പട്ടികജാതിക്കാര്‍ പുറമ്പോക്കില്‍ തന്നെ; നിരക്ഷരരും നിരവധി

കോഴിക്കോട്: പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി കോടികളുടെ പദ്ധതികൾ സ൪ക്കാ൪ പ്രഖ്യാപിക്കുമ്പോഴും  ജില്ലയിലെ പട്ടികജാതി കുടുംബങ്ങളിൽ 19,000ത്തിലധികവും താമസിക്കുന്നത് പുറമ്പോക്കിൽ. ഇവരിൽ അധികവും വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുന്നു. പട്ടികജാതിക്കാരുടെ ആവാസമേഖലയെക്കുറിച്ച സ൪വേ റിപ്പോ൪ട്ടിലാണ്  ദൈന്യ ജീവിതം തുറന്നുകാട്ടുന്നത്.
38,708 പട്ടികജാതി കുടുംബങ്ങളാണ് ജില്ലയിൽ ഉള്ളത്. 1527 സങ്കേതങ്ങളിലായി  1.63 ലക്ഷം പട്ടികജാതിക്കാരുണ്ട്. ഇതിൽ 81,470 പേരും അധിവസിക്കുന്നത് പുറമ്പോക്കിലാണ്.
മാലിന്യനിക്ഷേപ കൂനകൾക്കടുത്ത്് 17 സങ്കേതങ്ങളും ശ്മശാനങ്ങൾക്കടുത്ത് ഒമ്പതും  വെള്ളപ്പൊക്ക സാധ്യതയുള്ളിടത്ത് 112ഉം കടൽക്ഷോഭ സാധ്യതയുള്ളിടത്ത് 12ഉം വെള്ളക്കെട്ടുകളിൽ 71ഉം സങ്കേതങ്ങൾ ഉൾപ്പെടെ 1527 സങ്കേതങ്ങൾ വാസയോഗ്യമല്ളെന്ന് റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.
19,412 കുടുംബങ്ങളിലായി 81,470 പട്ടിക ജാതിക്കാരും മോശമായ സാഹചര്യത്തിൽ അധിവസിക്കുന്നു.  
349 കുടുംബങ്ങൾ ഭൂരഹിതരും ഭവനരഹിതരുമാണ്. അഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 13,668 പേ൪ നിരക്ഷരരാണെന്നും റിപ്പോ൪ട്ട് വ്യക്തമാക്കുന്നു.
ഒന്നുമുതൽ ഏഴുവരെ ക്ളാസുകളിൽനിന്ന് 110 വിദ്യാ൪ഥികളും എട്ടു മുതൽ 10വരെ ക്ളാസിൽനിന്ന്  1061 വിദ്യാ൪ഥികളും പഠനം ഉപേക്ഷിച്ചു.
ദാരിദ്ര്യവും സാമ്പത്തിക പരാധീനതയുമാണ് വിദ്യാ൪ഥികൾ പഠനം ഉപേക്ഷിക്കാൻ പ്രധാന കാരണം. അഞ്ചിനും 15നും ഇടയിൽ പ്രായമുള്ള പട്ടികജാതി കുട്ടികളിൽ 54 പേ൪ സ്കൂളിൻെറ പടികണ്ടിട്ടില്ല.
ദാരിദ്ര്യം പട്ടികജാതിക്കാരെ വേട്ടയാടുമ്പോഴും 4842 കുടുംബങ്ങൾക്ക് റേഷൻകാ൪ഡില്ല.
പട്ടികജാതിക്കാ൪ക്കിടയിലും അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടുകയാണെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും റിപ്പോ൪ട്ട് വെളിപ്പെടുത്തുന്നു.
പട്ടികവ൪ഗ വിഭാഗങ്ങളിലെ അവിവാഹിതരായ അമ്മമാ൪ക്ക് സ൪ക്കാ൪ പെൻഷൻ നൽകുമ്പോൾ പട്ടികജാതിയിലെ അവിവാഹിതരായ അമ്മമാ൪ക്ക് സ൪ക്കാ൪ സംരക്ഷണവും ലഭിക്കുന്നിലെന്നും റിപ്പോ൪ട്ടിൽ വ്യക്തമായി പറയുന്നുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.