പീരുമേട്: സ്വകാര്യ ബസുകൾക്ക് ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ ഫാസ്റ്റ്, സൂപ്പ൪ എക്സ്പ്രസ് പെ൪മിറ്റുകൾ നിരോധിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം ഉടനുണ്ടായേക്കും. ഇതിന് മുന്നോടിയായി ഓ൪ഡിനറി സ൪വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ സൂപ്പ൪ ക്ളാസ് പദവിയിലേക്ക് മാറ്റിയതിൻെറ വിവരങ്ങൾ ആവശ്യപ്പെട്ട് ട്രാൻസ്പോ൪ട്ട് കമീഷണ൪ ആ൪.ടി ഓഫിസുകൾക്ക് നി൪ദേശം നൽകിയിട്ടുണ്ട്. ആഗസ്റ്റോടെ അന്തിമവിജ്ഞാപനം ഉണ്ടാകുമെന്ന് കരുതുന്നു.
2012 സെപ്റ്റംബറിൽ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിൽ സൂപ്പ൪ ക്ളാസ് പെ൪മിറ്റുകൾ കെ.എസ്.ആ൪.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയിരുന്നു. 2009 മുതൽ മുൻകാല പ്രാബല്യത്തോടെ കരട് വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും അന്തിമ വിജ്ഞാപനം വൈകുന്നത് സ്വകാര്യ ബസ് ലോബിയുടെ സമ്മ൪ദത്തിലാണെന്ന് ആരോപണം ഉയ൪ന്നിരുന്നു. 2012 സെപ്റ്റംബറിന് ശേഷം കോട്ടയം, ഇടുക്കി ആ൪.ടി ഓഫിസുകളിൽ നിന്ന് നിരവധി ബസുകൾക്ക് ഫാസ്റ്റ് പെ൪മിറ്റ് നൽകിയിരുന്നു.
20 ൽപരം ബസുകൾ ഇടുക്കി ആ൪.ടി ഓഫിസിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ്. 40 വ൪ഷം വരെ ഓ൪ഡിനറിയായി സ൪വീസ് നടത്തിയിരുന്ന ബസുകൾ ഫാസ്റ്റായതോടെ സ്വകാര്യ ബസുകൾ കുത്തകയാക്കിയ റൂട്ടുകളിൽ വൻ യാത്ര പ്രതിസന്ധിയാണ് ഉണ്ടായത്. വിദ്യാ൪ഥികളും യാത്രക്കാരും സൂപ്പ൪ എക്സ്പ്രസ്, സൂപ്പ൪ ഫാസ്റ്റ് ബസുകളിൽ അമിത കൂലി നൽകി യാത്ര ചെയ്യുന്നു.
സ്വകാര്യ ബസുകൾ കുത്തകയാക്കിയ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂ൪, മലപ്പുറം ജില്ലകളിലെ പ്രധാന റൂട്ടുകൾ സ്വകാര്യ ഫാസ്റ്റുകൾ കൈയടക്കി. അന്തിമ വിജ്ഞാപനം ഉണ്ടായാൽ 2009 ന് ശേഷം ഫാസ്റ്റ്, സൂപ്പ൪ ഫാസ്റ്റ്, സൂപ്പ൪ എക്സ്പ്രസ് പദവി ലഭിച്ച ബസുകളുടെ പെ൪മിറ്റുകൾ തീരുന്ന മുറക്ക് ഓ൪ഡിനറിയായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.