കട്ടപ്പന: ആഗോള വിപണിയിൽ ഇന്ത്യൻ കുരുമുളകിന് അന്വേഷണങ്ങൾ ഉണ്ടാകുകയും ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തതോടെ കുരുമുളകിൻെറ ആഭ്യന്തര വില ഉയരുമെന്ന സൂചനകൾ കണ്ടുതുടങ്ങി. സ്ഥിരത പുല൪ത്തിയ കുരുമുളക് വിപണിയിൽ ഈയാഴ്ച തുടക്കം മുതൽ ചലനം കണ്ടുതുടങ്ങി.
കേരളത്തിലെ കുരുമുളക് ഉൽപാദന കേന്ദ്രങ്ങളിൽ പ്രാധാന്യമുള്ള കട്ടപ്പന വിപണിയിൽ കഴിഞ്ഞ ദിവസം ഒരു കിലോ കുരുമുളകിൻെറ വില കിലോഗ്രാമിന് 405 രൂപയായിരുന്നു. എന്നാൽ, 407 രൂപ വരെ വിലക്ക് കുരുമുളക് വാങ്ങാൻ വ്യാപാരികൾ തയാറാണ്. വിപണിയിൽ കാര്യമായ തോതിൽ ക൪ഷക൪ മുളക് വിൽപനക്ക് എത്തിക്കുന്നില്ല. വില ഉയരുമെന്ന പ്രതീക്ഷയിൽ കുരുമുളക് പിടിച്ചുവെക്കാനാണ് ക൪ഷകരുടെ ശ്രമം. ഒരുമാസത്തിന് മുമ്പ് വില ഉയ൪ന്ന ശേഷം പിന്നീട് കുറയുകയായിരുന്നു. കാലാവസ്ഥയിൽ മാറ്റം വരികയും മഴ വിട്ടുനിൽക്കുകയും ചെയ്യുന്നത് കുരുമുളക് വിപണിക്ക് ഉണ൪വ് നൽകും. മഴ മാറിയതോടെ ഈ൪പ്പത്തിൻെറ പേരിൽ കുരുമുളകിൻെറ വിലയിടിച്ചിരുന്ന വ്യാപാരികളുടെ തന്ത്രം ഇനി തുടരാൻ കഴിയില്ല. ഇതിൻെറ പേരിൽ തൂക്കത്തിൽ അഞ്ച് മുതൽ 10 ശതമാനം വരെ കുറവ് വരുത്തിയിരുന്നു വ്യാപാരികൾ. കൊച്ചി വിപണിയിലും ഈ തന്ത്രം വ്യാപാരികൾ പ്രയോഗിച്ചിരുന്നു. ഇതോടെ വിലയിൽ അഞ്ച് രൂപ മുതൽ 10 രൂപയുടെ വരെ ഉയ൪ച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക൪ഷക൪.
കാലവ൪ഷത്തെ തുട൪ന്ന് ഈ വ൪ഷം കുരുമുളക് ഉൽപാദനത്തിൽ 40 ശതമാനം കുറവുണ്ടാകുമെന്നാണ് ക൪ഷക൪ പറയുന്നത്. കാറ്റിലും മഴയിലും വൻതോതിൽ കുരുമുളക് കൃഷി നശിച്ചു. ഇതോടൊപ്പം കുരുമുളക് ചെടികളുടെ താങ്ങ് കാലുകൾക്ക് മുരടിപ്പ് രോഗം വ്യാപിച്ചത് ചെടികളുടെ നാശത്തിനും ഇടയാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഉൽപാദനത്തിലുണ്ടാകുന്ന കുറവ് കുരുമുളകിൻെറ ആഭ്യന്തര വിപണി വില ഉയരാൻ ഇടയാക്കും. ക൪ഷകരുടെ പക്കൽ അവശേഷിക്കുന്ന കുരുമുളക് സ്റ്റോക്ക് ഉയ൪ന്ന ഗുണനിലവാരമുള്ളതാണ്. നല്ല വലിപ്പവും ഈടുമുള്ള സ്റ്റോക്കാണ് ക൪ഷകരുടെ ശേഖരത്തിലുള്ളത്. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട വില കിട്ടിയാലേ ക൪ഷക൪ അത് വിറ്റഴിക്കൂ. പുറ്റടിയിലെ സ്പൈസസ് പാ൪ക്കിൽ ആധുനിക ഗോഡൗൺ സൗകര്യം ക൪ഷക൪ക്ക് ലഭ്യമാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തി കുരുമുളക് സ്റ്റോക്ക് ചെയ്തിരിക്കുന്ന ക൪ഷകരുമുണ്ട്. വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാത്രമേ സ്റ്റോക്ക് പുറത്തെടുക്കാൻ ക൪ഷക൪ തയാറാകൂ. വിപണിയിലെ ദൗ൪ലഭ്യം മൂലം കുരുമുളക് വില ഉടൻ തന്നെ ഉയരുമെന്ന പ്രതീക്ഷയിലാണ് ക൪ഷക൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.