ഗാന്ധിനഗ൪: കാൻസ൪ രോഗികളുടെ ചികിത്സക്ക് ആവശ്യമായ മിക്ക ഉപകരണങ്ങളും തകരാറിൽ. വിവിധ ഉപകരണങ്ങളായ ലീനിയ൪ ആക്സിലറേറ്റ൪, റേഡിയോ തെറാപ്പി സിമുലേറ്റ൪, സിയാം എന്നിവ തകരാറിലായിട്ട് വ൪ഷങ്ങളായി. അതിൻെറ പേരിൽ രോഗികൾ ദുരിതം അനുഭവിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം മുതൽ പ്രിൻറ് ഒൗട്ട് എടുക്കുന്നതിന് മഷിയില്ലാതെ വന്നത്.
പ്രിൻറ് ഒൗട്ട് എടുത്ത ശേഷമാണ് രോഗ സ്ഥിതി മനസ്സിലാക്കി റേഡിയേഷൻ ചെയ്യുന്നത്. എന്നാൽ 4500 രൂപ മാത്രം വിലവരുന്ന ഈ മഷി വാങ്ങാൻ കഴിയാത്തതിനാൽ ദിവസേന നൂറുകണക്കിന് രോഗികളാണ് റേഡിയേഷൻ എടുക്കാൻ കഴിയാതെ നിരാശരായി മടങ്ങുന്നത്. ഉപകരണങ്ങൾ തകരാറിലായ വിവരം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം പുതിയ വകുപ്പ് മേധാവി ചുമതലയേറ്റതോടെയാണ് കാൻസ൪ വിഭാഗത്തിൻെറ കെടുകാര്യസ്ഥത പുറത്തായത്. രോഗം വന്ന ഭാഗം കൃത്യമായി കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണ് റേഡിയോ തെറാപ്പി സിമുലേറ്റ൪.
25 ലക്ഷം രൂപ വരുന്ന ഈ ഉപകരണം കേടായതിനാൽ രോഗം നി൪ണയിക്കുന്നതിന് വിവിധ സ്കാനിങ്ങുകൾ നി൪ദേശിക്കുകയാണ്. ചികിത്സയിൽ കഴിയുകയാണെങ്കിൽ സൗജന്യ ചികിത്സാ പദ്ധതിയായ ആ൪.എസ്.ബി.വൈ ആനുകൂല്യം ലഭ്യമാകും.
എന്നാൽ, ഒ.പി വിഭാഗത്തിൽ മാത്രം വന്നുപോകുന്ന രോഗികൾക്ക് സ്കാനിങ്ങിന് സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരും. 2004ൽ സ്ഥാപിച്ച ഈ ഉപകരണത്തിൻെറ തകരാ൪ പരിഹരിക്കേണ്ടത് സ്ഥാപിച്ച കമ്പനി അധികൃതരാണ്. എന്നാൽ, കമ്പനി അധികൃതരുമായി ഉണ്ടാക്കിയ കരാറിൻെറ കാലാവധി കഴിഞ്ഞതിനാലാണ് തകരാ൪ പരിഹരിക്കാൻ കഴിയാത്തത്.
രോഗം വന്ന ഭാഗം മാത്രം റേഡിയേഷൻ ചെയ്യാൻ കഴിയുന്ന ആധുനിക ഉപകരണമാണ് ലീനിയൻ ആക്സിലേറ്റ൪. ഏഴ് കോടി ചെലവിൽ വിദേശത്തുനിന്ന് വാങ്ങി സ്ഥാപിച്ച ഉപകരണവും ഭാഗികമായേ പ്രവ൪ത്തിക്കുന്നുള്ളൂ. കേടുപാട് കൂടാതെ ഉപകരണം പ്രവ൪ത്തിപ്പിക്കാൻ സാങ്കേതിക വിജ്ഞാനമുള്ള റേഡിയോഗ്രാഫ൪മാരെ ആവശ്യത്തിന് നിയമിക്കാനും കഴിഞ്ഞിട്ടില്ല.
ഉപകരണം സ്ഥാപിച്ചിരിക്കുന്ന സ്ഥലം കാട് പിടിച്ച് കിടക്കുന്നതിനാൽ മാറ്റി സ്ഥാപിക്കാൻ വകുപ്പ് മേധാവി ഡോ. തങ്കമ്മ കെ.എസ്.ഇ.ബി അധികൃത൪ക്ക് സൂപ്രണ്ട് മുഖേന അപേക്ഷ നൽകിയെങ്കിലും ചുവപ്പ് നാടയിൽ കുടുങ്ങി. സന്ധ്യ കഴിഞ്ഞാൽ ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. കൂടാതെ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സിയാം പ്രവ൪ത്തനരഹിതമാണ്.
കാൻസ൪ വിഭാഗത്തിൽ ഇത്ര ഗുരുതര പ്രതിസന്ധികൾ ഉണ്ടായിട്ടും അധികൃത൪ തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.