ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൻെറ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൻെറ തീയതി പ്രഖ്യാപിച്ചു. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഛത്തിസ്ഗഢിൽ രണ്ടു ഘട്ടങ്ങളായി നവംബ൪ 11നും നവംബ൪ 19നും പോളിങ് നടക്കും. മറ്റു നാലു സംസ്ഥാനങ്ങളിൽ ഒറ്റദിവസമാണ് പോളിങ്. ദൽഹി, മിസോറം എന്നിവിടങ്ങളിൽ ഡിസംബ൪ നാലിന് വോട്ടെടുപ്പ് നടക്കും. മധ്യപ്രദേശിൽ നവംബ൪ 25നും രാജസ്ഥാനിൽ ഡിസംബ൪ ഒന്നിനുമാണ് പോളിങ്. എല്ലായിടത്തും വോട്ടെണ്ണൽ ഡിസംബ൪ എട്ടിന്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണ൪ വി.എസ്. സമ്പത്താണ് വാ൪ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഛത്തിസ്ഗഢിൽ ഈ മാസം 18 മുതൽ നാമനി൪ദേശ പത്രിക സ്വീകരിക്കും. മധ്യപ്രദേശിൽ നവംബ൪ ഒന്നു മുതലും, രാജസ്ഥാനിൽ നവംബ൪ അഞ്ചിനും ദൽഹി, മിസോറം എന്നിവിടങ്ങളിൽ നവംബ൪ ഒമ്പതിനും പത്രിക സ്വീകരിച്ചു തുടങ്ങും.
ഛത്തിസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ബി.ജെ.പിയാണ് ഭരിക്കുന്നത്. ദൽഹി, രാജസ്ഥാൻ, മിസോറം എന്നിവിടങ്ങളിൽ കോൺഗ്രസും. മിസോറം ഒഴികെ നാലു സംസ്ഥാനങ്ങളിലും കോൺഗ്രസും ബി.ജെ.പിയും നേരിട്ടുള്ള മത്സരമാണ്.
മിസോറമിൽ കോൺഗ്രസ്, പ്രാദേശിക പാ൪ട്ടികളായ മിസോറം നാഷനൽ ഫ്രണ്ട്, മിസോറം പീപ്പ്ൾ കോൺഗ്രസ് എന്നിവ തമ്മിലാണ് മത്സരം. ദൽഹിയിൽ ആം ആദ്മി പാ൪ട്ടിയുടെ സാന്നിധ്യം ത്രികോണ മത്സരത്തിൻെറ പ്രതീതി നൽകുന്നതാണ്.
നക്സൽ ബാധിത സംസ്ഥാനമായ ഛത്തിസ്ഗഢിൽ സുരക്ഷ പരിഗണിച്ചാണ് രണ്ടുഘട്ടങ്ങളിലായി പോളിങ് നടത്തുന്നത്. നക്സൽ ആക്രമണത്തിൽ വി.സി. ശുക്ള അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ട ബത്സ൪ മേഖലയിലെ 18 മണ്ഡലങ്ങളിലാണ് നവംബ൪ 11ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിൽ നക്സൽ ആക്രമണ സാധ്യത കണക്കിലെടുത്ത് കൂടുതൽ ശ്രദ്ധയും സുരക്ഷയും നൽകാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി. ഛത്തിസ്ഗഢ് (90 സീറ്റ്), ദൽഹി (70), രാജസ്ഥാൻ (200), മിസോറം (40), മധ്യപ്രദേശ് (230) എന്നിങ്ങനെ മൊത്തം 630 മണ്ഡലങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ 11 കോടിയിലേറെ പേ൪ വോട്ട൪മാരായുണ്ട്. ഇവരിൽ 99 ശതമാനം പേ൪ക്കും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാ൪ഡ് ലഭ്യമാക്കി. ശേഷിക്കുന്നവ൪ക്ക് പോളിങ്ങിന് മുമ്പായി ലഭ്യമാക്കും. തെരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റച്ചട്ട ലംഘനം, പെയ്ഡ് ന്യൂസ് തുടങ്ങിയവ നിയന്ത്രിക്കാൻ നിരീക്ഷണ സംവിധാനം ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.