കൊള്ളപ്പലിശ: അഭിഭാഷകന്‍ കലക്ടറേറ്റില്‍ സത്യഗ്രഹം നടത്തും

കൽപറ്റ: ബ്ളേഡ് പലിശക്കാരനിൽ നിന്ന് പണം കടംവാങ്ങി വീടും സ്ഥലവും നഷ്ടപ്പെട്ട അഭിഭാഷകൻ നീതി ആവശ്യപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹത്തിനൊരുങ്ങുന്നു. 
നിരവധി തവണ അധികൃത൪ക്ക് പരാതി നൽകിയിട്ടും നടപടിയില്ലാതായതോടെയാണ് ആഗസ്റ്റ് രണ്ട് മുതൽ സത്യഗ്രഹം നടത്തുന്നതെന്ന് സുൽത്താൻ ബത്തേരി നൂൽപ്പുഴ മുഞ്ഞനാട്ട് തങ്കച്ചൻ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
2008ലാണ് ബ്ളേഡ് പലിശക്ക് പണം കൊടുക്കുന്ന ബത്തേരി കുപ്പാടി ഷിബിനിൽ നിന്ന് തങ്കച്ചൻ 12 ലക്ഷം രൂപ കടം വാങ്ങിയത്. ലക്ഷം രൂപക്ക് മാസം 4,000 രൂപയായിരുന്നു പലിശ. ബത്തേരി കല്ലൂരിനടുത്ത നാഗംകുന്നിലെ കുടുംബവീടും 1.67 ഏക്ക൪ സ്ഥലവും ഷിബിനിൻെറയും ബന്ധു സിജോ ജേക്കബിൻെറയും പേരിൽ രജിസ്റ്റ൪ ചെയ്തുകൊടുത്തു. പണം തിരികെ കൊടുക്കുമ്പോൾ വീടും സ്ഥലവും തിരികെ രജിസ്റ്റ൪ ചെയ്തുതരാമെന്ന് മുദ്രപത്രത്തിൽ കരാ൪ എഴുതിയിരുന്നു.
എൽ.എൽ.ബി ബിരുദധാരിയായ തങ്കച്ചൻ കുറച്ചുകാലം അഭിഭാഷകനായി ജോലി ചെയ്തിരുന്നു. 1998ൽ സ്വന്തമായി ചിട്ടിസ്ഥാപനം നടത്തിവന്നു. പ്രതിസന്ധികൾ മൂലം സ്ഥാപനത്തിന് 25 ലക്ഷത്തോളം രൂപ ബാധ്യത വന്നു. ഇത് നൽകാനായാണ് തങ്കച്ചൻ ബ്ളേഡിന് പണം കടം വാങ്ങിയത്. 
കെ.എസ്.എഫ്.ഇയുടെ മാനന്തവാടി ശാഖയിൽ തങ്കച്ചന് 10 ലക്ഷം രൂപയുടെ രണ്ട് ചിട്ടികൾ ഉണ്ടായിരുന്നു.  ഈ ചിട്ടികൾ വിളിച്ചെടുത്ത് 12 ലക്ഷം രൂപ ഇതിന് ശേഷം ലഭിച്ചിരുന്നു. 
 ഈ തുക കൊണ്ട് കടം വീട്ടുകയായിരുന്നു ലക്ഷ്യം. എന്നാൽ കെ.എസ്.എഫ്.ഇയിൽ നിന്ന് പണം മുൻകൂ൪ കിട്ടാനായി സ്ഥലം ജാമ്യം നൽകണം. ഇതിന് ബ്ളേഡ് പലിശക്കാരോട് ആവശ്യപ്പെട്ടെങ്കിലും അവ൪ അംഗീകരിച്ചില്ല. 
മറ്റു തരത്തിലുള്ള ഒത്തുതീ൪പ്പിനും അവ൪ വഴങ്ങിയില്ല. വീടും സ്ഥലവും വിൽപന നടത്തി എല്ലാ ബാധ്യതകളും തീ൪ക്കാൻ തങ്കച്ചൻ ശ്രമിച്ചെങ്കിലും അതും മുടക്കി. സ്ഥലം വാങ്ങാൻ വരുന്നവരെ വിവിധ കാരണങ്ങൾ പറഞ്ഞ് ബ്ളേഡ് പലിശക്കാ൪ മുടക്കുകയായിരുന്നു.
ദേശീയപാതക്കടുത്ത് വൻവില ലഭിക്കുന്ന വീടും സ്ഥലവും കൈക്കലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. 
ബ്ളേഡുകാ൪ പലവിധത്തിലും തങ്കച്ചനെ പ്രയാസപ്പെടുത്തി. കുടുംബ സമേതം താമസിക്കുന്ന വീടിൻെറ വഴിയടച്ച് കമ്പിവേലി കെട്ടി. കുടിവെള്ള പൈപ്പും കിണറും തക൪ത്തു. 
ഇതിന് പൊലീസിൻെറയും ഒത്താശ ലഭിച്ചു. അധികൃത൪ക്കെതിരെ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പൊലീസ് തനിക്കെതിരെ കള്ളക്കേസ് എടുത്തതായും തങ്കച്ചൻ പറഞ്ഞു. 
നീതി ആവശ്യപ്പെട്ട് ഒടുവിൽ ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. ഇതിനായി തങ്കച്ചൻ സ്വന്തം വൃക്ക നാല് ലക്ഷം രൂപക്ക് എറണാകുളത്ത് വിറ്റു. സ്വന്തം സ്ഥലവും വീടും വിറ്റ് ബാധ്യത തീ൪ക്കാൻ ബ്ളേഡ് പലിശക്കാ൪ സമ്മതിക്കുന്നില്ലെന്നും ഇതിന് സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകി. ഇതിന് മുന്നോടിയായി വയനാട് ജില്ലാ പൊലീസ് ചീഫിനും  നിവേദനം നൽകി. എന്നാൽ തങ്കച്ചൻ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് ചീഫ് കോടതിയെ അറിയിച്ചു. ഇതിനാൽ ഹൈകോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചില്ല. ഇതിനിടയിൽ നൂൽപുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറിൻെറ നേതൃത്വത്തിൽ മധ്യസ്ഥ ച൪ച്ച നടന്നു. എന്നാൽ സ്ഥലം സംബന്ധിച്ച് അസത്യം പ്രചരിപ്പിച്ചതിനാൽ മധ്യസ്ഥശ്രമങ്ങളിൽ നിന്ന് ഇയാൾ വിട്ടുനിന്നു.
ശരിയായ രീതിയിൽ പൊലീസ് അന്വേഷണം നടത്തിയാൽ സത്യാവസ്ഥ ബോധ്യപ്പെടും. വീടും സ്ഥലവും വിറ്റ് എല്ലാവരുടെയും കടബാധ്യത തീ൪ക്കാനും തയാറാണ്. പക്ഷേ, ഇതിന് ബ്ളേഡ് പലിശക്കാ൪ സമ്മതിക്കുന്നില്ലെന്നും   നീതി കിട്ടുംവരെ കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം തുടരുമെന്നും തങ്കച്ചൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.