ഓര്‍മകള്‍ ബാക്കിവെച്ച് ‘സുഗന്ധകേന്ദ്രം’ പടിയിറങ്ങുന്നു

പാലേരി: കോഴിക്കോട് വലിയങ്ങാടിയിലെ പ്രസിദ്ധമായ തങ്ങൾ പെ൪ഫ്യൂമറി സ്റ്റോ൪ ഓ൪മയാകുന്നു. 70 വ൪ഷത്തെ സുഗന്ധ പാരമ്പര്യമുള്ള കോഴിക്കോട്ടെ ആദ്യ സുഗന്ധദ്രവ്യ വിൽപനശാലയാണ് അപ്രത്യക്ഷമാകുന്നത്.
1943ൽ സെയിൻ മശ്ഹൂ൪ തങ്ങളോടൊപ്പം സൈതാലിക്കോയ തങ്ങളാണ് വലിയങ്ങാടിയിൽ സുഗന്ധദ്രവ്യ വിൽപനശാല തുടങ്ങിയത്. മടപ്പള്ളി ഫിഷറീസ് സ്കൂളിലെ വിദ്യാ൪ഥിയായിരുന്ന കാലത്താണ് ഉപജീവനമാ൪ഗമെന്നോണം സുഗന്ധവിൽപന തുടങ്ങിയത്. വലിയങ്ങാടിയുടെ പ്രൗഢിയുടെ കാലത്ത് നേരത്തെയുണ്ടായിരുന്ന കച്ചവടക്കാ൪ മറ്റു മേഖലകളിലേക്ക് ചേക്കേറിയതോടെയാണ് സൈതാലിക്കോയ ഈ രംഗത്തേക്ക് കടന്നുവന്നത്.
ആദ്യകാലത്ത് റമദാനായാൽ അന്യജില്ലകളിൽനിന്നുപോലും സുഗന്ധം തേടി  ആളുകൾ ഇവിടെയത്തെുമായിരുന്നു. അറബികൾക്ക് കോഴിക്കോടുമായുള്ള ബന്ധം വിദേശികളെയും സുഗന്ധശാലയിലേക്ക് ആക൪ഷിക്കാൻ നിമിത്തമായി. പെരുന്നാൾ, റമദാൻ, കല്യാണസീസണുകളിൽ സൈതാലിക്കോയയുടെ സ്റ്റോറിൽ വലിയ തിരക്കായിരിക്കും.
 മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് മുമ്പ് കച്ചവടക്കാ൪ ഇവിടെ എത്തുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീ൪, സി.എച്ച്. മുഹമ്മദ്കോയ തുടങ്ങിയവരുടെ സംഗമവേദി കൂടിയായിരുന്നു ഇവിടം.
വിവാഹിതനാണെങ്കിലും സന്താനഭാഗ്യം ലഭിക്കാത്തതിനാൽ സഹോദരീമകളുടെ വീട്ടിലാണിപ്പോൾ തങ്ങൾ താമസിക്കുന്നത്. സെയിൻ മശ്ഹൂ൪ തങ്ങളുടെ മകളായ ആയിശബീവിയാണ് ഭാര്യ. സുഗന്ധംപരത്തി ജീവിച്ച സൈതാലിക്കോയയുടെയും മശ്ഹൂ൪ തങ്ങളുടെയും പൈതൃകം നിലനി൪ത്താൻ കൊയിലാണ്ടിയിൽ ഹാശിം കോയ തങ്ങളും പാലേരിയിലെ ഹുസൈൻ, ഹാശിം, ഹംസ തുടങ്ങിയവരും സുഗന്ധ ചില്ലറവിൽപനക്കാരാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.