തൃപ്രയാ൪: സെപ്റ്റംബ൪ 18ന് തൃപ്രയാ൪ പുഴയിൽ രണ്ട് ക്ളബുകൾ ഒരേസമയത്ത് നടത്തുമെന്ന് പ്രഖ്യാപിച്ച ജലോത്സവങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ സാധ്യത. ക്ളബുകൾക്ക് വള്ളങ്ങൾ നൽകുന്ന ബോട്ട് റൈസ് അസോസിയേഷൻ ഇതുസംബന്ധിച്ച് വിശദീകരണം വ്യാഴാഴ്ച പൊലീസിന് നൽകും.
ഒരേസ്ഥലത്ത് ഒരേസമയം രണ്ട് ക്ളബുകൾ ജലോത്സവം നടത്തിയാലുണ്ടാകുന്ന ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് രണ്ട് ദിവസങ്ങളിലായി നടത്താം എന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തുമെന്നാണ് സൂചന.
എൻ.ഇ.എസ് കായലോര ടൂറിസം ക്ളബ്, തൃപ്രയാ൪ ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ളബ് എന്നിവയാണ് ജലോത്സവത്തിന് ഒരുക്കം നടത്തുന്നത്. 18ന് ഒരു ജലോത്സവം മാത്രമേ അനുവദിക്കൂ എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് ക്ളബുകളുടെ ഭാരവാഹികളുമായി പൊലീസ് ച൪ച്ചയും നടത്തി. ബോട്ട് റൈസ് അസോസിയേഷനുകളോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, എൻ.ഇ.എസ് ക്ളബ് തിരുവോണ ദിവസമായ 16ന് ജലോത്സവം നടത്താൻ വള്ളങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് മധ്യമേഖല ബോട്ട് റൈസ് അസോസിയേഷന് നൽകിയ കത്ത് വ്യാഴാഴ്ച അവ൪ പൊലീസിന് കൈമാറും. 16ന് ജലോത്സവം നടത്താൻ ആവശ്യപ്പെട്ടവ൪ പിന്നീട് തീയതി 18 ആക്കി മാറ്റുകയാണ് ചെയ്തതെന്ന ആരോപണമുയ൪ന്നിരുന്നു. എൻ.ഇ.എസ് 16ന് ജലോത്സവം നടത്തുമെന്നറിഞ്ഞതിനാലാണ് തൃപ്രയാ൪ ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ളബ് 18ന് നടത്താൻ തീരുമാനിച്ചത്. അതേസമയം, മന്ത്രിമാരും എം.പിയും എം.എൽ.എമാരും ജലോത്സവത്തോടനുബന്ധിച്ച പ്രവ൪ത്തനങ്ങളിൽ പങ്കെടുത്ത് വരികയാണ്. ഗീതാഗോപി എം.എൽ.എ ഇരു ക്ളബുകളുടെ പരിപാടിയിലും പങ്കെടുത്തു. തൃപ്രയാ൪ ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ളബിൻെറ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തതും എൻ.ഇ.എസ് ക്ളബിൻെറ ലോഗോ ഏറ്റുവാങ്ങിയതും പ്രാദേശിക സംഘാടകസമിതികളുടെ രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്തതും ഗീതാഗോപിയാണ്. എൻ.ഇ.എസ് സ്വാഗത സംഘം ഓഫിസ് പി.സി. ചാക്കോ എം.പിയാണ് ഉദ്ഘാടനം ചെയ്തത്.ലോഗോ മന്ത്രി കെ.പി. മോഹനനാണ് പ്രകാശനം ചെയ്തത്.
മന്ത്രി സി.എൻ. ബാലകൃഷ്ണൻ, എം.എൽ.എമാരായ ടി.എൻ. പ്രതാപൻ, വി.എസ്. സുനിൽകുമാ൪, കെ.വി. അബ്ദുൽ ഖാദ൪, പി.എ. മാധവൻ എന്നിവ൪ എൻ.ഇ.എസിൻെറ രക്ഷാധികാരികളാണ്.
രണ്ട് ജലോത്സവങ്ങളും 18ന് നടക്കാതിരിക്കാൻ സാധ്യത ഒരുങ്ങിയിട്ടും ധിറുതിയിൽ ഒരുക്കം തുടരുകയാണ്. കഴിഞ്ഞ ദിവസം എൻ.ഇ.എസിൽ പ്രാദേശിക സംഘാടകസമിതി രൂപവത്കരണ യോഗം നടന്നു. ഗീതാഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ഇ.എസ് ചെയ൪മാൻ ശിവൻ കണ്ണോളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് അനിൽ പുളിക്കൽ, ഭാരവാഹികളായ വി.എ.എച്ച്. വലപ്പാട്, പി.കെ. സുഭാഷ്ചന്ദ്രൻ, സി.എ.എം. റഷീദ്, എ.എൻ. സിദ്ധപ്രസാദ്, സരോജിനി കൃഷ്ണൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.