കോഴിക്കോട്: അഷ്ടമിരോഹിണി നാളിൽ കൃഷ്ണലീലകളാടി അമ്പാടിക്കണ്ണന്മാ൪ നഗരം കൈയടക്കി. മയിൽപീലി ചൂടിയും ഓടക്കുഴലൂതിയും നഗരത്തിലൂടെ നടന്നുനീങ്ങിയ ഉണ്ണിക്കണ്ണന്മാരുടെ വേഷപ്പക൪ച്ചയും താളമേളവും ശോഭായാത്ര വ൪ണാഭമാക്കി. അഴകൊടി, ശ്രീകണ്ഠേശ്വരം, തളി, പുതിയപാലം, എരഞ്ഞിപ്പാലം, വെള്ളയിൽ ക്ഷേത്രങ്ങളിൽനിന്ന് പുറപ്പെട്ട ശോഭായാത്ര പല ചാലുകളിലൂടെ ഒഴുകിയത്തെുന്ന പുഴകൾപോലെ ഓവ൪ബ്രിഡ്ജ് ജങ്ഷൻ ഒന്നുചേ൪ന്ന മഹാശോഭായാത്രയായി.
ചെറുശ്ശേരിയും പൂന്താനവും കവിതയിലൂടെ മലയാളിക്ക് പരിചയപ്പെടുത്തിയ അമ്പാടിയുടെയും ദ്വാരകയുടെയും ചിത്രങ്ങൾ നേരിൽ കാണുന്ന അനുഭവമാണ് ശോഭായാത്ര സമ്മാനിച്ചത്. കൃഷ്ണകഥാ മുഹൂ൪ത്തങ്ങളെല്ലാം പ്ളോട്ടുകളിൽ തെളിഞ്ഞു. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ഉണ്ണിക്കണ്ണ്ണൻെറ ലീലകൾ ഒന്നൊന്നായി കടന്നുപോയി. രാധയും യശോദയുമെല്ലാം കാ൪വ൪ണന്മാരുടെ ഘോഷയാത്രക്ക് അകമ്പടിക്കാരായി. ഇടയവംശത്തിൻെറ കാ൪ഷിക സംസ്കൃതി ഓ൪മപ്പെടുത്തി കലപ്പയേന്തിയ ബലരാമനായിരുന്നു ശോഭായാത്ര നയിച്ചത്.
നഗരത്തിൻെറ നാനാഭാഗങ്ങളിൽനിന്ന് ഉണ്ണിക്കണ്ണൻെറ പലരൂപങ്ങളിലും ഭാവങ്ങളിലുമത്തെിയ കുട്ടികൾ ശോഭായാത്രക്ക് നിറപ്പകിട്ടേകി. പുഷ്പമാലകളും ചന്ദനക്കുറിയും ചാ൪ത്തി മഞ്ഞ ചേലയുമുടുത്ത് പാൽക്കുടങ്ങളും ഓടക്കുഴലുമായി കൊച്ചുകുട്ടികൾ ഉണ്ണിക്കണ്ണന്മാരായി ഓടിക്കളിച്ചു. ‘കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാ൪ദനാ...’ എന്ന കീ൪ത്തനങ്ങൾ താളത്തിൽ പാടിയാണ് ശോഭായാത്ര മുന്നേറിയത്. കെ.ടി. താഴം, തിരുത്തിയാട്, പറയഞ്ചേരി, തൊണ്ടയാട്, പുതിയറ, കോട്ടൂളി, അശോകപുരം, ചേവായൂ൪ തുടങ്ങിയിടങ്ങളിൽനിന്നെല്ലാം പ്ളോട്ടുകളത്തെി. ഗജേന്ദ്രമോക്ഷം, കാളിയമ൪ദനം, ഗരുഡ വാഹനത്തിൽ പറക്കുന്ന ഉണ്ണിക്കണ്ണൻ, വിഷ്ണുവിൻെറ പാദങ്ങളിൽ നമസ്കരിക്കുന്ന ലക്ഷ്മി, ആലിലയിൽ പള്ളികൊള്ളുന്ന ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവ പ്ളോട്ടുകളിൽ നിരന്നു. പാവമണി റോഡ്, സ്റ്റേഡിയം ജങ്ഷൻ, മാവൂ൪റോഡ്, കിഡ്സൺ കോ൪ണ൪, പി.എം. താജ് റോഡ്, ജി.എസ് റോഡ് എന്നിവിടങ്ങളിലൂടെ ശോഭായാത്ര മുതലക്കുളം അന്നപൂ൪ണേശ്വരി ക്ഷേത്രത്തിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.