കാവുമന്ദം: തരിയോട്ടെയും പരിസര പ്രദേശങ്ങളിലെയും രൂക്ഷമായ കാട്ടാനശല്യം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാ൪ പടിഞ്ഞാറത്തറ-കൽപറ്റ റോഡ് കാവുമന്ദം ടൗണിൽ തടഞ്ഞു. വ്യാഴാഴ്ച രാവിലെ തുടങ്ങിയ സമരം ഉച്ചക്ക് 12 മണിവരെ നീണ്ടു. സ്കൂൾ സമയം കഴിഞ്ഞാണ് സമരം ആരംഭിച്ചത്.
ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ പെരുവഴിയിലായി. സെൻറ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോണി ഉദ്ഘാടനം ചെയ്തു. തരിയോട് പഞ്ചായത്ത് പ്രസിഡൻറ് എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീന൪ കെ.എൻ. ഗോപിനാഥൻ സ്വാഗതവും ചെയ൪മാൻ കെ.എസ്. ബേബി നന്ദിയും പറഞ്ഞു. ഡി.എഫ്.ഒ ചുമതലപ്പെടുത്തിയ പ്രകാരം കൽപറ്റ റെയ്ഞ്ച് ഓഫിസ൪ സ്ഥലത്തെത്തി നാട്ടുകാരുമായി ച൪ച്ച നടത്തിയതിനു ശേഷമാണ് സമരം പിൻവലിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12ന് കലക്ടറുടെ ചേംബറിൽ സമര സമിതിയുമായി ച൪ച്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കാൻ ധാരണയായി. ആഴ്ചകളായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. വീടുകൾക്കും ഭീഷണിയായതോടെയാണ് നാട്ടുകാ൪ സമരത്തിനിറങ്ങിയത്. പാറത്തോടു മുതൽ 11ാം മൈൽ വരെയുള്ള 17 കിലോമീറ്ററോളമാണ് കാട്ടാനശല്യം അതിരൂക്ഷം. കഴിഞ്ഞ ദിവസം 11ാം മൈലിൽ ഇറങ്ങിയ ആന കറുത്തേടത്ത് മാത്യുവിൻെറ തൊഴുത്തും മൂന്നുതൊടി ജോസഫിൻെറ ജലസംഭരണിയും തക൪ത്തു. തൊഴുത്തിൻെറ ഓടുകൾ വീണ് പശുക്കൾക്ക് പരിക്കേറ്റു. കിലോമീറ്ററുകൾ സഞ്ചരിച്ച ആന നിരവധി പേരുടെ കൃഷിയും നശിപ്പിച്ചു. കറുത്തേടത്ത് ജോസഫ്, തറപ്പിൽ ജെയ്മോൻ, തുരുത്തിയിൽ അശോകൻ, മഞ്ജുമല ജെയിംസ്, കെ.എൻ. ഗോപിനാഥൻ, ജോ മാത്യു, ജോളി എന്നിവരുടെ കൃഷികൾ നശിച്ചിട്ടുണ്ട്. പുറത്തിറങ്ങി നടക്കാൻ പോലും പ്രദേശവാസികൾ പേടിക്കുകയാണ്.
കാട്ടാന ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാ൪ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരത്തിനിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.