കാറില്‍ കയറ്റി മയക്കുമരുന്ന് നല്‍കി ആഭരണങ്ങള്‍ കവര്‍ന്നു

കുറവിലങ്ങാട്: വഴിയാത്രക്കാരനെ കാറിൽ കയറ്റിയ രണ്ടംഗ സംഘം മദ്യത്തിൽ മയക്കുമരുന്ന് കല൪ത്തി നൽകി സ്വ൪ണാഭരണങ്ങൾ കവ൪ന്നശേഷം റോഡരികിൽ ഉപേക്ഷിച്ചു. 
കളത്തൂ൪ പാലകുടിയിൽ പ്രഭാകരനാണ് (65) തട്ടിപ്പിന് ഇരയായത്. രണ്ടര പവൻ സ്വ൪ണമാല,രണ്ട് ഗ്രാം മോതിരം, മൊബൈൽ ഫോൺ, വാച്ച് എന്നിവയാണ് കവ൪ന്നത്. കുറവിലങ്ങാട് പൊലീസിൽ പരാതി നൽകി. 
പ്രഭാകരൻ ഞായറാഴ്ച കുറവിലങ്ങാട് സെൻട്രൽ കവലയിൽ വെമ്പള്ളി ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുമ്പോൾ വെള്ള മാരുതികാറിൽ എത്തിയ രണ്ടംഗസംഘം വെമ്പള്ളി ഭാഗത്തേക്കാണെങ്കിൽ കാറിൽ കയറിക്കൊള്ളാൻ പറയുകയായിരുന്നു. 35 ഉം 25 ഉം വയസ്സ് തോന്നിക്കുന്ന രണ്ട് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. 
യാത്രക്കിടെ പൊലീസ് സ്റ്റേഷന് സമീപത്തെ വിദേശ മദ്യഷോപ്പിൽ നിന്ന് മദ്യം വാങ്ങിയശേഷം റോഡരികിൽ വാഹനം നി൪ത്തിയിട്ട് സംഘത്തിൽ ഒരാൾ ശീതളപാനിയം കല൪ത്തി രണ്ട് ഗ്ളാസ് മദ്യം നൽകി. ഇതിനുശേഷം കാറിൽ തോട്ടുവ ഭാഗത്തെ ഷാപ്പിൽ എത്തി കറി വാങ്ങിയതായി പ്രഭാകരൻ പറയുന്നു. പിന്നീട് ഒന്നും ഓ൪മയില്ല. 
വൈകുന്നേരം എം.സി റോഡ് വഴി ജീപ്പിൽ വെമ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന മൂത്ത മകൻ സുരേഷാണ് കാളികാവ് പള്ളിക്ക് സമീപം കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കിടന്ന പിതാവിനെ കണ്ടത്. തിങ്കളാഴ്ചയാണ് പ്രഭാകരന് ബോധം വീണത്. തുട൪ന്ന് കുറവിലങ്ങാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. 
മാസങ്ങൾക്ക് മുമ്പ് ഉഴവൂരിലെ ലോട്ടറി വിൽപനക്കാരനായ കൂത്താട്ടുകുളം സ്വദേശിയെ സമാന രീതിയിൽ കാറിൽ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങളും പണവും അപഹരിച്ചശേഷം റോഡരികിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.