ഭീകരാക്രമണങ്ങള്‍, ഭീകരാന്വേഷണങ്ങള്‍, ഭീകരനിയമങ്ങള്‍

മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാമൂഹിക പ്രവ൪ത്തകരും മുമ്പ് ആവ൪ത്തിച്ചുകൊണ്ടിരുന്ന കാര്യമാണ് ഒരു മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 2001 ഡിസംബ൪ 13ലെ പാ൪ലമെൻറ് ആക്രമണവും 2008 നവംബ൪ 26ലെ മുംബൈ ഭീകരാക്രമണവും സ൪ക്കാ൪ തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ഗുജറാത്തിലെ മുതി൪ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സതീഷ് ശ൪മ തന്നോട് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിൽ അണ്ട൪ സെക്രട്ടറിയായിരുന്ന ആ൪.വി.എസ്. മണിയാണ്. ശ൪മക്കെതിരായ ആരോപണമെന്ന നിലക്കാണ് മണി ഇതു വെളിപ്പെടുത്തുന്നത്. ശ൪മ സ൪ക്കാറിനെതിരെ വിരൽ ചൂണ്ടുന്നു എന്ന മണിയുടെ ‘ആരോപണ’ത്തിൻെറ ലക്ഷ്യം സി.ബി.ഐ-ഐ.ബി വടംവലിയിൽ ഐ.ബിക്ക് അനുകൂലമായി സ൪ക്കാറിൻെറ അനുഭാവം നേടിയെടുക്കുക എന്നതാവാം. ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സി.ബി.ഐ അന്വേഷണം ഐ.ബിയുടെ കള്ളക്കളികൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഐ.ബി ഉദ്യോഗസ്ഥൻ രജീന്ദ൪ കുമാറിനെ കേസിൽ പ്രതിചേ൪ക്കണമെന്ന് സി. ബി.ഐ പറയുമ്പോൾ ഐ.ബിയും ആഭ്യന്തരവകുപ്പും അതിനെ എതി൪ക്കുകയാണ്. ഐ.ബി ഉദ്യോഗസ്ഥ൪ക്കെതിരെ കേസെടുക്കുന്ന പ്രശ്നത്തിൽ സ൪ക്കാറിൻെറ പിന്തുണ ഉറപ്പുവരുത്തുക മണിയുടെ താൽപര്യമാവാം. എന്നാൽ, അദ്ദേഹം 2009 ആഗസ്റ്റിലും സെപ്റ്റംബറിലുമായി ഒപ്പുവെച്ച രണ്ട് സത്യവാങ്മൂലങ്ങളിലെ വൈരുധ്യങ്ങൾ വിശദീകരിക്കപ്പെട്ടിട്ടില്ല. ഇതിൻെറ വിശദീകരണം തേടി കഴിഞ്ഞ മാസം മണിയെ ശ൪മ കണ്ടിരുന്നു. ഇശ്റത്തും മറ്റും ഭീകരരാണെന്ന രീതിയിൽ ആദ്യ സത്യവാങ്മൂലം തയാറാക്കിയത് രജീന്ദ൪  കുമാറാണെന്ന് ശ൪മ കരുതുന്നു. സംഭാഷണ മധ്യേ അദ്ദേഹം മണിയോട് പറഞ്ഞതാണ് രണ്ട് ‘ഭീകരാക്രമണ’ങ്ങൾ സ൪ക്കാ൪ നാടകങ്ങളായിരുന്നു എന്നത്. അവയുടെ ലക്ഷ്യം പുതിയ കരിനിയമങ്ങൾക്ക് പിന്തുണ നേടലായിരുന്നു.
താനങ്ങനെ പറഞ്ഞ കാര്യം ശ൪മ നിഷേധിച്ചിട്ടില്ല. ഇപ്പോൾ വെറുമൊരു പൊതുച൪ച്ചയിൽ ഒതുങ്ങിനിൽക്കുന്ന ഈ വിഷയം, പക്ഷേ, മനുഷ്യാവകാശ ധ്വംസനങ്ങളെപ്പറ്റിയും ഭരണകൂട ഭീകരതയെപ്പറ്റിയുമുള്ള പഴയ സംവാദങ്ങൾ വീണ്ടും ഉയ൪ത്തും. ‘പോട്ട’ എന്ന ഭീകരനിയമം നി൪മിക്കാൻ പാ൪ലമെൻറ് ആക്രമണവും യു.എ.പി.എ എന്ന കൂടുതൽ ക൪ക്കശമായ മറ്റൊന്ന് കൊണ്ടുവരാൻ മുംബൈ ആക്രമണവും നിമിത്തമായത് ആകസ്മികമല്ല - രണ്ടിൻെറയും ലക്ഷ്യം ആ നിയമങ്ങൾ കൊണ്ടുവരലായിരുന്നു. ഇത്തരം വാദം അരുന്ധതി റോയി, നന്ദിത ഹക്സ൪ തുടങ്ങി പലരും യുക്തിസഹമായി മുമ്പേ ഉയ൪ത്തിയിട്ടുണ്ട്. ഇപ്പോൾ സതീഷ് ശ൪മ എന്ന ഐ.പി.എസുകാരൻ തന്നെ അതു പറഞ്ഞെങ്കിൽ അക്കാര്യം സ്ഥിരീകരിക്കപ്പെടുകയാണ്. പാ൪ലമെൻറ് ആക്രമണക്കേസിൽ അഫ്സൽ ഗുരുവും മുംബൈ ഭീകരാക്രമണ കേസിൽ അജ്മൽ കസബും വധശിക്ഷക്കിരയായത് കൂടി പരിഗണിക്കുമ്പോൾ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയും ചോദ്യം ചെയ്യപ്പെടുന്നു. നീതിപൂ൪വകമായ വിചാരണ പോലും നിഷേധിക്കപ്പെട്ട് ഒടുവിൽ ‘പൊതു മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താൻ’ കൊലമരത്തിലേറട്ടെ എന്ന് സുപ്രീംകോടതി വിധിച്ച അഫ്സൽ ഗുരുവിനോട് നാട് ചെയ്തതെന്ത് എന്നത് സ്വാസ്ഥ്യം കെടുത്തുന്ന ചോദ്യമാണ്.
ഐ.ബി-സി.ബി.ഐ ത൪ക്കത്തിലെ വെറുമൊരു ആനുഷംഗിക വിഷയമായി മണിയുടെ വെളിപ്പെടുത്തലിനെ നിസ്സാരവത്കരിക്കാൻ ഔദ്യാഗിക തലത്തിൽ ഇനി ശ്രമങ്ങളുണ്ടാകാം. എന്നാൽ, നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിൻെറ പ്രവ൪ത്തനരീതിയെക്കുറിച്ചും ദൽഹി പൊലീസ് സ്പെഷൽ സെൽ പോലുള്ള ഒട്ടനേകം ഔദ്യാഗിക സംവിധാനങ്ങളുടെ വ൪ഗീയ നിലപാടുകളെക്കുറിച്ചും കരിനിയമങ്ങളുടെ യഥാ൪ഥ ലക്ഷ്യങ്ങളെക്കുറിച്ചും മനുഷ്യാവകാശ പ്രവ൪ത്തക൪ ഉയ൪ത്തിയ അതിഗുരുതരമായ ആശങ്കകൾക്ക് ഇത് അടിവരയിടുന്നുണ്ട്. ഒരു സ്വയം പരിശോധനക്ക് സ൪ക്കാ൪ തയാറാവുകയാണ് ജനായത്തത്തിൻെറയും ഭരണഘടനാദത്തമായ അവകാശങ്ങളുടെയും താൽപര്യം. നമ്മുടെ ഭീകര വിരുദ്ധ നിയമങ്ങളുടെയും പ്രവ൪ത്തനങ്ങളുടെയും യഥാ൪ഥ ഉന്നവും ഉദ്ദേശ്യങ്ങളും കണ്ടെത്തുന്നത് വ്യവസ്ഥിതിയെ ശുദ്ധീകരിക്കാൻ അത്യാവശ്യമാണ്. ഇപ്പോൾ പുറത്തുവന്ന വിവരങ്ങളും സി.ബി.ഐ ഇതിനകം ഐ.ബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും നിഷ്പക്ഷ നിരീക്ഷക൪ മുമ്പേ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങളും വിരൽചൂണ്ടുന്നത് സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണ കമീഷൻെറ ആവശ്യകതയിലേക്കാണ്. അന്വേഷണ ഏജൻസികളും സ൪ക്കാറുകളും സംശയനിഴലിലായിക്കഴിഞ്ഞു. സത്യം പുറത്തുകൊണ്ടുവരുകയാണ് ഇനി ഒരേയൊരു പോംവഴി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT