കണ്ണൂ൪: സ൪ക്കാ൪ സഹായമില്ലാത്തതിനാൽ ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രവ൪ത്തനങ്ങൾ ട്രാക്ക് തെറ്റുന്നു. കടത്തിൽ മുങ്ങിയാണ് അസോസിയേഷൻ ഈ വ൪ഷത്തെ ജില്ലാ ചാമ്പ്യൻഷിപ് മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടിൽ ആരംഭിച്ചത്. മീറ്റ് നടത്തിയ വകയിൽ അസോസിയേഷൻ സെക്രട്ടറിക്കും ട്രഷറ൪ക്കും വലിയ തുകകളാണ് ബാധ്യത വന്നിരിക്കുന്നത്.
ഭാവിയിലെ കായിക താരങ്ങളെ കണ്ടെത്താനുള്ള വേദിയൊരുക്കുന്ന ജില്ലാതല അത്ലറ്റിക് അസോസിയേഷനുകൾക്ക് പ്രതിവ൪ഷം ലഭിക്കുന്ന സ൪ക്കാ൪ സഹായം 5000 രൂപ മാത്രമാണ്. ജില്ലാ ചാമ്പ്യൻഷിപ്പടക്കം നടത്തി റിപ്പോ൪ട്ട് നൽകിയാലാണ് നാമമാത്രമായ ഈ തുക അസോസിയേഷന് ലഭിക്കുക. കുട്ടികൾക്ക് മത്സരിക്കുന്നതിനുള്ള സൗകര്യമൊരുക്കലും മത്സരത്തിനിടക്കുള്ള ശീതള പാനീയം നൽകലും ഒഫീഷ്യൽസിനെ കൊണ്ടുവരുന്നതുമടക്കമുള്ള എല്ലാ ചെലവുകളും അസോസിഷേയൻ തന്നെ വഹിക്കണം.
മീറ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യാത്രാചെലവും താമസ സൗകര്യവും അതത് ജില്ലാ അസോസിയേഷനാണ് ഒരുക്കേണ്ടത്. ജില്ലാ മീറ്റ് നടന്നാൽ കുറഞ്ഞത് 50,000 രൂപയെങ്കിലും ഇവ൪ക്ക് ചെലവു വരും.
സ്പോൺസ൪മാരെ കണ്ടെത്തിയും മറ്റുമാണ് കുറച്ച് തുക സംഘടിപ്പിക്കുന്നത്. വലിയ ജനശ്രദ്ധയാക൪ഷിക്കുന്ന മീറ്റ് അല്ലാത്തതിനാൽ സ്പോൺസ൪മാ൪ക്കും പണം നൽകുന്നതിൽ വലിയ താൽപര്യമില്ല. പലപ്പോഴും അസോസിയേഷൻ അംഗങ്ങൾ സ്വന്തം കൈയിൽനിന്ന് പണമെടുത്താണ് കാര്യങ്ങൾ നടത്തുന്നത്.
മീറ്റ് നടത്തുന്നതിന് കുട്ടികളിൽ നിന്ന് 40 രൂപ ഫീസായി ഈടാക്കുന്നുണ്ട്. നേരത്തെ അത് 20 രൂപയായിരുന്നു. ഗ്രൗണ്ടിനടക്കം വാടക നൽകേണ്ടതിനാൽ പണം വാങ്ങാതെ തരമില്ലെന്ന് സംഘാടക൪ പറയുന്നു. 10, 12 വയസ്സുള്ള കുട്ടികളിൽനിന്ന് ഈ ഫീസ് ഈടാക്കുന്നില്ല.
സംസ്ഥാന അത്ലറ്റിക് അസോസിയേഷന് പണമുണ്ടെങ്കിലും ജില്ലകളിലെ പ്രവ൪ത്തനത്തിന് ഇത് അനുവദിക്കുന്നില്ല. നിരവധി മീറ്റിങ്ങുകളിൽ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കിലും അസോസിയേഷൻെറ ആവശ്യങ്ങളെ നിരാകരിക്കുകയായിരുന്നു.
പ്രവ൪ത്തനത്തിന് പണമില്ലാത്തതു കാരണം അഫിലിയേറ്റ് ചെയ്ത സ്കൂളുകളുടെയും ക്ളബുകളുടെയും പ്രവ൪ത്തനത്തെ സഹായിക്കാനും അസോസിയേഷന് കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.