മുംബൈ: അധോലോക നേതാവ് ലഖൻഭയ്യ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ 13 പൊലീസുകാരും രണ്ട് പൊലീസ് ചാരന്മാരും ഉൾപ്പെടെ 21 പേ൪ക്ക് ജീവപര്യന്തം തടവ്.
ഇൻസ്പെക്ട൪ പ്രദീപ് സൂര്യവംശി, തനാജി ദേശായ്, ദിലീപ് പലന്തെ എന്നിവരാണ് ജീവപര്യന്തം തടവ് ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരിൽ പ്രമുഖ൪. ഇവ൪ മൂവരും ചേ൪ന്നാണ് വ്യാജ ഏറ്റുമുട്ടൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കോടതി തിങ്കളാഴ്ച കണ്ടത്തെിയിരുന്നു. സെഷൻസ് ജഡ്ജി വി.ഡി. ജാദവേദരാണ് മുംബൈ പൊലീസിന് തിരിച്ചടിയായ വിധി പ്രഖ്യാപിച്ചത്. ശൈലേന്ദ്ര പാണ്ഡെ, അഖിൽ ഖാൻ എന്നവരാണ് ശിക്ഷ വിധിക്കപ്പെട്ട പൊലീസ് ചാരന്മാ൪. ആറ് പേ൪ ലഖൻഭയ്യയെ പിടികൂടാനും വ്യാജ ഏറ്റുമുട്ടലിനും സഹായിച്ച സാധാരണക്കാരാണ്.
2006 നവംബ൪ 11നാണ് ലഖൻഭയ്യ എന്ന രാം നാരായൺ ഗുപ്തയെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. അധോലോക നേതാവ് ഛോട്ടാ രാജൻെറ റിയൽ എസ്റ്റേറ്റ് ബിസിനസിലെ പ്രധാന കണ്ണിയായിരുന്നു ഇയാൾ. ന്യൂമുംബൈയിലെ ഒരു ഹോട്ടലിൽ നിന്ന് സുഹൃത്ത് അനിൽ ഭേഡക്കൊപ്പം പിടിയിലായ ലഖൻ ഭയ്യയെ അന്നു വൈകീട്ട് തന്നെ വ൪സോവയിലെ നാനാ നാനീ പാ൪ക്കിൽ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ലഖൻഭയ്യയുടെ അഭിഭാഷകനായ സഹോദരൻ രാംപ്രസാദ് ഗുപ്തയുടെ ഹരജിയെ തുട൪ന്ന് ബോംബെ ഹൈകോടതി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ജുഡീഷ്യൽ അന്വേഷണത്തിലാണ് ഭയ്യ വ്യാജ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായത്. ന്യൂമുംബൈയിലെ മറ്റൊരു റിയൽ എസ്റ്റേറ്റുകാരൻ ജന്യാ സത്തേ് എന്ന ജനാ൪ദൻ ബാങ്കെക്ക് വേണ്ടി ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശ൪മ ആസൂത്രണം ചെയ്തതാണ് ഏറ്റുമുട്ടലെന്നാണ് പ്രോസിക്യൂഷൻ ആരോപണം. എന്നാൽ, പ്രദീപ് ശ൪മയുടെ പങ്ക് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് ചൂണ്ടിക്കാട്ടി കോടതി അദ്ദേഹത്തെ വെറുതെവിട്ടു.
ഭയ്യയുടെ കൊലപാതകത്തിന് സാക്ഷിയായ സുഹൃത്ത് അനിൽ ഭേഡയെയും പൊലീസ് കൊന്നതായാണ് ആരോപണം. ഈ കേസിലെ വിചാരണ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.