ചക്കരക്കല്ല്: ചക്കരക്കല്ലിലും പരിസരപ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാവുന്നു. ചക്കരക്കല്ല് ടൗൺ, ഇരിവേരി, പാനേരിച്ചാൽ, മുട്ടിൻചിറ, മൗവഞ്ചേരി, കീരിയോട്, കാവിന്മൂല, കണ്ണാടിവെളിച്ചം, ഏച്ചൂ൪, ചേലോറ, വണ്ട്യാല, പള്ളിപ്പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായകൾ കൂട്ടത്തോടെ വിളയാടുന്നത്. ഒരാഴ്ച മുമ്പ് കണ്ണാടിവെളിച്ചത്ത് ഭ്രാന്തൻ കുറുക്കൻെറ കടിയേറ്റ് വൃദ്ധ മരിച്ചതിൻെറ ഞെട്ടലിൽനിന്ന് ജനം മുക്തമായിട്ടില്ല. അതിനിടയിൽ തെരുവുനായകളുടെ വിളയാട്ടം ജനങ്ങളെ ഏറെ ഭീതിപ്പെടുത്തുന്നുണ്ട്. വൃദ്ധയെ കടിച്ച ഭ്രാന്തൻ കുറുക്കൻ ഒട്ടനേകം വള൪ത്തുമൃഗങ്ങളെയും നായകളെയും കടിച്ചിരുന്നു. വള൪ത്തുമൃഗങ്ങൾക്ക് വെറ്ററിനറി സ൪ജൻെറ നേതൃത്വത്തിൽ കുത്തിവെപ്പ് നടത്തിയിട്ടുണ്ടെങ്കിലും നായകളുടെ കാര്യത്തിൽ ജനങ്ങൾ ഭീതിയിൽ തന്നെയാണ്. അതോടൊപ്പം നാലാം പീടികയിൽനിന്ന് കുറുക്കൻ ആടിനെ കടിച്ചുകൊണ്ടുപോവുകയും ചെയ്തിരുന്നു. അതിരാവിലെ സവാരി നടത്തുന്നവരും പള്ളി, അമ്പലങ്ങളിൽ പ്രാ൪ഥിക്കാൻ പോകുന്നവരും ഇപ്പോൾ പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാ൪ പറഞ്ഞു. മദ്റസയിലും സ്കൂളുകളിലും പോകുന്ന കൊച്ചുകുട്ടികളും ഭീതിയിലാണ്. പലരും സ്വകാര്യ വാഹനങ്ങളിലാണ് കുട്ടികളെ മദ്റസയിലും സ്കൂളുകളിലും എത്തിക്കുന്നത്.
അതേസമയം, പഴശ്ശി കനാൽ പ്രദേശങ്ങളും റിയൽ എസ്റ്റേറ്റ് സംഘങ്ങൾ വാങ്ങിക്കൂട്ടിയ വിശാലമായ പല പറമ്പുകളും കാടുകയറിയത് ഏറെ ഭീതിപ്പെടുത്തുന്നുണ്ട്. രാത്രികാലങ്ങളിൽ പഴശ്ശി കനാലിലും കാടുമൂടിയ റോഡരികുകളിലും മാലിന്യം തള്ളുന്നതും തെരുവുനായകൾക്കും കുറുക്കന്മാ൪ക്കും താവളമാകുന്നുണ്ട്. പ്രദേശത്തെ പല അറവുശാലകൾക്കും ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങളില്ലാത്തത് തെരുവുനായകൾ പെരുകാൻ കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു.
അതേസമയം, കീരികളും കുട്ടികളെ ആക്രമിക്കുന്നതായി പരാതി ഉയ൪ന്നു. കഴിഞ്ഞ ദിവസം മുണ്ടേരിയിൽ രണ്ട് വയസ്സുള്ള കുട്ടിയെ കീരി ആക്രമിച്ചിരുന്നു. തെരുവു നായകളുടെയും കുറുക്കന്മാരുടെയും ശല്യം നിയന്ത്രിക്കാൻ അധികൃത൪ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.