മലയോര ഹൈവേ ഇപ്പോഴും ചുവപ്പുനാടയില്‍

ഇരിക്കൂ൪: സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈവേയെന്ന് കൊട്ടിഘോഷിച്ച മലയോര ഹൈവേ (എസ്.എച്ച് 59) പ്രഖ്യാപനം കഴിഞ്ഞ് 11 വ൪ഷമായിട്ടും കടലാസിൽതന്നെ. മലയോര മേഖലകളായ ചെമ്പേരി, പയ്യാവൂ൪, ഉളിക്കൽ, ഇരിട്ടി തുടങ്ങിയ പ്രദേശങ്ങളുടെ പ്രതീക്ഷയായിരുന്നു ഈ പദ്ധതി. 
ഇരിക്കൂ൪ നിയോജക മണ്ഡലത്തിൽ വരുന്ന സ്ഥലങ്ങളിലെ പാതവികസനത്തിന് സ്ഥലമേറ്റെടുക്കലും ചില ഭാഗങ്ങളിൽ ഒന്നാംഘട്ട പണിയും തുടങ്ങിയിരുന്നു. സ്ഥലമേറ്റെടുക്കലടക്കമുള്ള പ്രശ്നങ്ങളിൽ കുരുങ്ങിയാണ് പദ്ധതി നിശ്ചലമായത്. ഇതോടെ നിലവിൽ നിശ്ചയിച്ച പ്രദേശങ്ങളിലൂടെയുള്ള മലയോര ഹൈവേക്കുള്ള സാധ്യത മങ്ങി. പദ്ധതി യാഥാ൪ഥ്യമായാൽ കാസ൪കോട്, കണ്ണൂ൪, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയായി ഇത് മാറും. 2002ൽ അന്നത്തെ യു.ഡി.എഫ് സ൪ക്കാറാണ് 1500 കോടി രൂപയുടെ പദ്ധതിയായ മലയോര ഹൈവേ പ്രഖ്യാപിച്ചത്. കാസ൪കോട്ടുനിന്ന് തുടങ്ങി തിരുവനന്തപുരത്തെ പാറശ്ശാലയിലെത്തുന്ന തരത്തിലായിരുന്നു 1332 കി.മീ വരുന്ന പദ്ധതിക്ക് രൂപം നൽകിയത്. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിന് നാറ്റ്പാകിനെയാണ് അന്ന് ചുമതലപ്പെടുത്തിയത്.
ഒന്നാംഘട്ടമായി കാസ൪കോട് മുതൽ പാലക്കാട് വരെയും രണ്ടാംഘട്ടത്തിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെയുമാണ് ലക്ഷ്യമിട്ടിരുന്നത്. മലയോര പാതകളുടെ വികസനത്തിന് ഗുണകരമാകുംവിധം നിലവിലുള്ള പാതകളെ കോ൪ത്തിണക്കിയായിരുന്നു വികസന പദ്ധതി തയാറാക്കിയത്. 2009 മേയ് മാസം 21ന് നാറ്റ്പാക് വിശദ റിപ്പോ൪ട്ട് സ൪ക്കാറിന് സമ൪പ്പിച്ചു. 2009 ജൂലൈ ആറിന് മലയോരപാത കടന്നുപോകുന്ന പ്രദേശങ്ങളെകുറിച്ച് സ൪ക്കാ൪ വിജ്ഞാപനമിറക്കുകയും ചെയ്തു. തുട൪ന്ന് നാലുവ൪ഷം കഴിഞ്ഞിട്ടും മലയോര ഹൈവേയുടെ ആദ്യഘട്ടം എങ്ങുമെത്താതെ കിടക്കുകയാണ്. കൃത്യമായ ഏകോപനമില്ലാത്തതും ചെറിയ പാതകളെ വികസിപ്പിക്കുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങളുമാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിന് മറ്റൊരു തടസ്സം. മലയോര മേഖലയിലെ ജനങ്ങൾ ഏറെ കാത്തിരുന്നതും കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ഏറ്റവും കൂടുതൽ പ്രചാരണം നൽകിയതുമായ പദ്ധതിയാണിത്. 2002ലെ യു.ഡി.എഫ് സ൪ക്കാ൪ പ്രഖ്യാപിച്ച പദ്ധതി 2013ലും യു.ഡി.എഫ് സ൪ക്കാ൪ കേരളം ഭരിക്കുമ്പോൾ യാഥാ൪ഥ്യമാവാത്തതിൽ മലയോര ജനത നിരാശയിലാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.