ഷത്തിനകം നി൪മാണം പൂ൪ത്തീകരിച്ച് കെട്ടിടം ലൈബ്രറി കൗൺസിലിന് കൈമാറണമെന്നായിരുന്നു നിബന്ധനയെങ്കിലും പിന്നീട് കൈമാറ്റം നടന്നില്ലെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. ചന്ദ്രൻ മാസ്റ്റ൪ പറയുന്നു. പിന്നീട് പുതിയ ട്രസ്റ്റ് രൂപവത്കരിച്ച് മാനാഞ്ചിറയിൽ പുതിയ ലൈബ്രറി പ്രവ൪ത്തനം തുടങ്ങിയതോടെ പഴയ ലൈബ്രറി വഴിയാധാരമായി.
തുട൪ന്ന് ഇതുസംബന്ധിച്ച് കേസുകളായതോടെ ജില്ലാ ലൈബ്രറി ഇപ്പോഴും ജീ൪ണാവസ്ഥയിലായ കെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്.
1993ൽ മാനാഞ്ചിറയിലെ കെട്ടിടം പൊളിച്ച ശേഷം 2006ലാണ് സ്ഥാപനം കിളിയനാട്ടെ കെട്ടിടത്തിൽ പുനരാരംഭിച്ചത്. അമൂല്യമായ അക്ഷരനിറവുകൾ ഇതിനിടയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. 60,000ത്തോളം പുസ്തകങ്ങളും നൂറുകണക്കിന് പത്ര, വാരികകളുമുണ്ട് പൂ൪ണമായി കമ്പ്യൂട്ട൪വത്കരിച്ച കിളിയനാട്ടെ ലൈബ്രറിയിൽ.
പ്രതിവ൪ഷം മൂന്ന് ലക്ഷം രൂപ പുസ്തകങ്ങൾ വാങ്ങാൻ ചെലവിടുന്നുണ്ട്. എന്നാൽ, താൽക്കാലിക കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്നതിനാൽ സ്ഥാപനത്തിൻെറ വിപുലീകരണത്തിന് ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്.
മാത്രമല്ല, വെള്ളിമാട്കുന്ന്- മാനാഞ്ചിറ പാതക്കു വേണ്ടി ലൈബ്രറിയുടെ പകുതിഭാഗം ഉടൻ പൊളിക്കേണ്ടിയും വരും. ഉറൂബ് സ്മാരകവും ഇവിടെയുണ്ടെങ്കിലും ഇക്കാര്യത്തിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്.
1940കൾ മുതൽ നഗരത്തിൽ പ്രവ൪ത്തിക്കുന്ന, 1948ൽ മദ്രാസ് പബ്ളിക് ലൈബ്രറി ആക്ടിന് കീഴിൽ ലോക്കൽ ലൈബ്രറിയായി രജിസ്റ്റ൪ ചെയ്ത, ചരിത്രപാരമ്പര്യമുള്ള സ്ഥാപനമാണ് പ്രതിസന്ധി നേരിടുന്നത്.
അതേസമയം, നാലുനില കെട്ടിട സൗകര്യമുണ്ടെങ്കിലും പുസ്തകങ്ങൾ വാങ്ങാനോ ജീവനക്കാ൪ക്ക് ശമ്പളം നൽകാനോ പോലും ഫണ്ടില്ലാത്ത അവസ്ഥയിലാണ് മാനാഞ്ചിറയിലെ പബ്ളിക് ലൈബ്രറി. ലൈബ്രറി കൗൺസിലിൻെറയോ സ൪ക്കാറിൻെറയോ അംഗീകാരമില്ലാത്തതാണ് പ്രധാന പ്രശ്നം.
സ്ഥാപനം തുടങ്ങിയ 1996ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് കൊണ്ടുവന്ന പുസ്തകങ്ങളാണ് ഇപ്പോഴും ഇവിടെയുള്ളത്.
പലതും കേടുവന്ന് നശിച്ചു. താഴെ നിലയിലെ ഒമ്പത് കടകളുടെ വരുമാനത്തിൽനിന്നാണ് ലൈബ്രറി നടന്നിരുന്നത്. എന്നാൽ, പഴയ നിരക്കിലുള്ള വാടകകൊണ്ട് ദൈനംദിന പ്രവ൪ത്തനങ്ങൾതന്നെ കഴിയാത്ത അവസ്ഥയാണ്. മൂന്നുമാസമായി വരിസംഖ്യ അടക്കാത്തതിനാൽ അടുത്ത മാസം മുതൽ പത്രമാസികകൾ മുടങ്ങും.
13 ജീവനക്കാ൪ക്ക് ശമ്പളം ലഭിച്ചിട്ട് നാലുമാസത്തോളമായി. പബ്ളിക് ലൈബ്രറിയുടെ ശോച്യാവസ്ഥക്ക് പരിഹാരം കാണാൻ തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി യോഗം വിളിച്ചിട്ടുണ്ട്.
കോട്ടയം പബ്ളിക് ലൈബ്രറി മാതൃകയിൽ മാനാഞ്ചിറയിലെ പബ്ളിക് ലൈബ്രറി നവീകരിക്കാനാണ് നീക്കം. എന്നാൽ, കോഴിക്കോടിൻെറ ചരിത്രത്തോടൊപ്പം നിലനിൽക്കുന്ന ലൈബ്രറി കൗൺസിലിന് കീഴിലുള്ള ജില്ലാ ലൈബ്രറിക്ക് കെട്ടിടമൊരുക്കാൻ ഒരു നടപടിയും ആയിട്ടില്ല.
ഒരിടത്ത് പുസ്തകങ്ങളും സംവിധാനങ്ങളുമുണ്ട്; കെട്ടിടമില്ല. മറ്റൊരിടത്ത് കെട്ടിടമുണ്ട്; പുസ്തകങ്ങളും ഫണ്ടുമില്ല. ഇവ രണ്ടും ചേ൪ത്ത് കോഴിക്കോടിന് അഭിമാനകരമായ ഒരു ലൈബ്രറി ഒരുക്കാൻ ഇടപെടാൻ ആരുമില്ലേ എന്നാണ് അക്ഷര പ്രേമികളുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.