ശ്രീകണ്ഠപുരം-തളിപ്പറമ്പ് റൂട്ടില്‍ ബസ് സമരം പൂര്‍ണം

ശ്രീകണ്ഠപുരം: കോടികൾ മുടക്കി കെ.എസ്.ടി.പി റോഡുയ൪ത്തൽ നടത്തുന്ന തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിലെ ചെങ്ങളായി-പരിപ്പായി ഭാഗത്ത് ചളിക്കുളമായിട്ടും അറ്റകുറ്റപ്പണി നടത്താതെ പാതിവഴിക്ക് പണിനി൪ത്തിയതിൽ പ്രതിഷേധിച്ച് തുടങ്ങിയ സ്വകാര്യ ബസ് സമരം പൂ൪ണം. കഴിഞ്ഞ ഫെബ്രുവരിയിൽ റോഡുയ൪ത്തൽ തുടങ്ങിയിട്ടും ഇഴഞ്ഞുനീങ്ങിയതിനാൽ മഴക്കാലമായതോടെ റോഡിൽ ചളിപ്രളയമായി മാറി. നിറയെ കുഴികളും ചളിയും നിറഞ്ഞ റോഡിൽ നരകയാത്ര പതിവായിട്ടും കരാറുകാരും പി.ഡബ്ള്യു.ഡിയും കെ.എസ്.ടി.പി അധികൃതരും തികഞ്ഞ അനാസ്ഥയിലാണ്. ചളികാരണം കാൽനടയടക്കം ദുരിതത്തിലാണ്. 
ബസുകളും മറ്റ് വാഹനങ്ങളും ചളിയിൽ വീണ് അപകടം പതിവായി. കഴിഞ്ഞ 16 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും കലക്ടറും ആ൪.ഡി.ഒയും ഇടപെടുകയും കരാറുകാരൻ ചെങ്ങളായി റോഡിൽ കരിങ്കൽ ചീളുകളും കോൺക്രീറ്റ് പൊടികളും വിതറുമെന്ന് ഉറപ്പ് നൽകിയതിനെയും തുട൪ന്ന് ബസുടമകൾ സമരം പിൻവലിച്ചു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാതെ വന്നതോടെയാണ് ബുധനാഴ്ച മുതൽ അനിശ്ചിതകാല സമരത്തിന് ഉടമകളും തൊഴിലാളി യൂനിയനുകളും തയാറായത്.
ബസ് സമരത്തെ തുട൪ന്ന് മലയോരമേഖല പൂ൪ണമായും ഒറ്റപ്പെട്ടു. തളിപ്പറമ്പ്-ശ്രീകണ്ഠപുരം റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിയില്ല. ശ്രീകണ്ഠപുരം, ചെങ്ങളായി, പരിപ്പായി, നിടുവാലൂ൪, വളക്കൈ, പയ്യാവൂ൪, ചന്ദനക്കാംപാറ, പൈസക്കരി, വഞ്ചിയം, അരീക്കാമല, ചെമ്പേരി, കുടിയാന്മല, ഇരിക്കൂ൪, മലപ്പട്ടം, പടിയൂ൪, മയ്യിൽ മേഖലകളിലൊന്നും ബസ് സ൪വീസുണ്ടായില്ല. സ്കൂളുകളിലും സ൪ക്കാ൪ ഓഫിസുകളിലും ഹാജ൪നില കുറവായിരുന്നു. തളിപ്പറമ്പിൽനിന്നും പയ്യാവൂ൪-ചെമ്പേരി ഭാഗങ്ങളിലേക്ക് നാമമാത്രമായി കെ.എസ്.ആ൪.ടി.സി ബസ് ചുഴലി-ചെമ്പന്തൊട്ടി വഴി സ൪വീസ് നടത്തിയെങ്കിലും ജനങ്ങൾക്ക് ഗുണകരമായില്ല. ബസ് സമരത്തെ തുട൪ന്ന് മലയോരത്തെ പ്രദേശങ്ങളാകെ ഒറ്റപ്പെടുകയും ജനം ദുരിതത്തിലാവുകയും ചെയ്തിട്ടും കെ.എസ്.ടി.പി എൻജിനീയ൪മാരോ പി.ഡബ്ള്യു.ഡി അധികൃതരോ കരാ൪ കമ്പനിക്കാരോ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ജില്ലാ ഭരണകൂടവും എം.എൽ.എമാരും മന്ത്രിമാരും ഇടപെടാത്തതിലും നാട്ടുകാ൪ക്ക് പ്രതിഷേധമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT