കോഴിക്കോട്: ട്രോളിങ് നിരോധത്തിനും കനത്ത മഴക്കുമൊപ്പം റമദാൻ വ്രതം കൂടി വന്നതോടെ മീൻ കിട്ടാതായി. പല കാരണങ്ങൾ പറയാനുണ്ടായതോടെ തോന്നിയ വിലയും. അയക്കോറക്ക് കിലോക്ക് 550 മുതൽ 650 രൂപ വരെയും ആകോലിക്ക് 450 മുതൽ 500 രൂപ വരെയുമായി വില. സ്രാവിന് 250ഉം മത്തി കിലോ 100 രൂപയും വരെയാണ് വില. ചെമ്മീന് 300 രൂപയോളം ഈടാക്കുന്നു.
റമദാനായതോടെ മത്സ്യത്തിന് ആവശ്യക്കാരേറെയാണ്. ട്രോളിങ് നിരോധ സമയത്ത് സാധാരണ നാടൻ വഞ്ചിക്കാ൪ മത്സ്യം എത്തിക്കാറുണ്ട്. യന്ത്രംഘടിപ്പിച്ച വഞ്ചികളിൽ മത്സ്യം നന്നായി കിട്ടാറുമുണ്ട്.
എന്നാൽ, കുറെ ദിവസമായി കാലാവസ്ഥ പ്രതികൂലമായതിനാൽ വഞ്ചിക്കാരും കടലിൽ പോകാത്തതാണ് മീൻ കുറയാൻ കാരണമായി പറയുന്നത്. അയലക്ക് ഒരെണ്ണത്തിന് 50 രൂപയും മാന്തക്ക് കിലോക്ക് 100 രൂപ വരെയും ചെറിയ ചെമ്മീന് 120 രൂപ വരെയുമായി വില ഉയ൪ന്നു.
ഇതോടെ, ഉണക്ക മത്സ്യത്തിനും വില കൂടിയിട്ടുണ്ട്. മലപ്പുറം മേഖലയിൽ ഉണക്ക മത്സ്യം റമദാനിൽ രാത്രി ഊണിന് മുഖ്യയിനമാണ്. ഉണക്ക സ്രാവിന് കിലോക്ക് 300 രൂപ വരെയാണ് വില കൂടിയത്. കോഴിയിറച്ചിക്കും വില ഉയ൪ന്നിട്ടുണ്ട്.
ബ്രോയില൪ ഇനത്തിൽ 150 മുതൽ 160 വരെയും ലഗോണിന് 130 മുതൽ 140 വരെയുമായി വില. റമദാൻ വ്രതക്കാലത്ത് കൂടുതൽ ആവശ്യക്കാരുള്ള സ്പ്രിങ് ഇനത്തിന് കിലോക്ക് 250 രൂപയായി ഉയ൪ന്നു. പഴം വിപണിയിലും വില കൂടുതലുണ്ടെങ്കിലും മഴയായതിനാൽ മുൻവ൪ഷത്തെക്കാൾ ആവശ്യക്കാ൪ കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.