കാഞ്ഞിരപ്പള്ളി: ഇടവക വികാരിയുടെ അനാവശ്യ ഇടപെടൽമൂലമാണ് പഴയിടം സെൻറ് മൈക്കിൾസ് പള്ളിയിലെ കപ്യാരെ ജോലിയിൽനിന്ന് ഒഴിവാക്കിയതെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ വാ൪ത്താ കുറിപ്പിൽ ആരോപിച്ചു.
45 വ൪ഷമായി കപ്യാരായി ജോലി നോക്കിയിരുന്ന വേങ്ങപ്പള്ളി കുര്യാക്കോസിനെയാണ് പള്ളി വികാരി നടപടി ക്രമങ്ങൾ പാലിക്കാതെ പിരിച്ചുവിട്ടത്. സീറോ മലബാ൪ സഭയിൽ കപ്യാരെ നിയമിക്കലും പിരിച്ചുവിടലും സംബന്ധിച്ച് പൊതുയോഗ തീരുമാനം വികാരി നടപ്പാക്കണമെന്നാണ് നിയമം.
പൊതുയോഗ തീരുമാനം ബിഷപ് അംഗീകരിക്കുന്നത് മുതലാണ് തീരുമാനം നടപ്പാകുന്നത്. സാധാരണഗതിയിൽ കപ്യാരുടെ വിരമിക്കൽ പ്രായം 65 ആണെങ്കിലും 70 വരെ ജോലിയിൽ തുടരുന്നതാണ് പതിവ്. ഇതിന് വിരുദ്ധമായി വികാരി സ്വന്തം ഇഷ്ടപ്രകാരമാണ് പിരിച്ചു വിട്ടത്.
ച൪ച്ച ചെയ്യുന്നതിന് പൊതുയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് 140 കുടുംബങ്ങളിലെ 270 പേ൪ ഒപ്പിട്ട നിവേദനം വികാരിക്കും ബിഷപ്പിനും നൽകിയിരുന്നു. എന്നാൽ പരാതിക്കാരെ അറിയിക്കാതെ പൊതുയോഗം വിളിച്ചു. പരാതിയെ തുട൪ന്ന് പിന്നീട് ചേ൪ന്ന പൊതുയോഗത്തിലും വികാരിയുടെ നീക്കത്തിന് പിന്തുണ ലഭിക്കാതെ വന്നതോടെ രൂപത കേന്ദ്രത്തിൻെറ തീരുമാനത്തിന് വിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സംരക്ഷണ സമിതി രൂപവത്കരിച്ചത്.
ഞായറാഴ്ച നടന്ന പ്രാ൪ഥന സത്യഗ്രഹം ഉദ്ഘാടനം ചെയ്യാൻ ആരെയും ക്ഷണിച്ചിരുന്നില്ല. സഭാ കോടതി വഴി പരിഹാരത്തിനാണ് ശ്രമിക്കുന്നത്. ആവശ്യം സഭാ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണ് പ്രാ൪ഥന സത്യഗ്രഹം നടത്തിയത്. വിറളിപൂണ്ട വികാരിയുടെ ആൾക്കാരാണ് പ്രശ്നം സൃഷ്ടിക്കാൻ ശ്രമിച്ചത്. പിരിച്ചുവിടുന്ന കപ്യാ൪ക്ക് രൂപത നൽകുമെന്ന് അറിയിച്ച 50,000 രൂപ ഒഴികെ പണം ഇടവകക്കാ൪ കണ്ടെത്തേണ്ട അവസ്ഥയാണ്. കപ്യാരുടെ മകന് മലനാട് സൊസൈറ്റിയിൽ ജോലി വാഗ്ദാനം ഉണ്ടെങ്കിലും എത്രനാൾ നൽകുമെന്ന് ഉറപ്പില്ളെന്നും വാ൪ത്താ കുറിപ്പിൽ പറയുന്നു. പൊലീസിൽ നൽകിയ പരാതി പിൻവലിക്കുക, ഇടവക വികാരിയെ സ്ഥലംമാറ്റുക, പള്ളിയിലെ നി൪മാണ പ്രവ൪ത്തനങ്ങളുടെ വരവുചെലവ് കണക്കുകൾ പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് രൂപാത അധ്യക്ഷന് അപേക്ഷ നൽകിയതായും ഇടവക സംരക്ഷണ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.